ആഗോളതാപനം നിമിത്തമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം മൂലം പ്രകൃതിദത്തമായ ആവാസസ്ഥലം നഷ്ടപ്പെട്ട ജീവജാലങ്ങൾ നിരവധിയാണ്. ഇതിൻറെ പരിണിതഫലമായി വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വിളിച്ചറിയിച്ചുകൊണ്ട് ഇപ്പോൾ ചൈനയിലെ കൊമ്പൻ സ്രാവുകൾക്ക് വംശനാശം സംഭവിച്ചതായുള്ള സ്ഥിരീകരണമാണ് പുറത്തു വരുന്നത്.

ചൈനയിലെ യാങ്‌സെ നദിയിലാണ് കൊമ്പൻ സ്രാവുകൾ പ്രധാനമായും കാണപ്പെട്ടിരുന്നത്. ലക്ഷക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്ന ഈ മത്സ്യം വർഗം  ശുദ്ധജലത്തിൽ ജീവിക്കുന്ന ഏറ്റവും വലിയ മത്സ്യങ്ങളിൽ ഒന്നായിരുന്നു. 23 അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക്  450 കിലോഗ്രമോളം ഭാരവുമുണ്ടായിരുന്നു. ഏറ്റവും അവസാനമായി കൊമ്പൻ സ്രാവിനെ കണ്ടെത്തിയത്  2003ലാണ് എന്ന് ചൈനയിലെ ഫിഷറീസ് വിദഗ്ധർ പറയുന്നു. 

അതിനുശേഷം ജലസ്രോതസ്സുകളിൽ എവിടെയെങ്കിലും കൊമ്പൻ സ്രാവുകളുണ്ടോ എന്നറിയാനായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. 2005 നും 2010നും ഇടയിൽ ഉള്ള കാലയളവിൽ  ചൈനയിലെ കൊമ്പൻ സ്രാവുകൾ പൂർണ്ണമായും ഇല്ലാതായിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. 

1970-കളുടെ അവസാനം വരെ യാങ്സെ നദിയിൽ ഏറ്റവും സാധാരണയായി കാണപ്പെട്ടിരുന്ന ഒരു മത്സ്യ വിഭാഗമായിരുന്നു കൊമ്പൻ സ്രാവുകൾ. ആവാസസ്ഥലം നഷ്ടപ്പെടുകയും മത്സ്യബന്ധനം ശക്തി പ്രാപിക്കുകയും ചെയ്തതോടെ ക്രമേണ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നു. 1980ൽ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കൊമ്പൻ സ്രാവുകൾ 2009 ൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു.

English Summary: Chinese Swordfish Has Been Officially Declared Extinct