ലോകത്തിൽ ഇന്നോളം കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ കക്ക അമേരിക്കയിലെ റോഡ് ദ്വീപിൽ നിന്നും കണ്ടെത്തി. ദ്വീപിലെ വെയ്ക്ക്ഫീൽഡ് എന്ന സ്ഥലത്ത് നിന്നും കൂപർ മൊണാക്കോ എന്ന 11 വയസ്സുകാരനാണ് കക്ക കണ്ടെത്തിയത്. മുത്തശ്ശനൊപ്പം വെള്ളത്തിൽ  കക്കകൾ തിരിയുന്നതിനിടെ യാദൃശ്ചികമായാണ് പാറ പോലെയുള്ള എന്തോ ഒന്നിൽ കൈ തടയുന്നതായി കൂപറിനു തോന്നിയത്.

പാറകളുടെ അടിയിൽ സാധാരണയായി കക്കകൾ കണാറുള്ളതുകൊണ്ട് കയ്യിൽ തടഞ്ഞ പാറയും കൂപർ വലിച്ചു പുറത്തേക്കെടുത്തു. എന്നാൽ അതിന്റെ വശങ്ങൾ പരിശോധിച്ചപ്പോഴാണ് അതും ഒരു കക്ക തന്നെയാണ് എന്ന് കൂപർ തിരിച്ചറിഞ്ഞത്. വലിയ ഇനത്തിൽപ്പെട്ട കക്കകൾക്ക് സാധാരണയായി പരമാവധി 4 ഇഞ്ച് വരെ വലുപ്പമാണുണ്ടാവുക. എന്നാൽ 5.75 ഇഞ്ചാണ് (14.5 സെൻറീമീറ്റർ)  റോഡ് ദ്വീപിൽ നിന്നു ലഭിച്ച കക്കയുടെ വലുപ്പം. 1.3 കിലോഗ്രാം തൂക്കവും ഇതിനുണ്ട്.

കക്കയുമായി വീട്ടിലേക്ക് മടങ്ങിയെങ്കിലും  പ്രത്യേകതകൾ മൂലം കൂപ്പർ അത് പാകം ചെയ്യരുതെന്ന് അമ്മയോടാവശ്യപ്പെട്ടിരുന്നു. പിന്നീട് റോഡ് ഐലൻഡ് സർവകലാശാലയുടെ സമുദ്ര ശാസ്ത്ര ഗവേഷണ വിഭാഗത്തിന് ഭീമൻ കക്ക കൈമാറി. അസാധാരണമായ വലുപ്പമുള്ള കക്ക സന്ദർശകർക്ക് വേണ്ടി  പ്രദർശനത്തിനു വയ്ക്കാനൊരുങ്ങുകയാണ് സർവകലാശാല അധികൃതർ.

English Summary: 11-year-old boy from Rhode Island digs up massive 2 ½ pound mollusk