ഇന്ന് ലോക ദേശാടനപ്പക്ഷിദിനം‌. ദേശാടനപ്പക്ഷികൾ ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നു എന്നാണു വിശ്വാസം. എറണാകുളം ജില്ലയെ ലോകവുമായി ബന്ധിപ്പിക്കുന്ന ചില പക്ഷി വിശേഷങ്ങൾ...ദേശാടനപ്പക്ഷികൾക്ക് ഇഷ്ടമാണീ നാടിനെ. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു ദേശാടനപ്പക്ഷികൾ പറന്നുവരുന്നു. ഇവിടെ ജീവിക്കുന്നു. പിന്നെ, യാത്ര തുടരുന്നു. ലോകത്തെ യോജിപ്പിക്കുന്ന യാത്രയിലൊരു കണ്ണിയായി എറണാകുളം ജില്ലയിലെ സ്ഥലങ്ങളും. അറിയാം, എറണാകുളം ജില്ലയിലെത്തുന്ന ദേശാടനപ്പക്ഷികളെയും അവർക്കു പ്രിയങ്കരമായ ഇടങ്ങളെയും.

വരവു വൈകുന്നു

ദേശാടകരുടെ ചിറകടിക്കു കാതോർക്കുകയാണു തട്ടേക്കാട്. കേരളത്തിലെ ആദ്യ പക്ഷിസങ്കേതത്തിൽ ദേശാടന പക്ഷികളെ സ്വീകരിക്കാനുള്ള ഒരുക്കം തകൃതി.പക്ഷികൾ എത്തിത്തുടങ്ങേണ്ട സമയമായെങ്കിലും ഹിമാലയത്തിൽ നിന്നുള്ള ഒരിനം പാറ്റപിടിയൻ ചെറുപക്ഷിയെ മാത്രമാണ് ഇതുവരെ നിരീക്ഷിക്കാനായത്. ഒക്ടോബർ ആദ്യം മുതൽ മാർച്ച് വരെയാണു ദേശാടകരുടെ വരവ്. ഡിസംബറിൽ കൂടുതലായുണ്ടാകും. 322 ഇനം പക്ഷികളെയാണു തട്ടേക്കാട് നിരീക്ഷിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം മൂലമാകാം ദേശാടകരുടെ വരവ് വൈകുന്നതെന്നാണു പക്ഷി നിരീക്ഷകൻ ഡോ. ആർ.സുഗതന്റെ അഭിപ്രായം.

 കക്കയിറച്ചിതേടിസൈബീരിയൻ കൊക്കുകൾ

99 ലക്ഷം രൂപയുടെ ഉത്തരവാദ ടൂറിസം പദ്ധതി വരുന്ന ജൈവസമ്പന്നമായ വളന്തകാട് ദ്വീപ് സൈബീരിയൻ കൊക്കുകളുടെ ഇഷ്ട സങ്കേതമാണ്. വേമ്പനാട്ടു കായലിനാൽ ചുറ്റപ്പെട്ട ദ്വീപിലെ കണ്ടൽക്കാടുകളിലാണ് ഇവ താവളമുറപ്പിച്ചിട്ടുള്ളത്. ദ്വീപിൽ സമൃദ്ധമായി കിട്ടുന്ന കക്കയിറച്ചിയാണ് ഇവയെ ഇങ്ങോട്ട് ആകർഷിക്കുന്നത്. വളന്തകാടിനോടു ചേർന്ന ചേപ്പനം, ചാത്തമ്മ എന്നിവിങ്ങളിലും ഇവ എത്താറുണ്ട്. ഒരു മാസം മുൻപ് കടൽക്കാക്കകൾ കൂട്ടത്തോടെ ദ്വീപിൽ എത്തിയത് വാർത്തയായതാണ്.

 ശാന്തം വൈപ്പിൻ

ഇടക്കാലത്തു ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രമായി മാറിയ സ്ഥലമാണ് വൈപ്പിൻ. നഗരങ്ങൾ വിട്ട്, ഇവ ശാന്തമായ ഇടങ്ങൾ തേടി വൈപ്പിനിലേക്ക് എത്തുകയായിരുന്നു.കറുത്ത തലയും നീണ്ടു വളഞ്ഞ കറുത്ത ചുണ്ടുമുള്ള കഷണ്ടിക്കൊക്കൻ, ചേരാക്കൊക്കൻ, ചായമുണ്ടി, ചാരമുണ്ടി, ചിമുണ്ടി, കാലിമുണ്ടി, ഇടമുണ്ടി, പെരുമുണ്ടി എന്നിങ്ങനെ പോകുന്നു കൊക്കുകളുടെ നിര.പവിഴക്കാലി, ചതുപ്പൻ, പുള്ളിക്കാടക്കൊക്ക്, കരിങ്കൊച്ച, വലിയ മണൽക്കോഴി തവിടൻ ഷ്രൈക്ക് തുടങ്ങിയ നീർപക്ഷികളെയും ഇവിടെ കാണാം. കാലാവസ്ഥ മാറുന്നതനുസരിച്ചു പുള്ളിച്ചുണ്ടൻ താറാവ്, ചൂളൻ എരണ്ട തുടങ്ങിയ ദേശാടനപ്പക്ഷികളും വിവിധയിനം എരണ്ടകളും ഇവിടെ സന്ദർശനത്തിനെത്തും.

