ഭൂമിയുടെ ഒരുഭാഗത്ത് രാത്രിയായിരിക്കുമ്പോൾ മറുഭാഗത്ത് പകലായിരിക്കുമെന്ന് നമ്മൾക്കറിയാം. എന്നാൽ ഭൂമിയിലെ രാത്രിയുടെയും പകലിന്റെയും അതിരിന്റ ചിത്രങ്ങൾ പകർത്തി വിസ്മയിപ്പിച്ചിരിക്കുകയാണ് നാസയുടെ ബഹിരാകാശ ഗവേഷകനായ റോബർട്ട് ബെങ്കൻ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയതാണ് ഈ അപൂർവ ചിത്രം. യഥാർഥ ജീവിതത്തിൽ ഭൂരിഭാഗം ആളുകൾക്കും നേരിട്ടു കാണാനാകാത്ത മനോഹരമായ കാഴ്ച പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് നന്ദി രേഖപ്പെടുത്തുന്നുണ്ട് പലരും.

തിങ്കളാഴ്ചയാണ് റോബർട്ട് ബെങ്കൻ ഭൂമിയിലെ പകലിന്റെയും രാത്രിയുടെയും അതിർവരമ്പിന്റെ ചിത്രങ്ങൾ പകർത്തി ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭൂമിയുടെ ഒരു ഭാഗം ഇരുട്ടിലും മറുഭാഗം വെളിച്ചത്തിലും.  എനിക്ക് ഏറെ പ്രിയപ്പെട്ട ഭൂമിയിലെ കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ ചിത്രത്തെ ആവേശത്തോടെയാണ് ആളുകൾ സ്വീകരിച്ചത്.

അവിശ്വസനീയമായ കാഴ്ച എന്നാണ് പലരും ചിത്രത്തെക്കുറിച്ച് അഭിപ്രായം പങ്കുവച്ചത്. ജൂൺ ഒന്നിനാണ് ബഹിരാകാശ ഗവേഷകരായ റോബർട്ട് ബെങ്കനും ഡൂഗ് ഹെർലിയും ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേയ്സെക്സിന്റെ റോക്കറ്റായ ഫാൽക്കൺ 9 ലാണ് ഇരുവരും 19 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ബഹിരാകാശ നിലയത്തിലെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ കടന്നു പോകുന്ന കൂറ്റൻ സഹാറൻ പൊടിക്കാറ്റിന്റെ ചിത്രം ബഹിരാകാശത്തു നിന്നു പകർത്തി ഡൂഗ് ഹെർലിയും ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

English Summary:The Boundary Between Night And Day On Earth, As Seen In Jaw-Dropping Pics From Space