" സഞ്ചരിക്കുകയാണാസ്സാഹസി- സങ്കൽപത്തിൽ

വൻ ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം-വീശി

തൻ ചെറുനാളിൻ കേളീവീഥിയിൽ -വസന്തത്താൽ

സഞ്ചിതവിഭവമാം  സഹ്യസാനു ദേശത്തിൽ

ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര -പോലൊന്നുണ്ടോ

തന്നെപ്പോലൊരാനയ്ക്കു തിരിയാൻ -വേറിട്ടിടം?" (സഹ്യന്റെ മകൻ '- വൈലോപ്പിള്ളി ശ്രീധരമേനോൻ )

കാൽച്ചങ്ങലകളാൽ ബന്ധിതമായ വേളകളിലും  സ്വപ്നത്തിന്റെ സ്വതന്ത്ര്യം നൽകുന്ന ചിറകുകളിലേറി  ചെവികളാട്ടിക്കൊണ്ട് ചെറുപ്പത്തിൽ താൻ സ്വൈരവിഹാരം നടത്തിയിരുന്ന സഹ്യന്റെ താഴ്‌വരകളിലൂടെ മദിച്ചു നടക്കുന്ന കരിവീരനെ വർണ്ണിക്കുകയാണ് കവി. ആനകളെ ഓർക്കുന്നതിനായി മാറ്റി വച്ചിരിക്കുന്ന ഒരു ആഗോള ദിവസം കൂടി എത്തിയിരിക്കുന്നു. ഏഷ്യൻ ആനകളെ ആഗോളതലത്തിൽ അതീവപരിപാലന പരിഗണനയർഹിക്കുന്ന ദേശാന്തരഗമനം നടത്തുന്ന വന്യജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയ വർഷത്തിലെ ആനദിനാചരണം പുതിയ പ്രതീക്ഷകളുടേതു കൂടിയാകുന്നു.

ഇനി ആഗോളസംരക്ഷണം

ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പദ്ധതിയുടെ ( UNEP ) കീഴിൽ രൂപം കൊണ്ടിരിക്കുന്ന കൺവൻഷൻ ഓൺ ദ കൺസർവേഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷിസ് ഓഫ് വൈൽഡ് അനിമൽസ് ( CMS ) എന്ന ആഗോള കരാറിന്റെ പതിമൂന്നാമത്തെ കോൺഫറൻസ് ഓഫ് പാർട്ടീസ് (COP)  നടന്നത് ഈ വർഷം ഫെബ്രുവരി 17 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു. 130 ലോകരാജ്യങ്ങൾക്ക് പങ്കാളിത്തമുള്ള കരാറിൽ 1983 മുതൽ ഇന്ത്യയും അംഗമാണ്. ഈ സമ്മേളനത്തിലാണ്  ഏഷ്യൻ ആനയേയും ,ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിയേയും കരാറിന്റെ  ഒന്നാം അനുബന്ധത്തിൽ ചേർക്കുന്നതിനുള്ള അനുമതി നൽകപ്പെട്ടത്. 

നിലവിൽ 173 ജീവജാതികൾ ഉൾപ്പെട്ടിട്ടുള്ള പട്ടികയിൽ പെടുന്നതോടെ ഇന്ത്യയിൽ നിന്ന്  അയൽ രാജ്യങ്ങളിലേക്ക് കടന്നുകയറുന്ന  ആനകൾക്കാവശ്യമായ കൂടുതൽ വിഭവങ്ങളും സംരക്ഷണത്തിനുള്ള അധിക ശ്രദ്ധയും നൽകാൻ ബന്ധപ്പെട്ട സർക്കാരുകൾ പ്രേരിതരാകും.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കിൽ 2017-ലെ പ്രോജക്ട് എലഫെൻറ്  സെൻസസ് പ്രകാരം ഇന്ത്യയിൽ 29,964 ആനകളുണ്ട്.ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1 - ൽ പെടുത്തിയിരിക്കുന്ന ഇവ ഏറ്റവം ഉയർന്ന ജാഗ്രതയോടെയുള്ള സംരക്ഷണം അർഹിക്കുന്നു.

