അന്‍റാര്‍ട്ടിക്കിന് മുകളിലുള്ള ഓസോണ്‍പാളിയുടെ ഭാഗത്തായാണ് സമീപകാലത്തെ ഏറ്റവും വലിയ ദ്വാരം രൂപപ്പെട്ടിരിക്കുന്നത്. ഓസോണ്‍ പാളിയില്‍ ഉണ്ടായിരിക്കുന്നത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദ്വാരമാണെന്ന് ഗവേഷകര്‍ പറയുന്നു. വലുപ്പത്തിന്‍റെ കാര്യത്തിലും ആഴത്തിന്‍റെ കാര്യത്തിലും ഈ ദ്വാരം സമീപകാലത്തെ ഏറ്റവും വലിയ ദ്വാരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ ഓസോണ്‍ ദ്വാരത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്തു വിട്ടത്.

ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലാണ് ഓസോണ്‍ പാളിയിലെ ദ്വാരം ഇത്രയധികം വലുതായതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. 24 ദശലക്ഷം സ്ക്വയര്‍ കിലോമീറ്ററാണ് ഒക്ടോബര്‍ ആദ്യം  ഈ ഓസോണ്‍ പാളിയുടെ വലുപ്പം. അതായത് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയേക്കാള്‍ വലുപ്പമുണ്ട് ഈ ഓസോണ്‍ ദ്വാരത്തിന്റെ വലുപ്പം എന്നര്‍ത്ഥം. കോപ്പര്‍നിക്കസ് അറ്റ്മോസ്ഫറിക് മോണിട്ടറിങ് സര്‍വീസ്, നാസ, കാനഡയുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സി എന്നവയുടെ സഹായത്തോടെയാണ് ഓസോണ്‍ പാളിയെ ലോക കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പഠനവിധേയമാക്കുന്നത്.

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് 23 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ ദ്വാരത്തിന്‍റെ വലുപ്പം. ഓസോണ്‍ പാളിയുടെ ശരാശരി വലുപ്പം നോക്കിയാല്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിതാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഭൂമിയില്‍ ഇപ്പോഴുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുമായി ഈ ഓസോണ്‍ ദ്വാരത്തിന് ബന്ധമില്ലെന്നതാണ് ആശ്വാസകരമായ കാര്യം. ശക്തിയേറിയ പോളാര്‍ വെര്‍ട്ടക്സ് എന്ന പ്രതിഭാസമാണ് ഈ ഓസോണ്‍ ദ്വാരത്തിന്‍റെ രൂപപ്പെടലിന് കാരണമായതെന്നാണ്  കരുതുന്നത്. അതുകൊണ്ട് തന്നെ ഈ ഓസോണ്‍ ദ്വാരം സ്ഥിരമായി നിലനില്‍ക്കാന്‍ സാധ്യതയില്ല. 

അതാത് സമയത്തെ കാലാവസ്ഥാ സാഹചര്യങ്ങളനുസരിച്ച് ഓസോണ്‍ പാളിയുടെ വലുപ്പം ഏറിയും കുറഞ്ഞും കാണപ്പെടാറുണ്ട്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് ഇത് രൂപപ്പെടുന്നത്. തുടര്‍ന്ന് വര്‍ഷാവസാനം ആകുമ്പോഴേക്കും ഈ ദ്വാരം ചുരുങ്ങുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ  അളവിലാണ് ഓസോണ്‍ ദ്വാരം കാണപ്പെട്ടത്. ഇവിടെ നിന്നാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന അളവിലേക്ക് ഓസോണ്‍ പാളിയിലെ ദ്വാരം വളര്‍ന്നത്. പോളാര്‍ വെര്‍ട്ടെക്സ് പ്രതിഭാസം ശക്തിയാര്‍ജിച്ചതാണ് ഇതിനു പിന്നിലെ കാരണമെന്നും ആശങ്കവേണ്ടെന്നും ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.

