ഒരു ഏത്തപ്പഴത്തിനു വേണ്ടി കടിപിടി കൂടി തായ്‌ലൻഡിലെ തെരുവിലിറങ്ങിയത് നൂറുകണക്കിന് കുരങ്ങന്മാർ. തായ്‌ലൻഡിൽ നിന്നും പുറത്തു വരുന്ന ഈ ദൃശ്യങ്ങൾ കൊറോണയുടെ മറ്റൊരു ഭീകരമുഖം കൂടിയാണ് വ്യക്തമാക്കുന്നത്. ലോകത്തിലെതന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ തായ്‌ലൻഡിൽ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നതോടെയാണ് ഭക്ഷണത്തിനു വേണ്ടി കടിപിടി കൂടി കുരങ്ങന്മാർ നിരത്തിലിറങ്ങിയത്. സഞ്ചാരികളുടെ വരവു നിലച്ചതോടെ അവയ്‌ക്ക് ഭക്ഷണവും ലഭിക്കാതെയായി. 

മധ്യ തായ്‌ലൻഡിലെ ലോപ്ബുരി എന്ന നഗരത്തിലാണ് കുരങ്ങന്മാർ കൂട്ടമായി നിരത്തിലെത്തിലിറങ്ങിയത്. ഭക്ഷണം എവിടെ നിന്നെങ്കിലും ലഭിക്കുമോയെന്നറിയാൻ തിരഞ്ഞു കൊണ്ടിരുന്ന കുരങ്ങൻമാരിൽ ഒരാൾക്ക് എവിടെനിന്നോ ഒരു ഏത്തപ്പഴം കിട്ടി. ഭക്ഷണം കണ്ടതോടെ പട്ടിണിയിലായ കുരങ്ങന്മാർ ഒരോന്നായി അതിന്റെ പിന്നാലെ കൂടി. ഏത്തപ്പഴം കിട്ടിയ കുരങ്ങനെ മറ്റുള്ളവർ ചേർന്ന് കൂട്ടമായി ആക്രമിക്കുകയും ചെയ്തു. ധാരാളം കുരങ്ങന്മാരുള്ള പ്രദേശമായിട്ടു പോലും ഇത്തരമൊരു സംഭവം ആദ്യമായി കാണുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. 

സഞ്ചാരികളിൽ നിന്നും ലഭിക്കുന്ന ഭക്ഷണം സ്വീകരിച്ചു ജീവിച്ചിരുന്ന കുരങ്ങന്മാർ ഇതിനുമുൻപ് ഇത്രയും അക്രമകാരികളായിട്ടില്ല. ഭക്ഷണം ലഭിക്കാതെ അവ എത്രയധികം കഷ്ടപ്പെടുന്നുണ്ടെന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. തായ്‌ലൻഡിലെ ക്ഷേത്രങ്ങൾക്കു  സമീപം ജീവിക്കുന്ന കുരങ്ങന്മാരുടെ സംഘവും നഗരപ്രദേശത്ത് ജീവിക്കുന്ന കുരങ്ങന്മാരുടെ സംഘവും അവയുടെ വാസസ്ഥലങ്ങൾക്കിടയിലൂടെ റെയിൽവേ ട്രാക്ക് കടന്നു പോകുന്നതിനാൽ സാധാരണയായി ഒത്തുചേരാറില്ല . എന്നാൽ വിശന്നു വലഞ്ഞതോടെ ക്ഷേത്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന കുരങ്ങന്മാർ ഭക്ഷണം തേടി നഗരത്തിലേക്കിറങ്ങുകയായിരുന്നു. 

കൊറോണ ഭീതിമൂലം തായ്‌ലൻഡിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇതുവരെ 44 ശതമാനം കുറവ് രേഖപ്പെടുത്തി. കുരങ്ങന്മാരുടെ ദുരവസ്ഥ മനസ്സിലായതോടെ അവയ്ക്ക് പച്ചക്കറികളും പഴങ്ങളും ഭക്ഷണമായി നൽകുകയാണ് ഇപ്പോൾ പ്രദേശവാസികൾ.

English Summary: Coronavirus sparks 'monkey gang war' in the streets of Thailand