വേണ്ടത് യോജിച്ച സംഘടിത പ്രവർത്തനം

2020 ഫെബ്രുവരി മാസത്തിൽ ഗാന്ധിനഗറിൽ നടന്ന കൺവൻഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷിസിന്റെ COP -13 അംഗീകരിച്ച  പ്രമേയമനുസരിച്ചാണ് ഏഷ്യൻ ആനകളെ ആഗോള സംരക്ഷണത്തിന്റെ സുരക്ഷിതമായ നിരയിൽ ചേർത്തിരിക്കുന്നത്. ഇന്ത്യൻ ആനകൾ ഉൾപ്പെടെയുള്ള വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണവും അനുബന്ധ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ദൗത്യം ഇന്ത്യാ ഗവൺമെന്റ് ഭരമേൽപിച്ചിരിക്കുന്ന കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റ  മന്ത്രാലയം മുന്നോട്ടു വയ്ച്ച നിർദ്ദേശമാണ് കോൺഫറൻസ് അംഗീകരിച്ചത്. Elephas maximus indicus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ആനയെന്ന ജീവജാതിയാണ് CMS കൺവൻഷന്റെ അപ്പൻഡിക്സ് I -ൽ ഇടം പിടിക്കുക.ആനകളിലെ ഈ ഉപജാതിയെ സംരക്ഷിക്കാനുള്ള ഒരുമയോടെയുള്ള ശ്രമമാണ് നിർദ്ദേശത്തിലെ പ്രധാന ഭാഗം. കൂട്ടായ പ്രവർത്തനത്തിന്റെ ദീർഘകാല ലക്ഷ്യമായി കണക്കാക്കാവുന്നത് ഏഷ്യൻ ആനകൾ വിഹരിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സമ്മതമാണ്. നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ സഹകരണം ഏറെ പ്രധാനമാകുന്നു.

നിലവിലെ സാഹചര്യം

ദക്ഷിണ, ദക്ഷിണപൂർവ്വ ഏഷ്യയിലെ 13 രാജ്യങ്ങളിലായിട്ടാണ് ഏഷ്യൻ കാട്ടാനകളുടെ നിലവിലുള്ള സാന്നിധ്യം. ഇന്ത്യ ( 29,964) ,നേപ്പാൾ (109-142 ), ബംഗ്ളാദേശ് ( 289-437), ഭൂട്ടാൻ (605 -760 ), മ്യാൻമാർ ( 2,000-4,000), കമ്പോഡിയ ( 400-600),ഇന്തോനേഷ്യ ( 60-80) ,ലാവോസ് (500 - 600 ), മലേഷ്യ ( 3263- 3717), തായ്ലൻഡ് (3126- 3341), വിയറ്റ്നാം (104-132) എന്ന നിലയിലാണ് ആനകളുടെ എണ്ണം.

ഭാവിയിലെ ലക്ഷ്യങ്ങൾ

ഏഷ്യൻ ആനകൾ കാണപ്പെടുന്ന രാജ്യങ്ങൾ തമ്മിൽ പരസ്പര സമ്മതമുണ്ടാക്കിയും മറ്റു താത്പര്യമുള്ള ഏജൻസികളുടെ സഹകരണമുറപ്പാക്കിയും താഴെ പറയുന്ന ലക്ഷ്യങ്ങൾ നേടാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

1. ആനകളുടെ സ്വാഭാവിക ദേശാന്തരഗമനത്തിനുള്ള തടസ്സങ്ങൾ ഒഴിവാക്കുക

2. ആനകളെ മനപ്പൂർവം കൊല്ലുന്നതും പിടിക്കുന്നതും നിരോധിക്കുക

3. ആനകളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ തിരിച്ചുപിടിക്കുകയും  സംരക്ഷിക്കുകയും ചെയ്യുക

4. മനുഷ്യർക്കും ആനകൾക്കും ഇടയിലുണ്ടാകാവുന്ന സംഘർഷങ്ങൾ ക്രമീകരിക്കുക

5. ആനകളെ ജീവനോടെയോ, അവയുടെ ശരീരഭാഗങ്ങളോ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നത് തടയുക

6. അന്താരാഷ്ട്ര തലത്തിൽ വിവരങ്ങൾ/ അറിവുകൾ പങ്കുവെയ്ക്കൽ, കാര്യക്ഷമതാ നിർമ്മാണം ,പഠനഗവേഷങ്ങൾ എന്നിവയിൽ സഹകരണം ഉറപ്പാക്കുക '

