ബഹുകോശ ജീവികളുടെ നിലനിൽപിന് ഓക്സിജൻ അനിവാര്യമാണെന്നത് നൂറ്റാണ്ടുകളായി നാം മനസ്സിലാക്കിയ യാഥാർഥ്യമാണ്. എന്നാൽ ഇതിനെ തിരുത്തിക്കുറിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ– ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയുന്ന ആദ്യ ജീവിയെ കണ്ടെത്തിയാണ് അവർ ജീവന്റെ പുതുരഹസ്യങ്ങളിലേക്കു വെളിച്ചംവീശിയിരിക്കുന്നത്. ജെല്ലി ഫിഷിനു സമാനമായി തോന്നിക്കുന്ന ഹെന്നെഗുയ സാൽമിനികോല (Henneguya salminicola) എന്ന പരാന്നജീവിയാണ് ആ ജീവി. അതു ജീവിക്കുന്നതാകട്ടെ സാൽമൺ മത്സ്യത്തിന്റെ മാംസപേശികളിലും. പക്ഷേ അപകടകാരിയല്ല. ജീവിതകാലം മുഴുവൻ ഒരൊറ്റ മത്സ്യത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതാണ് ഈ ജീവി.

മൈറ്റോകോൺട്രിയൽ ജനിതക ഘടനയില്ലാതെ കണ്ടെത്തുന്ന ആദ്യ ബഹുകോശ ജീവിയാണിത്. അതായത് ഇവ ശ്വസിക്കാറില്ല. പൂർണമായും ഓക്സിജൻ ഇല്ലാതെയാണ് ഇവ ജീവിക്കുന്നത്. ഓക്സിജൻ ലഭിച്ചാലും ഉപയോഗിക്കാതിരിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതു സംബന്ധിച്ച നമ്മുടെ ധാരണകളെ തിരുത്തുന്നതിനോടൊപ്പം ഭൂമിക്കു പുറത്ത് ജീവൻ നിലനിൽക്കും എന്നതിനുള്ള സാധ്യതകളിലേക്ക് വഴിതുറക്കുന്നതു കൂടിയാണ് ഈ കണ്ടെത്തൽ.

ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകയായ ഡയാന യഹലോമി നേതൃത്വം നൽകുന്ന സംഘമാണ് കണ്ടെത്തലിന് പിന്നിൽ. പവിഴവും ജെല്ലിഫിഷും ഉൾപ്പെടുന്ന പ്രാണിവിഭാഗത്തിൽ പെട്ടതാണ് ഈ ജീവിയും. 145 കോടി വർഷങ്ങൾക്കു മുൻപാണ് മൈറ്റോകോൺട്രിയൽ-ജനിതകഘടന രൂപം കൊണ്ട് ശ്വസന സഹായത്തോടെ ജീവൻ നിലനിന്നു തുടങ്ങിയത്. ചുവന്ന രക്താണുക്കൾ ഒഴികെ ശരീരത്തിലെ എല്ലാ കോശങ്ങളിലും വലിയ അളവിൽ മൈറ്റോകോൺട്രിയൽ ജനിതകഘടന ഉണ്ട്. ഓക്സിജൻ സ്വീകരിച്ച് ഊർജം ഉൽപാദിപ്പിക്കുന്നത് ഇവയുടെ ധർമമാണ്. വളരെ കുറവ് ഓക്സിജൻ ഉപയോഗിച്ച് ജീവിക്കുന്ന ജീവികളെക്കുറിച്ച് വളരെ മുൻപുതന്നെ അറിവുണ്ടെങ്കിലും പൂർണമായും ഓക്സിജനില്ലാതെ ജീവിക്കുന്ന ബഹുകോശ ജീവിയെക്കുറിച്ചുള്ള കണ്ടെത്തൽ ശാസ്ത്രമേഖലയ്ക്ക് തന്നെ നിർണായകമാണ്.

ഫ്ലൂറസൻസ് മൈക്രോസ്കോപ്പിയിലൂടെ നടത്തിയ പഠനത്തിലാണ് ഇവയ്ക്ക് മൈറ്റോകോൺട്രിയൽ ജനിതക ഘടനയില്ലെന്ന് കണ്ടെത്തിയത്. എന്നാൽ ഓക്സിജൻ കൂടാതെ മറ്റ് എന്ത് മാർഗം സ്വീകരിച്ചാണ് ഇവ ജീവിക്കുന്നതെന്ന് ഇനിയും വ്യക്തമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഭക്ഷണത്തിനായി ആശ്രയിക്കുന്ന ജീവിയിൽ നിന്നും അഡിനോസിൻ ട്രൈഫോസ്ഫേറ്റ് വലിച്ചെടുത്താവാം അവ ജീവിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

English Summary: The First Known Animal That Doesn't Need To Breathe Has Been Found Inside Salmon