തെക്കൻ ഓസ്ട്രേലിയയിൽ  ശൈത്യകാലം പൂർവാധികം ശക്തിയോടെ അപ്രതീക്ഷിതമായി മടങ്ങിയെത്തിയിരിക്കുകയാണ്. തെക്കു കിഴക്കൻ മേഖലകളിൽ പലയിടങ്ങളിലും കഴിഞ്ഞ  ദിവസം കനത്ത മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമേ സിഡ്നി, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റും ഉണ്ടായതോടെ  തണുപ്പ് പിടിമുറുക്കിയിരിക്കുകയാണ്.

അന്റാട്ടിക്കൻ മേഖലയിൽ നിന്നും വീശിയടിക്കുന്ന ശക്തമായ കാറ്റാണ് ഓസ്ട്രേലിയയെ കൊടും തണുപ്പിലേക്ക് തള്ളിവിടുന്നത്. പലയിടങ്ങളിലും ശരാശരിയിൽ നിന്നും 10 ഡിഗ്രി താഴെയാണ് താപനില രേഖപ്പെടുത്തുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിഡ്നിയിൽ 115 കിലോമീറ്റർ വേഗതയിലാണ് കഴിഞ്ഞദിവസം കാറ്റടിച്ചത്. ഇതോടെ നഗരത്തിലെ വൈദ്യുതി സംവിധാനങ്ങൾ താറുമാറായതടക്കം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. 17000ത്തോളം വീടുകളിലേക്കുള്ള വൈദ്യുതിവിതരണം തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പല പ്രദേശങ്ങളിലും വരുന്ന ദിവസങ്ങളിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ടാസ്മാനിയയിലെ ക്രാഡിൽ പർവത മേഖലയിൽ 10 മുതൽ 20 സെൻറിമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തുന്നത്. ന്യൂസ് സൗത്ത് വെയിൽസിൽ ആകട്ടെ ഏഴ് സെൻറീമീറ്റർ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഉയർന്ന പ്രദേശങ്ങളിൽ പോലും മഞ്ഞുമൂടിയ അവസ്ഥയിലാണ്. പലയിടങ്ങളിലും കനത്ത ആലിപ്പഴ വർഷം വർഷംകൂടി ഉണ്ടായതോടെ  ശൈത്യകാലത്തിനേക്കാൾ തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയാണ്. മെൽബണിൽ 18 വർഷത്തിനുശേഷം ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു ഇന്നലെ.

സാധാരണയായി രണ്ട് മൂന്ന് വർഷത്തിനിടയിൽ ഒരു തവണയാണ് ഓസ്ട്രേലിയയിൽ മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. എന്നാൽ ഇത്തവണത്തെ മഞ്ഞുകാലം കഴിഞ്ഞതോടെ വീണ്ടും താപനില ശരാശരിയിലും താഴെയാകുന്നത് തികച്ചും അസാധാരണമാണ്. ആഴ്ച അവസാനത്തിലുടനീളം മഴയും തണുത്ത കാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പ്.

English Summary: Heavy snow, hail and thunderstorms hit South Australia