ഇലക്ട്ര, വോല എന്നീ സ്വവർഗാനുരാഗികളായ പെൻഗ്വിൻ ദമ്പതികൾക്ക് കൂട്ടായി ഒരു കുഞ്ഞ് അതിഥിയെത്തി. യൂറോപ്പിലെ ഏറ്റവും വലിയ അക്വേറിയങ്ങളിൽ ഒന്നായ ഓഷ്യാനോഗ്രഫിക് വലൻസിയ എന്ന അക്വേറിയത്തിലാണ് പെൻഗ്വിൻ അമ്മമാർ മുട്ട ദത്തെടുത്തു വിരിയിച്ചത്. അതേ അക്വേറിയത്തിലെ ഇണകളുടെ മുട്ടയാണ് ഇവ വിരിക്കാനായി സ്വീകരിച്ചത്. ഇത് ആദ്യമായാണ് ഓഷ്യാനോഗ്രഫിക് അക്വേറിയത്തിൽ ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്ന് അക്വേറിയം അധികൃതർ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഇലക്ട്രയും വോലെയും ഉരുളൻകല്ലുകൾ പെറുക്കി വെച്ച് മുട്ട വിരിയിക്കാനുള്ള  തയ്യാറെടുപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അവ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുകയാണ് എന്ന് അക്വേറിയത്തിലെ ജീവനക്കാർ തിരിച്ചറിഞ്ഞത്.അങ്ങനെ മറ്റു രണ്ടു പെൻഗ്വിനുകളുടെ സമീപത്തു നിന്നും മുട്ട എടുത്ത് ഇലക്ട്രയ്ക്കും വോലെക്കും അരികിൽ വച്ചുകൊടുത്തു. രണ്ട് അമ്മമാരും ചേർന്ന് ഏറെ സന്തോഷത്തോടെ അടയിരുന്ന് മുട്ട വിരിയിക്കുകയായിരുന്നു.

പ്രകൃതിയിൽ മനുഷ്യനടക്കം 450 ഓളം  ജീവികളിൽ സ്വവർഗാനുരാഗം സാധാരണമാണ്. പെൻഗ്വിനുകളും ആ കൂട്ടത്തിൽ തന്നെ. എന്നാൽ  സ്വവർഗാനുരാഗത്തിന്റെ പേരിൽ രാജ്യാന്തരശ്രദ്ധ നേടുന്ന ആദ്യത്തെ പെൻഗ്വിൻ ഇണകൾ ഇലക്ട്രിയും വോലെയുമല്ല. ഓസ്ട്രേലിയയിലെ സീ ലൈഫ് സിഡ്നി അക്വേറിയത്തിലെ  സ്വവർഗാനുരാഗികളായ രണ്ട് ആൺ പെൻഗ്വിനുകൾ കഴിഞ്ഞ മൂന്നുവർഷത്തിനിടെ രണ്ട് മുട്ടകൾ വിരിയിച്ച സംഭവവും മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.

38 ദിവസം സമയമാണ് സാധാരണയായി പെൻഗ്വിനുകളുടെ മുട്ടകൾ വിരിയാൻ വേണ്ടി വരുന്നത്. കുഞ്ഞിന് 75 ദിവസം പ്രായമാകുമ്പോഴേക്കും അവ സ്വതന്ത്രരാവൻ പ്രാപ്തരാകും. എന്തായാലും തങ്ങളുടെ ആഗ്രഹം പോലെ ലഭിച്ച കുഞ്ഞിനെ ശ്രദ്ധയോടെ പരിചരിക്കുകയാണ് ഇലക്ട്രയും വോലെയും.

English Summary: 2 Penguin Moms Welcome a Baby in First for Spanish Aquarium