സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് ഓരോ പ്ലാസ്റ്റിക് വസ്തുക്കൾക്കു പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് നിർദേശം നൽകി.

നിർദേശങ്ങൾ ഇങ്ങനെ

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു പകരം തുണി, പേപ്പർ ബാഗുകൾ. ഭക്ഷണം വിളമ്പുമ്പോൾ മേശയിലും പാത്രത്തിലുമുള്ള ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വിരിക്കു പകരം പേപ്പർ വിരി. കനം കുറഞ്ഞ  സ്റ്റിറോഫോം ഉപയോഗിച്ചുള്ള കപ്പുകൾ, തെർമോകോൾ പ്ലേറ്റുകൾ എന്നിവയ്ക്കു ബദലായി ഗ്ലാസ്, സെറാമിക്, സ്റ്റീൽ കപ്പുകൾ, പാത്രങ്ങൾ, പേപ്പർ, ജൈവ രീതിയിലുള്ള ( ചെടികൾ) അലങ്കാരങ്ങൾ എന്നിവ. പ്ലാസ്റ്റിക് നിർമിത ഒറ്റത്തവണ ഉപയോഗ കപ്പുകൾ, പാത്രങ്ങൾ, സ്പൂൺ, ഫോർക്, സ്ട്രോ, സ്റ്റിറർ എന്നിവയ്ക്കു പകരം ഗ്ലാസ്, സെറാമിക്, സ്റ്റീൽ, തടിക്കപ്പുകൾ, സ്ട്രാ, സ്പൂൺ എന്നിവ ഉപയോഗിക്കണം. 

നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടി, തോരണങ്ങൾക്കു പകരം തുണി, പേപ്പർ കൊടിതോരണങ്ങൾ. പഴങ്ങളും പച്ചക്കറികളും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾക്കു പകരം പേപ്പർ, തുണി ബാഗുകൾ. പ്ലാസ്റ്റിക് ആവരണത്തോടു കൂടിയ പേപ്പർ കപ്പുകൾ, പാത്രങ്ങൾ, ബൗളുകൾ, ബാഗുകൾ എന്നിവയ്ക്കു പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റോടു കൂടിയ പിഎൽഎ. കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ ഉപയോഗിക്കാം. 

ആശുപത്രികളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗാർബിജ് ബാഗുകൾക്ക് പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റുള്ള കംപോസ്റ്റബിൾ ഗാർബിജ് ബാഗുകൾ. കംപോസ്റ്റബിൾ പ്ലാസ്റ്റിക്കുകളെ സംബന്ധിച്ചും കൃത്യമായ മാർഗനിർദേശമുണ്ട്. കംപോസ്റ്റബിൾ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടിയിരിക്കണം. 

നിർമാണം, വിൽപന, സ്റ്റോക്കിങ്, വിപണനം എന്നീ ഘട്ടങ്ങളിലെല്ലാം ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് സാധുവായിരിക്കണം. ഉൽപന്നത്തിൽ  നിർമാണ കമ്പനിയുടെ പേര്, വിപണന ഏജൻസി, അസംസ്‌കൃത വസ്തുക്കൾ, നിർമാണത്തീയതി, ബാച്ച് നമ്പർ, ലൈസൻസ് നമ്പർ കാലാവധി എന്നീ വിവരങ്ങളടങ്ങിയ സിപിസിബി യുടെ അനുമതി ക്യൂ. ആർ കോഡിൽ രേഖപ്പെടുത്തിയിരിക്കണം. 

സമ്പൂർണ കംപോസ്റ്റബിൾ ഉൽപന്നമാണെന്ന് ഇംഗ്ലിഷിലും മലയാളത്തിലും രേഖപ്പെടുത്തിയിരിക്കണം. ഉൽപന്നം ഡൈക്ലോറോമീഥെയ്നിൽ (മെഥിലീൻ ഡൈക്ലോറൈഡ്്) ലയിക്കുന്നതായിരിക്കണം. ഇതു കവറിനു മുകളിൽ രേഖപ്പെടുത്തുകയും വേണം.

English Summary: Alternatives To Disposable Plastic Items