ഫാരോ ദ്വീപിലെ പാറക്കൂട്ടങ്ങൾക്കു മുകളിലൂടെ കാഴ്ചകൾ കണ്ടു നടക്കുകയായിരുന്നു സമി ജേക്കബ്സൺ  എന്ന വ്യക്തി. പെട്ടെന്നാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. കടലിൽ നിന്നും ഒരു സ്തൂപം കണക്കെ വെള്ളം മുകളിലേക്കുയർന്നു പാറക്കെട്ടുകളിൽ പതിക്കുന്നു. കടലിലെ ചുഴി പോലെ കറങ്ങി ഉയർന്നുപൊങ്ങുന്ന വെള്ളത്തിന്റെ ദൃശ്യം ഉടൻ തന്നെ അദ്ദേഹം ക്യാമറയിൽ പകർത്തി.

ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയതോടെ ഇതിന്റെ വിശദീകരണവുമായി കാലാവസ്ഥാ വിദഗ്ധരുമെത്തി. വേഗത്തിൽ വീശിയടിക്കുന്ന കാറ്റ് പാറക്കൂട്ടങ്ങളുടെ അരികുകളിൽ തട്ടുമ്പോൾ വായുവിനെ ചലനം വൃത്താകൃതിയിലായി മാറാറുണ്ട്. ഇതിന്റെ ഫലമായി ജലവും അതേ ആകൃതിയിൽ വായുവിനൊപ്പം തിരിയും. എന്നാൽ സാധാരണയായി ഉണ്ടാകുന്ന ഇത്തരം നീർച്ചുഴി സ്തംഭങ്ങളിൽ വെള്ളത്തിൻറെ സാന്നിധ്യം താരതമ്യേന കുറവായിരിക്കും. കാരണം ഏറെ വെള്ളം വലിച്ചെടുക്കാനുള്ള കഴിവ് ഇത്തരത്തിലുണ്ടാകുന്ന ചുഴലിക്കാറ്റുകൾക്കില്ല എന്നതുതന്നെ.

എന്നാൽ ഫാരോ ദ്വീപിൽ കണ്ട നീർച്ചുഴി സ്തംഭത്തിന്റെ  ദൃശ്യം ഏറെ കൗതുകമുണർത്തുന്നതാണെന്ന് മുതിർന്ന കാലാവസ്ഥാ നിരക്ഷണകനായ ഗ്രെഗ്  ഡ്യൂഹെസ്റ്റ് പറയുന്നു. സമുദ്രത്തിലെ ജലത്തിനു തൊട്ടു മുകളിലായി തന്നെ ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് ഇത്തരമൊരു സ്തംഭം ഉണ്ടാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഫരോ ഐലൻഡിലെ ഈ പ്രദേശത്ത് കനത്ത മഴയും ലഭിക്കുന്നുണ്ട്. ഇതെല്ലാം നീർച്ചുഴി സ്തംഭത്തിൽ കൂടുതൽ ജലമെത്തുന്നതിനു കാരണമായി.

English Summary: Incredible Footage Shows Water Flowing Upwards