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ മൂലം കാര്യമായ ഫലപ്രാപ്തികൾ ആനകളുടെ സംരക്ഷണത്തിൽ മാത്രമല്ല, വംശനാശ ഭീഷണി നേരിടുന്ന മറ്റനേകം ജീവജാലങ്ങൾക്കും ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.ഒപ്പം  വികസനമെത്തി നോക്കാത്ത  അതിർത്തി പ്രദേശങ്ങളിൽ അധിവസിക്കുന്ന മനുഷ്യ സമൂഹങ്ങളുടെ ജീവിത നിലവാരമുയർത്താനും, പ്രത്യേകിച്ച് മനുഷ്യ - മ്യഗ സംഘർഷങ്ങൾ കുറയുന്നതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയമുണ്ട്. മേൽ പറഞ്ഞ വിഷയങ്ങളിൽ ബംഗ്ലാദേശുമായുള്ള സഹകരണത്തിൽ നാം ഏറെ ദൂരം മുന്നിലേക്ക് പോയിക്കഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശുമായുള്ള സഹകരണത്തിന്റെ അനുഭവങ്ങളാകും മറ്റു രാജ്യങ്ങളുമായുള്ള സഹവർത്തിത്വത്തിന്റെ ഭാവി നിർണ്ണയിക്കുന്നത്.

ഏഷ്യൻ ആനകൾക്ക്  പ്രയോജനപ്പെടുമോ?

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ (IUCN) ഏഷ്യൻ ആനകളെ  വംശനാശ ഭീഷണി നേരിടുന്ന "Endangered " വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നിർഭാഗ്യവശാൽ രാജ്യാന്തര, പ്രാദേശിക വിപണിയിൽ വിൽപനയ്ക്കായി ആനകളെ പിടിക്കുകയും കൊല്ലുകയും ചെയ്യുന്നത്  മേൽ പറഞ്ഞ രാജ്യങ്ങളിൽ വ്യാപകമാണ്. ആനകളും മനുഷ്യരുമായുള്ള സംഘർഷം വ്യാപകവും രൂക്ഷവുമായ രാജ്യങ്ങളിലും ആനകളുടെ കൊലപാതകം നിത്യ സംഭവമാണ്. ആയതിനാൽ ഉചിതമായ പ്രവർത്തനങ്ങളിലൂടെ സംരക്ഷണ കവചമൊരുക്കാത്ത പക്ഷം ഏഷ്യൻ ആനകൾ വിസ്മൃതിയിലാകും. ആനകൾ സ്വാഭാവികമായി ദേശാടകരാണ്.ചെറിയ എണ്ണം ഒരു സ്ഥലത്ത് തന്നെ അധിവസിക്കുന്നവരായിരിക്കും. ആനക്കൊമ്പ് ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾക്കായി ആനയെ വേട്ടയാടുന്ന ,ജീവനോടെ ആനയെ പിടിക്കുന്ന വലിയ രാജ്യാന്തര സംഘങ്ങളുടെ കണ്ണികൾ പൊട്ടിച്ചെറിയേണ്ടതുണ്ട്. 

13 രാജ്യങ്ങളിലായി കാണപ്പെടുന്ന ഏഷ്യൻ ആനകൾ ഇടയ്ക്കിടെ രാജ്യാന്തര യാത്രകർ നടത്തിയേക്കാം. ഓരോ രാജ്യങ്ങളും തമ്മിൽ  പ്രത്യേകം കരാറുകൾ പ്രായോഗികമല്ലാത്തതിനാൽ CMS ചട്ടക്കൂട് വഴിയുള്ള കൂട്ടായ ശ്രമം തന്നെയാണ് ഉചിതമായ മാർഗം. ലോകത്തിലെ ഏഷ്യൻ ആനകളിൽ 60 ശതമാനവും ഇന്ത്യയിലാണ്. ആനയെന്നാൽ ഇന്ത്യയ്ക്ക് പൈതൃക മൃഗമാണ്. ആനകളുടെ സംരക്ഷണത്തിനായി ശക്തമായ നിയമങ്ങളും പരിരക്ഷണ പാരമ്പര്യവും പദ്ധതികളുമുള്ള ഇന്ത്യ തന്നെയാണ് ഏഷ്യൻ ആനകളുടെ സംരക്ഷണശ്രമത്തിന്റെ സ്വാഭാവിക നേതാവ്.

