നാഗാലാൻഡിലെ മോൺ ജില്ലയിലെ വാഞ്ചിങ് ഗ്രാമത്തിൽ വജ്രങ്ങൾക്ക് സമാനമായ കല്ലുകളുടെ വൻശേഖരം കണ്ടെത്തിയതായി വാർത്ത പുറത്തുവന്നിരുന്നു. ഇതറിഞ്ഞെത്തിയ ജനക്കൂട്ടം സ്ഥലത്തെത്തി കല്ലുകൾ വാരിക്കൂട്ടി. ഇതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അധികൃതർ രംഗത്തെത്തുകയായിരുന്നു. ജനം കൂട്ടമായി എത്തി വജ്രത്തിന് സമാനമായ കല്ലുകൾ പെറുക്കിയെടുക്കുന്നതും സ്ഥലം കുഴിച്ച് നോക്കുന്നതുമായ വിഡിയോകൾ പുറത്തുവന്നതോടെയാണ് അധികൃതർ ഇക്കാര്യം അറിയുന്നത്.

നവംബർ 25ലാണ് കൃഷിയിടത്തിൽ കിളയ്ക്കുന്നതിനിടയിൽ ഒരു കർഷകന് തിളങ്ങുന്ന ഒരു കല്ല് ലഭിച്ചത്. ഇതറിഞ്ഞതോടെ പ്രദേശവാസികൾ ഇവിടേക്കൊഴുകിയെത്തുകയായിരുന്നു. വജ്ര ശേഖരം കണ്ടെത്തിയെന്ന നിലയിലാണ് വാർത്ത പ്രചരിച്ചത്. കുഴിച്ചു നോക്കിയവർക്കെല്ലാം തന്നെ തിളങ്ങുന്ന കല്ലുകൾ കിട്ടിയതോടെ സംഭവം ജനശ്രദ്ധനേടുകയായിരുന്നു.

ഇതിനിടെ പലരും തങ്ങൾക്കു കിട്ടിയ കല്ലുകൾ വജ്രമെന്ന വിശ്വാസത്തിൽ വിൽക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച്  വിശദമായി പഠിച്ച.നാഗാലാന്‍ഡ് ജിയോളജി വിഭാഗം തിളക്കമുള്ള കല്ലുകൾ വജ്രമല്ലെന്നും ക്വാർട്സ് എന്നറിയപ്പെടുന്ന വിലകുറഞ്ഞ കല്ലുകളാണെന്നും ഒടുവിൽ കണ്ടെത്തി. കൂടുതൽ പഠനങ്ങൾക്കായി സാമ്പിളും ശേഖരിച്ചാണ് സംഘം മടങ്ങിയത്.

English Summary: Sparkling stones found in Nagaland could be quartz, say geologists