ഇരുട്ടിന്‍റെ മറവില്‍ കരിമ്പടം പുതച്ച് അപ്രത്യക്ഷനാകാന്‍ കഴിവുള്ളവനായിരുന്നു മോഹന്‍ലാലിന്‍റെ ഒടിയന്‍ മാണിക്യന്‍. ആഴക്കടലിൽ ഇതുപോലെ ഒരു ഒടിയനുണ്ട്. കടലിന്‍റെ അടിത്തട്ടിനോടു ചേര്‍ന്നുള്ള ഇരുളില്‍ കറുത്ത ശരീരത്തിന്‍റെ സഹായത്തോടെ കാഴ്ചയില്‍ നിന്ന് എളുപ്പത്തില്‍ മറഞ്ഞു ജീവിക്കുന്ന ഒരു മത്സ്യം. മറഞ്ഞിരുന്ന് വേട്ടയാടാനും, വേട്ടക്കാരില്‍ നിന്ന് രക്ഷ നേടാനും ഇരുണ്ട ശരീരം ഉപയോഗിക്കുന്ന ഒരേ ഇനത്തില്‍ പെട്ട 16 മത്സ്യ വിഭാഗങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തയത്.

കോമണ്‍ ഫാങ് ടൂത്ത് അഥവാ പിച്ച് ബ്ലാക്ക് ഫിഷ് എന്ന ഈ മത്സ്യത്തിന്‍റെ ശരീരത്തിന് 99.95 ശതമാനം ഫോട്ടോണുകളെയും സ്വാംശീകരിക്കാന്‍ ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ഒരു വിധത്തിലുള്ള കടുത്ത വെളിച്ചത്തില്‍ നിന്ന് പോലും മറഞ്ഞിരിക്കാന്‍ ഈ മത്സ്യങ്ങള്‍ക്ക് കഴിയും. പലപ്പോഴും മറ്റേതോ ജീവിയുടെ നിഴലായി മാത്രമെ ഈ മത്സ്യങ്ങളെ കണ്ടാൽ തോന്നൂ എന്ന് ഇവയെ കണ്ടെത്തിയ കാരന്‍ ഓസ്ബോണ്‍ എന്ന ഗവേഷക പറയുന്നു. ഇവയിലൊന്നിന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യാദൃശ്ചികമായാണ് ഈ മത്സ്യങ്ങളുടെ പ്രത്യേകത ഇവര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇവ പ്രത്യേക ജനുസ്സാണെന്നും ഇവയില്‍ 16 ല്‍ അധികം ഉപവിഭാഗങ്ങളുണ്ടെന്നും കണ്ടെത്തുന്നത്.

Image Credit: Karen Osborn/Smithsonian

സാധാരണ ഗതിയില്‍ കടലിന്‍റെ അടിത്തട്ടിലുള്ള ജീവികളെ പ്രേത ജീവികള്‍ എന്നാണ് പൊതുവെ വിളിക്കുന്നത്. ഇവിടുത്തെ വെളിച്ചക്കുറവ് മൂലം സ്വയം തിളങ്ങുന്ന ശരീരമുള്ളതായാണ് എല്ലാ ജീവികളും കാണപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് പിച്ച് ബ്ലാക്ക് ഫിഷിന്‍റെ ശരീര ഘടന. കൂടാതെ അടിത്തട്ടില്‍ സ്വയം പ്രകാശിക്കാന്‍ കഴിയുന്ന ബയോ ഇല്യൂമിനന്‍റ്് പ്രകാശം പുറപ്പെടുവിക്കുന്ന ജീവികളില്‍ നിന്നുള്ള പ്രകാശത്തെ പോലും സ്വാശീകരിക്കാനും അതുവഴി തികച്ചും അപ്രത്യക്ഷനായി നില്‍ക്കാനും ഇവയ്ക്ക് കഴിയും.

ഇവയുടെ ഈ ശാരീരിക പ്രത്യകതകള്‍ മൂലം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഇരുണ്ട ജീവിയായാണ് ഇപ്പോള്‍ പിച്ച് ബ്ലാക്ക് ഫിഷിനെ പരിഗണിക്കുന്നത്. ശാസ്ത്രത്തിന്‍റെ അറിവില്‍ വച്ച് ഏറ്റവും കറുപ്പ് നിറമുള്ള വസ്തു വാന്‍റാ ബ്ലാക്ക് എന്ന മെറ്റീരിയലാണ്. 99.96 ആണ് ഈ വസ്തുവിന്‍റെ ഫോട്ടോണ്‍ പ്രതിഫലിപ്പിക്കുന്ന ശതമാനം. അതായത് ഒടിയന്‍ മത്സ്യത്തേക്കാള്‍ വെറും 00.01 ശതമാനം മാത്രം കൂടുതല്‍. ഈ മത്സ്യത്തിന്റെ ശരീരത്തിലെ കറുത്ത പിഗ്മെന്‍റുകള്‍ വളരെയധികം ചേര്‍ന്നിരിക്കുന്നതിനാലാണ് ഈ പ്രത്യേകതയെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. 

അത്രയധികം കാര്യക്ഷമമായാണ് പ്രകാശത്തെ ഇവയുടെ ശരീരം ആഗിരണം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പ്രകാശം കടന്ന് പോകാത്ത, പ്രകാശത്തെ പ്രതിഫലിപ്പിക്കാത്ത ശരീരമാണ് ഇവയുടേത്. ഇവയുടെ ശരീരത്തിലേക്ക് ചെല്ലുന്ന പ്രകാശം ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമാകുന്നുവെന്ന് തന്നെ പറഞ്ഞാലും തെറ്റാകില്ലെന്ന് കാരണ്‍ ഓസ്ബോണ്‍ പറയുന്നു. ഇതാദ്യമായാണ് ഇത്രയധികം പ്രകാശ ആഗിരണ ശേഷിയുന്ന ജൈവ പിഗ്മെന്‍റിനെ കണ്ടെത്തുന്നതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.  ഇവയുടെ ജൈവഘടനയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചാല്‍ നിലവില്‍ സൈനികരും മറ്റും ഉപയോഗിക്കുന്ന മറഞ്ഞിരിക്കുന്നതിനുള്ള സംവിധാനങ്ങള്‍( camouflage technique) മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

English Summary: These Ultra-Black Fish Are Almost Invisible, Cloaked in Nature's Darkest Colours