വലിയ ആനയെക്കുറിച്ച് അത്ര ചെറുതല്ലാത്ത ചില വിവരങ്ങള്‍

സസ്തനികളുടെ വര്‍ഗത്തില്‍ നീണ്ട തുമ്പിക്കൈയുള്ള ആനകള്‍ പ്രൊബോസിഡ എന്ന ഓര്‍ഡറിലാണ്  വരുന്നത്. ഇതില്‍ രണ്ടുജാതി ആനകളുണ്ട്. ഏഷ്യന്‍/ഇന്ത്യനും, ആഫ്രിക്കനും. എലിഫസ് മാക്‌സിമസ് (Elephus maximus), ലോക്‌സോഡോന്റാ ആഫ്രിക്കാനാ (Loxodonta africana) എന്നിങ്ങനെയാണ് യഥാക്രമം  ശാസ്ത്രനാമം.  

മൊറെത്തീരിയം, പാലിയോമസ്റ്റഡോണ്‍, മാമത്ത് എന്നിവയാണ് ആനയോട് സാമ്യമുള്ള പൂര്‍വികര്‍

വലുപ്പത്തില്‍ മുന്നില്‍ ആഫ്രിക്കന്‍ ആനയാണ്. ഏഷ്യന്‍ ആനയ്ക്ക് 3-5 ടണ്‍ ഭാരമുള്ളപ്പോള്‍ ആഫ്രിക്കന് 4-7 ടണ്‍വരെ ഭാരമുണ്ടാകും. ഏഷ്യക്കാരന്റെ പൊക്കം 2-3.5 മീറ്ററാകുമ്പോള്‍ ആഫ്രിക്കക്കാരന്റേത് 4 മീറ്റര്‍ വരെ. വലിയ ചെവിയും, അകത്തേക്ക് വളഞ്ഞ മുതുകും ആഫ്രിക്കന്‍ ആനയുടെ പ്രത്യേകതയാണ്.  ഏഷ്യന്‍ ആനയുടേത് താരതമ്യേന ചെറിയ ചെവിയും, പുറത്തേക്ക് വളഞ്ഞതോ, നേരെയുള്ളതോ  ആയ മുതുകായിരിക്കും. 

ആണാനയാണ് ഏഷ്യക്കാരില്‍ കൊമ്പനാന. എന്നാല്‍ ആഫ്രിക്കന്‍ ആനകളില്‍ ആണിനും, പെണ്ണിനും കൊമ്പുണ്ട്. തുമ്പിക്കൈയിലെ വളയങ്ങളുടെ  എണ്ണവും ആഫ്രിക്കന്‍ ആനകളില്‍ കൂടുതലാണ്. കൂടാതെ ആഫ്രിക്കന്‍ ആനയുടെ തുമ്പിക്കൈയുടെ  അറ്റത്ത് രണ്ട് വിരലുകള്‍ ഉള്ളപ്പോള്‍ ഏഷ്യക്കാരന് ഒന്നേയുള്ളൂ. തൊലിയിലെ ചുളിവുകളും കൂടുതല്‍ ആഫ്രിക്കന്‍ ആനയിലാണ്. ബുദ്ധിശക്തിയില്‍ ഏഷ്യക്കാര്‍ തന്നെ മുന്നില്‍.

ആനയുടെ വായില്‍ നാല് പല്ലുകള്‍ രണ്ടെണ്ണം വീതം മേല്‍ത്താടിയിലും,  കീഴ്ത്താടിയിലും ഒരു ഇഷ്ടികയുടെ  വലിപ്പമുള്ള പല്ലുകള്‍ ആറു പ്രാവശ്യം മുളയ്ക്കുന്നു. പുറത്തേക്ക് നീണ്ടു വളരുന്ന ഉളിപ്പല്ലാണ്  ആനയുടെ കൊമ്പ്. 

