വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ തിമിംഗലങ്ങളെ സംരക്ഷിക്കാൻ ബഹിരാകാശ മാർഗം തേടുകയാണ് ഗവേഷകർ. തിമിംഗലങ്ങളുടെ സംരക്ഷണം മെച്ചപ്പെടുത്താനായി ന്യൂ ഇംഗ്ലണ്ട് അക്വേറിയവും ഡ്രാപ്പർ എന്ന എൻജിനീയറിങ് കമ്പനിയും ചേർന്നാണ് അതിനൂതന ബഹിരാകാശ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നത്.

സാറ്റ്െലറ്റുകൾ, സോണാറുകൾ, റഡാറുകൾ എന്നിവയുടെ സഹായത്തോടെ തിമിംഗലങ്ങളുടെ എണ്ണം നിരന്തരം നിരീക്ഷിക്കാനാണ് പദ്ധതി. 'കൗണ്ടിങ് വെയിൽസ് ഫ്രം സ്പേസ്' എന്നാണ് പദ്ധതി നാമകരണം ചെയ്തിരിക്കുന്നത്. എന്നാൽ പേര് പോലെ അത്ര ലളിതമല്ല ബഹിരാകാശത്തു നിന്നും തിമിംഗലങ്ങളുടെ എണ്ണം എടുക്കുന്ന പദ്ധതിയെന്ന് ഡ്രാപ്പറിലെ പ്രധാന  ഡേറ്റാ അനലിസ്റ്റ് ഗവേഷകനായ ജോൺ ഇർവിൻ പറയുന്നു.

തിമിംഗലങ്ങൾ കൂട്ടമായി ഒരു പ്രദേശത്തു നിന്നും മറ്റൊന്നിലേക്കു പലായനം ചെയ്യുന്നതിനുള്ള കാരണങ്ങളും മറ്റും കണ്ടെത്താൻ ബഹിരാകാശ സഹായത്തോടെ ഉള്ള വിവരശേഖരണത്തിലൂടെ സാധിക്കും. തിമിംഗലങ്ങൾ എവിടെയാണുള്ളതെന്നു കണ്ടെത്താൻ യൂറോപ്യൻ സ്പേസ് ഏജൻസികൾ മുതൽ വിനോദ പരിപാടികൾക്കായുള്ള റേഡിയോ  ഓപ്പറേറ്റർമാരിൽ നിന്നുവരെ വിവരം ശേഖരിക്കാനാണ് പദ്ധതി.ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിമിംഗലങ്ങളുടെ സംരക്ഷണങ്ങൾക്കായി സ്ഥാപിതമായ സംഘങ്ങൾക്ക് അവയെ കൃത്യമായി നിരീക്ഷിക്കാനാവും.

ന്യൂ ഇംഗ്ലണ്ട് അക്വേറിയവും ഡ്രാപ്പർ കമ്പനിയും സംയുക്തമായി ഒരു മില്യൻ ഡോളറാണ് പദ്ധതിക്കായി ചെലവിടുന്നത്.ആഗോള തലത്തിൽ തിമിംഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് ജോൺ ഇർവിൻ പറയുന്നു. 

ലോകമെമ്പാടുമുള്ള തിമിംഗലങ്ങളുടെ  നിരീക്ഷണാർഥമാണ് പുതിയ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെങ്കിലും പ്രധാന ശ്രദ്ധ പതിപ്പിക്കുന്നത്  ന്യൂ ഇംഗ്ലണ്ടിനു സമീപമുള്ള സമുദ്ര പ്രദേശത്തായിരിക്കും. ഈ പ്രദേശത്തെ തിമിംഗലങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. തിമിംഗലങ്ങളുടെ സംരക്ഷണത്തിന് പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും മോശമായ കാലാവസ്ഥയിൽ ബഹിരാകാശ സാങ്കേതിക സംവിധാനങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് ശാസ്ത്രജ്ഞരുടെ പ്രധാന ആശങ്ക.

English Summary: Counting whales from space