ഉത്തർപ്രദേശിൽ കണ്ടെത്തിയത് അപൂർവ പാമ്പിനെ. രണ്ട് ദിവസം മുൻപാണ് ദുധ്‌വാ ദേശീയ പാർക്കിൽ റെഡ് കോറൽ കുക്രി വിഭാഗത്തിൽ പെട്ട പാമ്പിനെ കണ്ടത്. വൈൽഡ് ലെന്‍സ് സംഘടനയുടെ ജീവനക്കാരനാണ് പാമ്പിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇവർ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

1936 ലാണ് ആദ്യമായി റെഡ് കോറൽ വിഭാഗത്തിൽ പെട്ട പാമ്പിനെ ദുധ്‌വായിൽ കണ്ടെത്തിയത്. ഒലിഗോഡൻ ഖേരിയെൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. 82 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഈ വിഭാഗത്തിൽ പെട്ട ഒരു പാമ്പിനെ മേഖലയിൽ കണ്ടെത്തിയിരുന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇവയെ കാണുന്നതിന്റെ ഇടവേളകൾ കുറഞ്ഞിട്ടുണ്ടെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെ വ്യക്തമാക്കി.

ദുധ്‌വാ ദേശീയ പാർക്കിൽ വൈവിധ്യങ്ങളേറെയാണ് .ഇവിടെ ജീവനക്കാരുടെ കോട്ടേജിനു സമീപത്തായാണ് ഞായറാഴ്ച റെഡ് കോറൽ കുക്രി പാമ്പിനെ കണ്ടത്. കനത്ത മഴയ്ക്ക് ശേഷമാണ് പാമ്പിനെ കണ്ടെത്തിയത്. വിഷമില്ലാത്തയിനം പാമ്പാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. ഈ വിഭാഗത്തിൽ പെട്ട പാമ്പുകൾ രാത്രികാലങ്ങളിലാണ് ഇരതേടിയിറങ്ങുന്നത്. ചെറിയ പ്രാണികളും വിരകളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. ചുവപ്പും ഓറഞ്ചും കലർന്ന നിറമായതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. ഇവയുടെ കൂർത്ത് വളഞ്ഞ പല്ലുകൾക്ക് നേപ്പാളിൽ ഉപയോഗിക്കുന്ന കുക്രി എന്ന കത്തിയുമായി സാമ്യമുണ്ട്. അതുകൊണ്ടാണ് അവ റെഡ് കോറൽ കുക്രി എന്നറിയപ്പെടുന്നത്.

English Summary: Very Rare Red Snake Spotted In Uttar Pradesh