നവംബർ 20 ന്  റഷ്യയിലെ കിഴക്കൻ പ്രമോർസ്കി മേഖലയിലുണ്ടായ ശക്തമായ മഞ്ഞ് മഴയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മരങ്ങളും ഇലക്ട്രിക് ലൈനുകളും വാഹനങ്ങളും  കെട്ടിടങ്ങളുമടക്കം ഒരു പ്രദേശമാകെ ഐസ് മൂടിയ നിലയിലായത് ചിത്രങ്ങളിൽ കാണാം.

ശക്തമായ മഞ്ഞ് മഴയെത്തുടർന്ന് വൈദ്യുതി ലൈനുകളും ജലവിതരണവുമെല്ലാം താറുമാറായി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഐസിനുള്ളിൽ ഉറഞ്ഞു പോയ  നിലയിലാണ്. മരങ്ങളിലും ചെടികളിലും ഇലകൾ പോലും കാണാനാവാത്ത വിധം ഐസ് മൂടി. പ്രാദേശിക ഭരണകൂടവും പ്രദേശത്ത് ജീവിക്കുന്നവരും പകർത്തിയ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ജല-വൈദ്യുത സംവിധാനങ്ങൾ താറുമാറായതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളാണ് കൊടുംതണുപ്പിൽ ദുരിതത്തിലായത്. വ്ലാഡിവോസ്റ്റോക്ക് എന്ന പ്രദേശത്തെ താപനില മൈനസ് ഡിഗ്രിലാണ്. ഇവിടെ ശക്തമായ മഴ പെയ്തതോടെ ജലം ഐസായി മാറുകയായിരുന്നു.

30 വർഷത്തിനിടെ ഇതാദ്യമായാണ് കാലാവസ്ഥ ഇത്തരത്തിൽ വിചിത്രമായ രീതിയിൽ  മാറുന്നത്. അസാധാരണമായ ഈ പ്രതിഭാസം ആഗോളതലത്തിലുള്ള  കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലമാണ് എന്ന് പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഗ്രീൻ പെട്രോൾ  എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറായ റോമൻ പുക്കലോവ് പറയുന്നു. വൈദ്യുതി വിതരണവും ജലവിതരണവും പുനക്രമീകരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു വരികയാണ്.സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

English Summary: Bone-Chilling Images From Russia's Vladivostok Show The After-Effects Of Freak Ice Storm