ഓസോണ്‍ ദ്വാരത്തിന് പിന്നിലെ കാരണങ്ങള്‍

ഓരോ വര്‍ഷവും ഓസോണ്‍ ദ്വാരം രൂപപ്പെടുന്നതിന്‍റെ അളവില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ഇതിന് ആഗോളതലത്തിലും, ദ്വാരം രൂപപ്പെട്ട പ്രദേശത്തുണ്ടാണ്ടായിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങളുമാണ് പ്രധാന കാരണം. 2020 ല്‍ ഇപ്പോള്‍ രൂപപ്പെട്ട ഈ ഓസോണ്‍ പാളി ദ്വാരത്തിന്  2018 ല്‍ രൂപപ്പെട്ട ഓസോണ്‍ പാളി ദ്വാരവുമായി സാമ്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ചുരുങ്ങിയത് കഴിഞ്ഞ 15 വര്‍ഷത്തെ കണക്കു നോക്കിയാലും ഏറ്റവും വലിയ ദ്വാരമാണ് ഇക്കുറി ഓസോണില്‍ രൂപപ്പെട്ടിരിക്കുന്നതെന്ന് കോപ്പര്‍നിക്കസ് അറ്റ്മോസ്ഫിയര്‍ മോണിട്ടറിങ് സർവീസിലെ ഗവേഷകനായ വിന്‍സന്‍റ് ഹാരി പ്യൂച്ച് പറയുന്നു. 

അന്‍റാര്‍ട്ടിക്കില്‍ കഴിഞ്ഞ ആഴ്ചയോടെ പ്രദേശത്തു ലഭിക്കുന്ന സൂര്യപ്രകാശത്തിന്‍റെ ശക്തി വർധിച്ചിട്ടുണ്ട്. ഇതോടെയാണ് കഴിഞ്ഞയാഴ്ച ഓസോണിലെ ദ്വാരത്തിന്‍റെ വലുപ്പവും വർധിച്ചിരിക്കുന്നത്. അതേസമയം ഓസോണ്‍ ദ്വാരം വലുതാകാന്‍ ഇടയായതിന് പിന്നില്‍ സോളാര്‍ വെര്‍ട്ടക്സ് പ്രതിഭാസമാണെങ്കിലും ഈ ദ്വാരം പൂര്‍ണമായും ഇല്ലാതാകണമെങ്കില്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ഇനിയെങ്കിലും കൃത്യമായി നടപ്പാക്കണമെന്നും വിന്‍സന്‍റ് ചൂണ്ടിക്കാട്ടുന്നു.ഇതിലൂടെ മാത്രമെ ഓസോണിനെ ദ്രവിപ്പിക്കുന്ന ഘടകങ്ങള്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നത് അവസാനിപ്പിക്കാനും ഇതുവഴി ഓസോണിനെ സംരക്ഷിക്കാനും സാധിക്കുകയുള്ളൂ.

ഓസോണ്‍ പാളി

ഭൂമിക്ക് മുകളിലുള്ള അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറില്‍ 15 കിലോമീറ്ററിനും 30 കിലോമീറ്ററിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന മേഖലയെ ആണ് ഓസോണ്‍ പാളി എന്നു വിളിക്കുന്നത്. ഓസോണ്‍ ഗ്യാസിന്‍റെ സാന്നിധ്യം വലുതായി കാണപ്പെടുന്ന ഈ മേഖല ഭൂമിക്ക് ഒരു സംരക്ഷണ പാളിയായാണ് നില കൊള്ളുന്നത്. സൂര്യരശ്മിയിലെ മാരകമായുള്ള വസ്തുക്കളെ തടഞ്ഞ് പ്രതിഫലിപ്പിച്ച് തിരിച്ചയയ്ക്കുന്നത് ഈ ഓസോണ്‍ പാളിയാണ്. മനുഷ്യനിര്‍മിതമായ രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിനു കാരണമാകുന്നത്. 1970 കളിലാണ് ഇത് ആദ്യമായി ശ്രദ്ധയില്‍ പെട്ടത്. റഫ്രിജറേറ്ററുകളിലും മറ്റും തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗ്യാസിലെ ഘടകങ്ങളാണ് ഓസോണില്‍ സുഷിരമുണ്ടാക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നത്.

1990 കളില്‍ ഈ പ്രതിസന്ധി ഗുരുതരമായി. തുടര്‍ന്ന് ഇത്തരം വാതകങ്ങള്‍ നിരോധിച്ചും, നിയന്ത്രിച്ചും ലോകരാജ്യങ്ങള്‍ മോണ്‍ട്രിയല്‍ കരാറില്‍ ഒപ്പു വച്ചു. ഇന്നുവരെ ലോകരാജ്യങ്ങള്‍ ഒപ്പുവച്ച പരിസ്ഥിതി കരാറുകളില്‍ ഒരു പരിധി വരെയെങ്കിലും വിജയിച്ചു എന്നു പറയാനാകുന്നത് മോണ്‍ട്രിയല്‍ കരാറാണ്. എന്നാല്‍ ഇപ്പോഴും ഈ കരാറിലെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നേടിയെടുത്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഓസോണിലെ ദ്വാരം ഇന്നും ആശങ്കയായി തുടരുന്നതും. 

English Summary: The Hole In The Ozone Layer Is The Biggest In The Last Decade