നോര്‍വെയിലെ സ്വാല്‍ബാര്‍ഡിലുള്ള ലോകാവസാന നിലവറ അതിജീവനത്തിനായുള്ള അനിവാര്യമായ സൂക്ഷിപ്പാണ്. ആഗോളതാപനമോ മറ്റെന്തെങ്കിലും വിപത്തോ ഭൂമിയുടെ നിലവിലെ സാഹചര്യങ്ങള്‍ തകര്‍ത്തെറിഞ്ഞാല്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവിവര്‍ഗങ്ങള്‍ക്കെല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നാല്‍ ഈ നിലവറയായിരിക്കും ആശ്രയം. അതുകൊണ്ട് വിത്തുകളും ജീനുകളും ഉള്‍പ്പടെയുള്ള പലതും ഇപ്പോഴും ഈ നിലവറയില്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതാപനം ഈ നിലവറയുടെ നിലനില്‍പ്പിനു പോലും ഭീഷണിയാകുന്ന സ്ഥിതിയുണ്ടെങ്കിലും ഇപ്പോഴും ഇവിടേക്ക് സൂക്ഷിക്കാനായെത്തിക്കുന്ന വസ്തുക്കളുടെ അളവ് കുറഞ്ഞിട്ടില്ല.

അമേരിക്കയിലെ റെഡ് ഇന്ത്യന്‍സ് എന്നറിയപ്പെടുന്ന പ്രാദേശിക ഗോത്രവര്‍ഗങ്ങള്‍ പരമ്പരാഗത വിത്ത് വര്‍ഗങ്ങളുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ്. വെള്ളക്കാരായ അധിനിവേശക്കാര്‍ കൊന്നൊടുക്കി ഏതാണ്ട് നാമാവശേഷമായ അവസ്ഥയിലായിരുന്നു ഒരുകാലത്ത് അമേരിക്കയിലെ ഗോത്രവര്‍ഗങ്ങളെല്ലാം. ഇന്ന് തിരിച്ചുവരവിന്‍റെ പാതയിലാണെങ്കിലും ഒരിക്കല്‍ ചതിക്കപ്പെട്ടതിനാല്‍ തങ്ങളുടെ അറിവുകളും മറ്റും പങ്കുവയ്ക്കാനുള്ള വിശ്വാസം ഇന്നും ഈ ഗോത്രവര്‍ഗങ്ങളില്‍ പെട്ട പുതുതലമുറയ്ക്കു പോലും വന്നിട്ടില്ല.

ഈ സാഹചര്യത്തിലാണ് ചെറോകി ഗോത്രത്തിന്‍റെ തീരുമാനം നിര്‍ണായകമാകുന്നത്. പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന അപൂര്‍വ വിത്തിനങ്ങളുടെ ഒരു ഭാഗമാണ് ഈ ഗോത്രവര്‍ഗക്കാര്‍ ലോകാവസാന നിലവറയിലേക്ക് കൈമാറിയത്. ഇത്തരത്തില്‍ പങ്കുവയ്ക്കലിന് തയാറാകുന്ന ആദ്യ അമേരിക്കന്‍ ഗോത്രവര്‍ഗമാണ് ചെറോകികള്‍. ഹെയര്‍ലൂം എന്നറിയപ്പെടുന്ന ഉരുളക്കിഴങ്ങ് വര്‍ഗത്തില്‍ പെട്ട അപൂര്‍വമായ വിത്തുകളും  ചെറോകികള്‍ കൈമാറിയതില്‍ ഉള്‍പ്പെടുന്നു. ഹെയര്‍ലൂം ഉള്‍പ്പെടെ ഒന്‍പത് വിത്തിനങ്ങളാണ് ചെറോകികള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലോകാവസാന നിലവറയിലേക്ക് പങ്കുവച്ചത്.

നിലവില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം അംഗങ്ങളാണ് ചെറോകി ഗോത്രവര്‍ഗത്തില്‍ അംഗങ്ങളായുള്ളത്. ഇപ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് ഇവരെ കാണാനാകുക. കൂടുതല്‍ അംഗങ്ങളും അമേരിക്കയില്‍ തന്നെയാണ് തുടരുന്നത്. പരമ്പരകളായി സൂക്ഷിച്ചു വന്ന ഈ വിത്തുകള്‍ എന്നന്നേക്കുമായി സംരക്ഷിയ്ക്കാന്‍ കഴിയുന്ന ഒരു സംവിധാനത്തിന്‍റെ ഭാഗമാകുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഈ ഗോത്രത്തിന്‍റെ ഇപ്പോഴത്തെ തലവന്‍ ചക് ഹോസ്കിന്‍ ജൂനിയര്‍ പറയുന്നു. 

ലോകാവസാന നിലവറ

ലോകത്ത് പലയിടത്തും വിത്തുകള്‍ സൂക്ഷിക്കാനുള്ള നിലവറകളും കേന്ദ്രങ്ങളുമുണ്ട്. പക്ഷേ ഇവ ഒന്നും തന്നെ സ്വാല്‍ബാര്‍ഡിലെ നിലവറയുടെ അത്രയും സുരക്ഷിതമല്ലെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഉത്തര ധ്രുവത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ ആഗോളതാപനത്തിന്‍റെയും മറ്റും തീക്ഷ്ണത ഈ മേഖലയിലേയ്ക്ക് അവസാനഘട്ടത്തിലായിരിക്കും എത്തുക എന്നാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍ സമീപകാലത്ത് ഈ മേഖലയിലെ മഞ്ഞുപാളിയിലുണ്ടായ വലിയ തോതിലുള്ള മഞ്ഞുരുക്കം പരക്കെ ആശങ്ക സൃഷ്ടിച്ചിരുന്നു. നിലവറ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നേരിയ തോതില്‍ വെള്ളപ്പൊക്കത്തിനു പോലും കാരണമായിരുന്നു. ഇതോടെ ലോകാവസാന നിലവറ പൂര്‍ണമായും സുരക്ഷിതമാണെന്ന ചിന്താഗതിക്കും മാറ്റം വന്നിട്ടുണ്ട്. പക്ഷേ താരതമ്യേന ഏറ്റവും സുരക്ഷിതമായി ഇപ്പോഴും കണക്കാക്കാന്‍ കഴിയുന്നതും ഈ നിലവറ തന്നെയാണ്.

English Summary: Cherokee Nation Will Become First US Tribe to Protect Their Seeds in 'Doomsday' Vault