∙ കൊച്ചി നഗരത്തിൽ മംഗളവനം, ഇടപ്പള്ളി, സുഭാഷ് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലും ദേശാടന പക്ഷികൾ എത്താറുണ്ടെങ്കിലും 30– 40 ഇനങ്ങളിലുള്ള പക്ഷികളെ മാത്രമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.

കൊച്ചി, പ്രിയപ്പെട്ട താവളം

കടൽ കടന്ന്, കിലോമീറ്ററുകളോളം ദൂരം പറന്നെത്തുന്ന ദേശാടന പക്ഷികളുടെ പ്രിയപ്പെട്ട താവളങ്ങളിലൊന്നാണു കൊച്ചി. ഏകദേശം 70- 100  ഇനങ്ങളിൽ പെടുന്ന ദേശാടന പക്ഷികൾ കൊച്ചിയിലെത്തുന്നുവെന്നാണു കണക്ക്. കായലും ചതുപ്പു നിലങ്ങളുമുള്ളതാണ് ദേശാടന പക്ഷികളെ കൊച്ചിയുൾപ്പെടെ കേരളീയ ഭൂപ്രകൃതിയിലേക്ക് ആകർഷിക്കുന്നത്.

സമയം

സാധാരണഗതിയിൽ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലത്താണു ദേശാടന പക്ഷികൾ വിരുന്നിനെത്തുന്നത്. യൂറോപ്പ്, മധ്യേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ അതിശൈത്യമാകുന്നതോടെ  അവിടെ നിന്ന് തണുപ്പു കുറഞ്ഞ ഭാഗങ്ങളിലേക്ക് ഇവ യാത്ര തുടങ്ങും. മാർച്ച് ആകുന്നതോടെ ഇവിടെ ചൂട് കൂടുകയും പക്ഷികൾ മടക്കയാത്ര തുടങ്ങുകയും ചെയ്യും.

തിരക്കാടയും തേൻകൊതിച്ചിയും

തിരക്കാടയും തേൻകൊതിച്ചിപ്പരുന്തുമാണ് മേഖലയിലെ പ്രധാന താരങ്ങൾ. തിരക്കാട,പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇവ കടൽ തീരങ്ങളിലും പാടവരമ്പത്തും തിരക്കിട്ട് ഓടി നടന്നാണു ഇര തേടുന്നത്.‘സാൻഡർലിങ്’എന്നാണ് ഇംഗ്ലീഷ് നാമം. തെക്കെ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രലിയ, ഇന്ത്യ, എന്നിവിടങ്ങളിലെല്ലാം ഇവയുടെ കൂട്ടം സന്ദർശനത്തിനെത്തും. ‘ക്രിസ്റ്റഡ് ഹണി ബസാർഡ്’ (ഓറിയന്റൽ ഹണി ബസാർഡ്)  എന്നും അറിയപെടുന്ന തേൻകൊതിച്ചിപ്പരുന്ത് എഷ്യയിലും സെബിരിയ മുതൽ ജപ്പാൻ വരെയുള്ള രാജ്യങ്ങളിലാണ് കുടുതലായി കാണപ്പെടുന്നത്.തേനും തേനിച്ചകളുടെ ലാർവകളെയും തേനിച്ചകളയും ചിലതരം വണ്ടുകളെയും ചിലപ്പോഴൊക്കെ ചെറുപക്ഷികളെയും ഭക്ഷിക്കും. ആണിനെക്കാൾ പെണ്ണിന് നീളവും വലുപ്പവും കുടുതലാണെന്നു പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ നിവിൻ ആന്റണി പറഞ്ഞു. 

 തണ്ണീർത്തടങ്ങൾ തേടി

ബ്ലാക്ക് ഹെഡഡ് ഐബിസ്നു പ്രിയപ്പെട്ട ഇടമാണ് കൂത്താട്ടുകുളത്തെ തണ്ണീർത്തടങ്ങൾ. കറുപ്പും വെളുപ്പും നിറങ്ങളോടെ കൊക്കിൻ രൂപമാണിവയ്ക്ക്. പറന്നുയരുമ്പോൾ മാത്രം ചിറകുകൾക്കടിയിൽ നേരിയ നിറവ്യത്യാസം കാണാം.കൂട്ടത്തോടെ പറക്കുമ്പോൾ പ്രത്യേകതരം ശബ്ദമുണ്ടാകും. വേലിയിറക്കനേരത്ത് മീൻകുഞ്ഞുങ്ങളെ പിടിച്ചു ശാപ്പിടും. അതിനാൽ ഇവ വരുന്ന നാളുകളിൽ മത്സ്യസമ്പത്തിൽ കുറവുണ്ടാകും. പക്ഷേ കൃഷിക്കു കേടുവരുത്തുന്ന കൃമികീടങ്ങളെയും തിന്നും. ഐബിസിൽ പലതും കുടിയേറ്റക്കാരാണ്. ഇവിടെത്തന്നെ വാസമുറപ്പിക്കുന്നുണ്ട് പലരും.

