ലോകത്ത് പരിസ്ഥിതിയെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെടുത്താൽ അതിൽ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മാലിന്യങ്ങൾക്ക് ഉയർന്ന സ്ഥാനമുണ്ടാകും. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കാൻ സാധിക്കുകയില്ല. എന്നാൽ പ്രകൃതിദത്തമായ നശീകരണത്തിനു പ്ലാസ്റ്റിക് വിധേയമാകാത്തതു പരിസ്ഥിതിയിൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് എല്ലാവർക്കും അറിവുള്ള കാര്യം തന്നെയാണ്.

എന്നാൽ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്ന ഒരു സൂപ്പർ എൻസൈമുമായി വന്നിരിക്കുകയാണ് ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സർവകലാശാലയിലെ ഗവേഷകർ.പീറ്റേസ് (PETase) എന്ന എൻസൈമിനെ നവീകരിച്ചാണ് ഇവർ പുതിയ സൂപ്പർ എൻസൈം സൃഷ്ടിച്ചിരിക്കുന്നത്.പീറ്റേസിലേക്ക് മെറ്റേസ് (MHETase) എന്ന മറ്റൊരു എൻസൈമിനെ യോജിപ്പിച്ചാണു നവീകരണം സാധ്യമാക്കിയത്. ദിവസങ്ങൾക്കുള്ളിൽ വലിയ അളവിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ നശിപ്പിക്കാൻ ഇവയ്ക്കു പറ്റും.സാധാരണ രീതിയിലുള്ള പ്ലാസ്റ്റിക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ് ഇതിൽ നിന്നു ലഭിക്കുന്നത്. അതു മൂലം പ്ലാസ്റ്റിക്കിനെ നശിപ്പിച്ച് വീണ്ടും ഉപയോഗപ്രദമായ രീതിയിൽ സൃഷ്ടിക്കാൻ സാധിക്കും.

നിലവിൽ പോളി എത്തിലീൻ ടെറാഫ്താലേറ്റ് (പിഇടി) എന്ന വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കിനെ മാത്രമേ ഇതുപയോഗിച്ച് നശിപ്പിക്കാൻ പറ്റൂ. ബാഗുകൾ,കവറുകൾ, കുപ്പികൾ മറ്റു പാക്കേജിങ് സാമഗ്രികൾ തുടങ്ങി വിവിധ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഈ പ്ലാസ്റ്റിക്.ലോകത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ആറിലൊന്നും ഈ പ്ലാസ്റ്റിക്കാണ്. എന്നാൽ കണ്ടുപിടിത്തം ഒരു തുടക്കമാണെന്നും വിവിധ തരം പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മകോശജീവികളെ കണ്ടെത്താനുള്ള ശാസ്ത്രശാഖയ്ക്ക് ഇതു നാന്ദി കുറിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

∙ പ്ലാസ്റ്റിക്കിനെ തിന്നുന്ന ബാക്ടീരിയ

2016ൽ ജപ്പാനിൽ നടന്ന ഒരു കണ്ടുപിടുത്തത്തിന്റെ തുടർച്ചയാണ് സൂപ്പർ എൻസൈമിന്റെ ഗവേഷണം.ഇഡിയോനെല്ല സകൈനസ് എന്ന ഒരു പ്രത്യേകതരം ബാക്ടീരിയ പ്ലാസ്റ്റിക്കിനെ അതിവേഗത്തിൽ തിന്നു നശിപ്പിക്കുന്നുണ്ടെന്ന് ജപ്പാനിലെ ഏതാനും ഗവേഷകർ കണ്ടെത്തി.സൂക്ഷ്മകോശ ജീവികളെക്കുറിച്ചു പഠനം നടത്തുന്നവർക്കിടയിൽ വലിയ ചലനം സൃഷ്ടിച്ച കണ്ടുപിടുത്തമായിരുന്നു അത്.പക്ഷേ ബാക്ടീരിയ ഒരു മെല്ലെപ്പോക്കുകാരനായിരുന്നു. പ്ലാസ്റ്റിക് നശിപ്പിക്കാൻ ഒരുപാടു സമയമെടുത്തു.തുടർന്നാണ് ഗവേഷകർ കൂടുതൽ പഠനം നടത്തിയതും പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ ബാക്ടീരിയയെ സഹായിക്കുന്ന പീറ്റേസിനെ വേർതിരിച്ചെടുത്തതും‍.പിന്നീട് നവീകരണത്തിലൂടെ സൂപ്പർ എൻസൈം സൃഷ്ടിക്കുകയാണ് ഉണ്ടായത്. ഗവേഷണം തുടരാനും ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ എൻസൈം യാഥാർഥ്യമാക്കാനുമാണ് ഗവേഷകരുടെ ലക്ഷ്യം.

∙ കുടത്തിൽ കയറാത്ത ഭൂതം

പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ദുരന്തഫലം അനുഭവിക്കുന്നത് സമുദ്രജീവികളാണ്. എണ്‍പതു ദശലക്ഷം ടൺ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സമുദ്രത്തിൽ പ്രതിവർഷം എത്തുന്നുണ്ടെന്നാണു കണക്ക്. ലോകത്ത് ഓരോ മിനിറ്റിലും 10 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ആളുകൾ വാങ്ങുന്നുണ്ട്.ചൈനയാണ് ഇത്തരം കുപ്പികളുടെ നിർമാണത്തിനും ഉപഭോഗത്തിലും മുന്നിട്ടു നിൽക്കുന്നത്. ലോകമെമ്പാടും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ പകുതിയും ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. ഇവ ഉപയോഗശേഷം ആളുകൾ വലിച്ചെറിയും.നശീകരണമില്ലാതെ ഇവ കെട്ടിക്കിടക്കുന്നത് വരും കാലങ്ങളിൽ വൻ പ്രതിസന്ധിക്കാണു വഴിവയ്ക്കാൻ പോകുന്നത്.

നിലവിലെ പ്ലാസ്റ്റിക് പ്രതിസന്ധിയുടെ മൂന്നു മടങ്ങാകും വരും കാലങ്ങളിൽ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ തോത്. കോവിഡ് കാലത്ത് ഡിസ്പോസിബിൾ മാസ്കിന്റെ ഉപയോഗം കൂടിയതും പ്ലാസ്റ്റിക് പ്രതിസന്ധിയുടെ അളവു കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്. കുടം തുറന്നുവിട്ട ഭൂതത്തെപ്പോലെയാണ് പ്ലാസ്റ്റിക്. ഇതിനെ മെരുക്കിയെടുക്കേണ്ടത് കോവിഡാനന്തര ലോകത്തിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

English Summary: Scientists create 'super enzyme' that eats plastic bottles six times faster