പെരുമ്പാവൂർ മുടക്കുഴയിൽ പെരിയാര്‍വാലി കനാലിനുള്ളില്‍ ഭൂമിപിളര്‍ന്ന് വലിയ  ഗർത്തം രൂപപ്പട്ടു. കനാലിനോട് ചേര്‍ന്നുള്ള ബണ്ട് റോഡും തകര്‍ന്നു. വലിയ ശബ്ദത്തില്‍ ഭൂമിപിളര്‍ന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.

രാത്രി വലിയ ശബ്ദത്തോടെയാണ് ഭൂമി പിളര്‍ന്നത്. തൊട്ടുപിന്നാലെ കനാലിലുണ്ടായിരുന്ന വെള്ളം തൊട്ടടുത്തുള്ള പുരയിടങ്ങളില്‍ നിറഞ്ഞു. വീടുകളിലും ചെറിയതോതില്‍ വെള്ളം കയറി. ഉരുള്‍പൊട്ടലിനു സമാനമായ സാഹചര്യം. നാട്ടുകാരാകെ  ഭീതിയിലായി. ഉടന്‍ പൊലീസ് റവന്യൂ അധികൃതരെ വിവരമറിയിച്ചു .

കനാലിനുള്ളിലെ കോണ്‍ക്രീറ്റ് ഇടിഞ്ഞ് വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം വശത്തെ ബണ്ടും തകര്‍ന്നു. .ബണ്ടിലൂടെയുള്ള റോഡും പൊളിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ബണ്ട് അടിയന്തിരമായി പുനര്‍നിര്‍മിച്ച് കൃഷിയിടങ്ങളിലേക്ക് കനാല്‍ വെള്ളമൊഴുകുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജിയോളജി വിഭാഗം പരിശോധന നടത്തിയാല്‍ മാത്രമേ ഭൂമിപിളരാനിടയായ സാഹചര്യം വ്യക്തമാകൂ.

English Summary: Massive hole appears on Canal