വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞിനും ശീത കാറ്റിനും വരുംദിവസങ്ങളിൽ  ശമനമുണ്ടായേക്കുമെന്ന് സൂചന. ജനുവരി ഒന്നുമുതൽ കിഴക്കൻ പ്രദേശങ്ങളിൽ  നിന്നും ഉഷ്ണകാറ്റ് വീശിയടിക്കുന്നതിനെത്തുടർന്നാണ് താപനില ഉയരുന്നത്.

അടുത്ത അഞ്ചു ദിവസങ്ങളിൽ  വടക്കൻ സംസ്ഥാനങ്ങളിൽ തണുപ്പിന് കുറവുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വടക്കൻ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലെയും ട്രെയിൻ സർവീസുകളും വിമാന സർവീസുകളും തടസ്സപ്പെട്ടിരുന്നു. 

ഡൽഹി എൻസിആർ പ്രദേശത്ത് കനത്ത മേഘപാളികൾ മൂടിയിരുന്നതിനാൽ സൂര്യപ്രകാശം ഭൂമിയിലേക്കു പതിച്ചിരുന്നില്ല. എന്നാൽ ഇവ നീങ്ങി തുടങ്ങിയതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ തലവനായ കുൽദീപ് ശ്രീവാസ്തവ അറിയിച്ചു. വരും ദിവസങ്ങളിലെ താപനില 18- 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Relief From Cold Wave Expected Over North India