കുമ്പളങ്ങിയെന്ന സ്വപ്നഭൂമി

ദേശാടനപക്ഷികളുടെ സ്വപ്നഭൂമിയാണ് കുമ്പളങ്ങി-കണ്ടക്കടവ് പാടശേഖരവും പരിസരപ്രദേശങ്ങളും. ചെറു മത്സ്യങ്ങളും പുഴുക്കളുമാണ് ഇവയുടെ ഇഷ്ട ആഹാരം.പാടശേഖരത്തിൽ വന്നു മടങ്ങിയ പുള്ളിച്ചുണ്ടൻ കൊതുമ്പന്നം (സ്പോട്ട് ബിൽഡ് പെലിക്കൻ) എന്ന അപൂർവ ഇനം പക്ഷി ഇവിടെവച്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പിന്നീട് ആ കുഞ്ഞുങ്ങൾ പാടശേഖരത്തിൽ തന്നെ നിലയുറപ്പിച്ചു. ചൂളൻ എരണ്ട (ലെസർ വിസ്‌ലിങ് ഡക്ക്), വാലൻ എരണ്ട (നോർത്തേൺ പിൻടെയ്‌ൽസ്‌), വരി എരണ്ട (ഗാർഗാനി ഡക്ക്), രാജഹംസം (ഗ്രെയ്റ്റർ ഫ്ലെമിങ്കോ), പുള്ളിച്ചുണ്ടൻ കൊതുമ്പന്നം (സ്പോട്ട് ബിൽഡ് പെലിക്കൻ), വെള്ള അരിവാൾകൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്), വർണ കോക്ക് (പെയ്ന്റഡ് സ്റ്റോക്ക്) എന്നി ഇനങ്ങളിലെ ദേശാടകരെ ഇവിടെ സീസണായാൽ കാണാം.

 വേലിയിറക്കം കാത്ത്

ഏലൂർ, കളമശേരി വ്യവസായ മേഖലയിലെ ചതുപ്പുനിലങ്ങളിൽ പതിവുതെറ്റാതെ ദേശാടന പക്ഷികൾ എത്തുന്നു. പ്രളയം കൊണ്ടുവന്ന എക്കൽ നിറഞ്ഞുകിടക്കുന്ന പെരിയാറിൽ വേലിയിറക്ക സമയത്താണു വിവിധയിനം കൊക്കുകൾ എത്തുന്നത്.എക്കലിൽ കുരുങ്ങിയ മത്സ്യങ്ങളാണ് ഇവയുടെ ആഹാരം. വേലിയേറ്റം വരുമ്പോൾ ഇവയെല്ലാം മരച്ചില്ലകളിൽ ചേക്കേറുന്നതും രസമുള്ള കാഴ്ചയാണ്. പെയിന്റഡ് സ്റ്റോർക്കുകൾ മുൻവർഷങ്ങളിൽ എത്തിയ മറ്റൊരു പക്ഷിക്കൂട്ടമാണ്.

 യൂറോപ്പിൽ നിന്നുള്ള വിരുന്നുകാർ

സ്പോട്ടഡ് സാൻഡ് പൈപ്പർ (കടൽ കാക്കകൾ) ഇനത്തിലെ വിസ്കേഡ് ടേൻ (കരി ആള) പക്ഷികളെ കാലടിയിലും പരിസരങ്ങളിലും കാണാം. യൂറോപ്പിൽ നിന്നു വരുന്നവയാണ് ഈ പക്ഷികളെന്നു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സോഷ്യോളജി റിട്ട.പ്രഫസറും പക്ഷി നിരീക്ഷകനുമായ ഡോ.കെ.ജി.ദിലീപ് പറ‍ഞ്ഞു. ഗ്രീൻ വാർബ്ലെർ എന്നയിനം ചെറിയ ദേശാടന പക്ഷികളെയും കാലടിയിലും പരിസരങ്ങളിലും കാണാറുണ്ട്.പച്ചപ്പൊടി കുരുവി എന്നാണു ഇത് അറിയപ്പെടുന്നത്.   ഡോ.കെ.ജി.ദിലീപിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷകർ 11നു കൊച്ചിയിലെ സമുദ്ര തീരങ്ങളിൽ പക്ഷി ഗവേഷണം നടത്തുന്നുണ്ട്. മാർച്ച് വരെ മാസത്തിലൊരു ദിവസം ഇതു തുടരും.

ഇന്ത്യയിൽ 1200ഇനം പക്ഷികൾ

ഇന്ത്യയിൽ ആയിരത്തി ഇരുന്നൂറോളം ഇനം പക്ഷികളുണ്ട്. കേരളത്തിൽ അഞ്ഞൂറ്റി ഇരുപതോളം. ഇതിൽ 35–40 % ദേശാടകരാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ശൈത്യം കൂടുമ്പോഴാണു പക്ഷികൾ എത്തുന്നത്.

English Summary: World Migratory Bird Day