മോഹൻലാൽ പറയുന്നു: ഇത് അവിശ്വസനീയം. കോഴിക്കോട് പുതിയങ്ങാടിയിൽ നിന്നുള്ള ബാലാജി എന്ന ബോട്ടിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും എന്റെ ബിഗ് സല്യൂട്ട്. എല്ലാം പുറത്തേക്കു വലിച്ചെറിയുന്നവരുടെ നെഞ്ചിലേക്കാണവർ വാക്കുകൾ വലിച്ചെറിഞ്ഞത്. ശരിക്കും പൊള്ളുന്ന വാക്കുകൾ... 

കോഴിക്കോട് പുതിയങ്ങാടിയിൽ നിന്നു കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ സമൂഹമാധ്യമത്തിൽ നൽകിയ സന്ദേശത്തോടാണ് ലാൽ പ്രതികരിച്ചത്.കടലിൽ പോയപ്പോൾ ഭക്ഷ്യവസ്തുക്കളും മറ്റും കൊണ്ടുപോയ പ്ലാസ്റ്റിക് പായ്ക്കറ്റുകൾ കടലിലേക്കു വലിച്ചെറിയാതെ  തിരിച്ചുകൊണ്ടുവരുന്നതാണു തൊഴിലാളികൾ പങ്കുവച്ച വിഡിയോയിലുള്ളത്. 

ശേഖരിച്ചുവച്ച പായ്ക്കറ്റുകൾ കാണിച്ച് അവർ പറയുന്നു: ‘ഞങ്ങൾ പൊന്നുപോലെ നോക്കുന്ന കടലാണിത്. നിങ്ങൾ അടുത്ത തോട്ടിലേക്കും പുഴയിലേക്കും എറിയുന്ന പ്ലാസ്റ്റിക് പായ്ക്കറ്റുകൾ എത്തുന്നത് ഈ കടലിലാണ്. മത്സ്യത്തിന്റെ വയറ്റിൽ വരെ പ്ലാസ്റ്റിക് പായ്ക്കറ്റുകളാണ്. ഞങ്ങൾ ബോട്ടുകാർ പപ്പടത്തിന്റെ കവർ പോലും കടലിൽ കളയാതെ തിരിച്ചുകൊണ്ടുവന്നു ഹാർബറിലെ മാലിന്യത്തൊട്ടിയിലിടും.