തെക്കൻ കലിഫോർണിയയിലെ സമുദ്രത്തെ പ്രകാശമയമാക്കി ബയോലുമിനസെൻസ് തിരമാലകൾ. സത്യത്തിൽ ഒരു തരം സൂക്ഷ്മജലജീവികളാണിങ്ങനെ തിളങ്ങി നില്‍ക്കുന്നത്. ഡൈനോഫ്ലാഗല്ലെറ്റ്സ് എന്ന ഇനത്തിൽപ്പെട്ട പ്രത്യേകതരം തരം കടൽ സസ്യമാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. മാർച്ച് മുതലാണ് ഈ ആൽഗകൾ കാലിഫോർണിയൻ സമുദ്രത്തിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയത്.

ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള കോശങ്ങളോട് കൂടിയ ഇവ സൂര്യകിരണങ്ങൾ ആഗിരണം ചെയ്യുന്നതിന് വേണ്ടി  കൂട്ടമായി സമുദ്രത്തിന്റെ ഉപരിതലത്തിലേക്കെത്തുകയും രാത്രികാലങ്ങളിൽ നിയോൺ നിറത്തിൽ പ്രകാശിക്കുകയുമാണ് ചെയ്യുന്നത്. ഒരു ലിറ്റർ സമുദ്ര ജലത്തിൽ 20 മില്യൺ കോശങ്ങൾ എന്ന എന്ന നിലയിലേക്ക് ഇവയുടെ എണ്ണം വർധിച്ചതോടെ രാത്രികാലങ്ങളിൽ അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ പ്രതിഭാസം സംഭവിക്കാറുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും അതിശൈത്യ മേഖലയായ അലാസ്കയിലുമെല്ലാം ഒരാഴ്ച മുതൽ ഒരു മാസത്തിലധികം സമയം വരെ ഇൗ ആൽഗകളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാൽ കലിഫോർണിയയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിഭാസം ഒരു പതിറ്റാണ്ടിനുള്ളിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്.

കോവിഡ് വ്യാപനത്തെ ലോക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരവധി ആളുകളാണ് ഈ മനോഹരമായ കാഴ്ച ആസ്വദിക്കുന്നതിന് എത്തുന്നത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കം കർശനമായ നിയന്ത്രണങ്ങളോടെയാണ് സന്ദർശകരെ അനുവദിച്ചിട്ടുള്ളത്. ചലനം ഉണ്ടാകുമ്പോൾ തന്നെ പ്രകാശംപരത്തുന്ന ആൽഗകളുടെ ഇടയിലൂടെ ഡോൾഫിനുകൾ നീന്തുന്ന ദൃശ്യവും ബോട്ട് പെട്രോളിങ്ങിനിടെ സമുദ്രജലം ഇരുവശങ്ങളിലേക്കും നീങ്ങുമ്പോൾ ഉള്ള മനോഹരദൃശ്യവുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

English Summary: Dazzling Bioluminescent Waves Light Up The Shores Of California