ലോകമാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ ആശങ്കയിൽ തുടരുന്നതിനിടെ അതേ വൈറസിന്റെ ആകൃതിയിൽ മെക്സിക്കോയിൽ ആലിപ്പഴം പൊഴിഞ്ഞു. മോൻഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസമുണ്ടായത്. ഗോളാകൃതിയിൽ പുറമേ നിറയെ മുള്ളുകളുള്ള രൂപത്തിലാണ് കൊറോണ വൈറസ് കണികകൾ കണ്ടെത്തിയിട്ടുളളത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്സിക്കോയിൽ പൊഴിഞ്ഞ ആലിപ്പഴങ്ങളും .

രോഗഭീതി  പടരുന്നതിനിടെ ഇത്തരമൊരു പ്രതിഭാസം ഉണ്ടായത് ചിലർ ആശങ്കയോടെയാണ് കണ്ടത്. എല്ലാവരും ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പ് ദൈവം തന്നതാണെന്നും അതല്ല അജ്ഞാതമായ ഏതോ ഒരു സന്ദേശം നൽകുകയാണെന്നുമുള്ള തരത്തിൽ പല വ്യാഖ്യാനങ്ങളാണ് ജനങ്ങൾ ഈ പ്രതിഭാസത്തിനു നൽകിയിരിക്കുന്നത്.

എന്നാൽ ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണം തന്നെയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ സ്ഥിരീകരിക്കുന്നു. ശക്തമായ കാറ്റിൽ ഗോളാകൃതിയിൽ തന്നെയാണ് ഐസ് കട്ടകൾ രൂപപ്പെടുന്നത്. പിന്നീട് കൂടുതൽ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കൂടുതൽ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങൾ ശക്തമായ കാറ്റിൽ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയിൽ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കൺസൾട്ടന്റായ ജോസ് മിഗ്വൽ വിനസ് പറയുന്നു.

ആലിപ്പഴത്തെക്കുറിച്ചുള്ള ആശങ്കകൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോൻഡെമോറെലോസിലെ ജനങ്ങൾ തന്നെയാണ് ആലിപ്പഴത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

English Summary: Mexico City Witnesses Hailstones Shaped Like Coronavirus