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്ണാന ഒരു ദിവസം  പതിനെട്ടു മണിക്കൂര്‍ സമയം കൊണ്ട് 240 കിലോഗ്രാം  വരെ  തീറ്റയെടുക്കും. ഒപ്പം ഇരുന്നൂറു ലിറ്ററോളം വെള്ളവും.  ഉറക്കം തീരെ കുറവായതിനാല്‍ ഭക്ഷിക്കാൻ ഏറെ സമയം കിട്ടുന്നു.

 കുഞ്ഞിക്കണ്ണുളുള്ള ആനയ്ക്ക് കാഴ്ചശക്തി കുറവെങ്കിലും, കേള്‍വി ശക്തി കൂടുതലാണ്. മികച്ച ഓര്‍മ്മശക്തിയും ആനയുടെ സവിശേഷത 

ജീവിതകാലം മുഴുവന്‍ വളരുന്ന ആനക്കൊമ്പിന് മൂന്ന് മീറ്റര്‍ വരെ നീളം വരും. തുമ്പിക്കൈ  വസ്തുക്കളുടെ വലുപ്പം, ആകൃതി, താപനില എന്നിവ മനസ്സിലാക്കാന്‍ സഹായിക്കും. ഏറെ അകലെ  ഏകദേശം നാല് കിലോമീറ്റര്‍ വരെയുള്ള വെള്ളത്തിന്റെ  സാന്നിധ്യം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും. 

ഒന്നര മീറ്ററോളം വരുന്ന വാലില്‍ മികച്ച നിയന്ത്രണം. തുടര്‍ച്ചയായി   ശക്തിയിലാട്ടുന്ന ചെവി ദേഷ്യം വരുന്നതിന്റെ മുന്നറിയിപ്പാകാം

. കാല്‍പ്പാദത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഒരു കുഷ്യനായി പ്രവര്‍ത്തിച്ച് ശബ്ദമുണ്ടാക്കാതെ നടക്കാന്‍ സഹായിക്കുന്നു.

പെണ്ണാന (Cow Elephant), ആണാന (Bull Elephant), ആനക്കുട്ടി (Elephant Calf) എന്നിങ്ങനെ പേരുകള്‍. കാട്ടില്‍ കൂട്ടമായി കഴിയുന്ന കൂട്ടത്തെ നയിക്കുന്നത് പെണ്ണാനയാണ്. കൂട്ടത്തില്‍ നിന്ന് വിട്ടുപോകുന്നവന്‍  ഒറ്റയാന്‍. ഇഷ്ടപ്പെട്ട കൂട്ടത്തെ കണ്ടാല്‍ കൂടെ ചേരുകയും ചെയ്യാം.

അഞ്ചു കിലോഗ്രാമോളം വരുന്ന തലച്ചോറിന്റെ ബലത്തില്‍ തിമിംഗലം, ഡോള്‍ഫിന്‍, ആള്‍ക്കുരങ്ങ്, മനുഷ്യര്‍ എന്നിവയുടെ തൊട്ടടുത്ത് തന്നെ ബുദ്ധി ആനകള്‍ക്കുണ്ട്. 

ആനകളുടെ സംരക്ഷണത്തിനായി 1992-ല്‍ വനം, പരിസ്ഥിതി, കാലാവസ്ഥാ മാറ്റ മന്ത്രാലയം നടപ്പിലാക്കിയ  പദ്ധതിയാണ് പ്രോജക്ട് എലിഫന്റ്. ഇതിനായി ഇപ്പോള്‍ 32 ആന സംരക്ഷണ കേന്ദ്രങ്ങള്‍ (Elephant Reserves) 16 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലുണ്ട്. കേരളത്തില്‍ നാലെണ്ണം, ആനമുടി, വയനാട്, നിലമ്പൂര്‍, പെരിയാര്‍.ഇന്ത്യയിലെ 29,964 കാട്ടാനകളില്‍ 5706 എണ്ണം  കേരളത്തില്‍. മുന്‍പില്‍ കര്‍ണ്ണാടകയും, അസമും. 

കേരളത്തില്‍ നാട്ടാനകളുടെ എണ്ണം അഞ്ഞൂറോളം വരും.

drsabingeorge10@gmail.com

English Summary: World Elephant Day: Significance of The Day That Celebrates the Magnificent Creatures