പത്തു വർഷം മുൻപത്തെ കണക്കനുസരിച്ച് ലോകമെമ്പാടും ഏകദേശം 2.5 ലക്ഷം ടൺ ആണവമാലിന്യം സംഭരിക്കപ്പെട്ടിട്ടുണ്ടെന്നാണ്. ജപ്പാനിലാണ് ഏറ്റവും കൂടുതൽ റേഡിയോ ആക്ടീവ് മാലിന്യം– ഏകദേശം 17,000 ടൺ. 2019 വരെയുള്ള കണക്ക് പ്രകാരം യുഎസിൽ ഒരു ലക്ഷം മെട്രിക് ടണ്ണിനടുത്ത് ആണവമാലിന്യമുണ്ട്. പ്രത്യേക കണ്ടെയ്നറുകളിലാക്കി ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുകയാണു മാലിന്യത്തിലേറെയും. ഒരിക്കലും പുറത്തേക്കു വരാത്ത വിധമാണ് കണ്ടെയ്നറുകളിൽ ഇവ ‘തളയ്ക്കപ്പെട്ടിരിക്കുന്നതെന്നും’ കരുതുന്നു. പക്ഷേ അതെല്ലാം വെറും സങ്കൽപം മാത്രമാണെന്നാണു പുതിയ റിപ്പോർട്ട്. നേരത്തേ കരുതിയിരുന്നത്ര ആയുസ്സ് പോലും ഇത്തരം കണ്ടെയ്നറുകൾക്കില്ലത്രേ! 

മുൻപു കരുതിയിരുന്നതിനേക്കാളും വേഗത്തിലാണ് കണ്ടെയ്നറുകളുടെ പുറംപാളി ദ്രവിക്കുന്നത്. മാലിന്യം പുറത്തുവന്നാൽ കാത്തിരിക്കുന്നതാകട്ടെ വൻ പാരിസ്ഥിതിക നാശവും. അടുത്ത ഏതാനും ദശകങ്ങൾക്കകം യുഎസിലെ റേഡിയോ ആക്ടീവ് മാലിന്യത്തിന്റെ അളവ് 1.4 ലക്ഷം മെട്രിക് ടണ്ണിലെത്തുമെന്നാണു കരുതുന്നത്. മിക്കയിടത്തും മാലിന്യം അവ ഉൽപാദിപ്പിക്കപ്പെടുന്നയിടത്തു തന്നെയാണു നിർമാർജനം ചെയ്യുന്നതും. യുഎസിൽ 35 സ്റ്റേറ്റുകളിലായി 80 ഇടത്ത് ഇത്തരം മാലിന്യ സംഭരണ കേന്ദ്രങ്ങളുണ്ട്. ഒരുതരത്തിലും പുനരുപയോഗിക്കാനാകാത്ത മാലിന്യമാണ് ഇവിടങ്ങളിൽ കെട്ടിക്കിടക്കുന്നതും. 

കിഴക്കൻ ഫ്രാൻസിലെ ആണവമാലിന്യ നിർമാർജന കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച.

യുഎസിലെ മാത്രം മാലിന്യമെടുത്താൽ ഒരു ഫുട്ബോൾ മൈതാനത്ത് ഏകദേശം 20 മീറ്റർ ആഴത്തിൽ വരെ നിറയ്ക്കാനുള്ളത്രയുണ്ടാകുമെന്നും യുഎസ് ഗവ. അക്കൗണ്ടബിലിറ്റി ഓഫിസ് റിപ്പോർട്ടില്‍ പറയുന്നു. പല ലോകരാജ്യങ്ങളും എവിടെയാണ് ആണവമാലിന്യം സൂക്ഷിച്ചിരിക്കുന്നതെന്ന വിവരം പോലും പുറത്തുവിടാറില്ല. അത്തരം രഹസ്യകേന്ദ്രങ്ങളും ഏറെ. ആണവമാലിന്യം ഒഴിവാക്കുന്നതിന് 1982 മുതൽ കോടിക്കണക്കിനു ഡോളറാണ് യുഎസ് ചെലവിട്ടിരിക്കുന്നത്. ദീർഘകാലത്തേക്ക്, സുരക്ഷിതമായി മാലിന്യം സൂക്ഷിക്കാനുള്ള വഴിയായിരുന്നു പ്രധാനമായും തേടിയത്. അങ്ങനെ തയാറാക്കിയ സാങ്കേതികതയിലാണ് കണ്ടെയ്നറുകളിൽ ഇപ്പോൾ മാലിന്യം അടച്ചിരിക്കുന്നതും. 

ചില പ്രത്യേക വസ്തുക്കൾ ചേർത്തു രാസപ്രക്രിയയിലൂടെ ഗ്ലാസിന്റെയോ സെറാമിക്സിന്റെയോ രൂപത്തിലേക്കു മാറ്റിയാണ് ലോഹ കണ്ടെയ്നറുകളിൽ മാലിന്യം സൂക്ഷിക്കുന്നത്. ഇവ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുഴിച്ചിടുകയാണു പതിവ്. മാലിന്യമായതിനാൽത്തന്നെ റേഡിയോ ആക്ടിവിറ്റിയുടെ കാര്യത്തിൽ ഏറെ അപകടകാരികളാണിവ. യുഎസിലെ നെവാഡയിലുള്ള യുക്ക പർവതത്തോടു ചേർന്നും റേഡിയോ ആക്ടീവ് മാലിന്യ സംഭരണ കേന്ദ്രത്തിനു നീക്കം നടക്കുന്നുണ്ട്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അതാണു പഠനവിധേയമാക്കിയത്. അവർ റേഡിയോ ആക്ടീവ് മാലിന്യം ശേഖരിച്ച്, കണ്ടെയ്നറിലാക്കി യുക്കയിലെ അന്തരീക്ഷ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് 30 ദിവസം നിരീക്ഷിച്ചു. 

ഭൂഗർഭജലവുമായി ചേരുമ്പോൾ ഗ്ലാസും സെറാമിക്സും കണ്ടെയ്നറിലെ സ്റ്റീലുമായി രാസപ്രക്രിയ നടത്തുന്നതായി കണ്ടെത്തി, അതുവഴി അതിവേഗം ലോഹദ്രവീകരണവും സംഭവിക്കുന്നു. 30 ദിവസത്തിനകം കണ്ടെയ്നറിലെ ചിലയിടത്തു വിള്ളലുകൾ വരെയുണ്ടായി. നിലവിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ഈ കണ്ടെയ്നർ സംഭരണ സംവിധാനങ്ങളില്‍ വിള്ളലുകളുണ്ടായി മാലിന്യം ചോർന്നിരിക്കാനും സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. രഹസ്യ സംഭരണകേന്ദ്രങ്ങളിലെ കാര്യമാകട്ടെ പുറംലോകം അറിയുന്നതു കൂടിയില്ല. ഭൂഗർഭജലവുമായി ചേരാതിരിക്കുക എന്നതാണ് ഇതു തടയാനുള്ള പ്രധാന വഴി. എന്നാൽ കാലാവസ്ഥാ മാറ്റങ്ങൾ ശക്തമായതിനാൽ ജലത്തിന്റെ വരവ് മുൻകൂട്ടി കണ്ടെത്താൻ പോലുമാകാത്ത അവസ്ഥയും. ഈ സാഹചര്യത്തിൽ ആണവമാലിന്യ സംഭരണത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. 

English Summary: The containers the U.S. plans to use for nuclear waste storage may corrode