അമേരിക്കയിലെ യൂട്ടയിൽ കണ്ടെത്തിയ അജ്ഞാത ലോഹസ്തംഭം അപ്രത്യക്ഷമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ലോഹസ്തംഭത്തിനു പിന്നാലെയായിരുന്നു ശാസ്ത്രലോകം. യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് നവംബർ 18ന്  ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്.

വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി സ്തംഭം കണ്ടെത്തുകയായിരുന്നു. തികച്ചും വിജനമായ മരുഭൂമിയിൽ എങ്ങനെ ഇത്തരമൊരു സ്തംഭമെത്തി എന്നതാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്ത്. വന്നതുപോലെ തന്നെ അപ്രത്യക്ഷമായി ഇപ്പോൾ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ‘നിഗൂഢ’ ലോഹസ്തംഭം. അന്യഗ്രഹ ജീവികൾ ഭൂമിയിൽ അവശേഷിപ്പിച്ചു പോയതാവാം ഇതെന്ന രീതിയിലും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ സ്തംഭം മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലായിരുന്നു. അതിനാൽ ആകാശത്തുനിന്നും  താഴേക്കു പതിച്ചതല്ലെന്ന നിഗമനത്തിലായിരുന്നു ഗവേഷകർ. ഏതെങ്കിലും കലാകാരൻമാരുടെ കാലാസൃഷ്ടിയാകാം ഇതെന്നും അഭിപ്രായം ഉയർന്നിരുന്നു.

തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് സ്തംഭം  ഈ ലോഹസ്തംഭം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിൽ  ചുവന്ന പാറക്കെട്ടുകൾക്കുള്ളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തെക്കുറിച്ചും സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ  അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ സാഹസിക സഞ്ചാരികൾ ഗൂഗിൾ മാപ്പുപയോഗിച്ച് സ്ഥലം കണ്ടെത്തി ഇവിടം സന്ദർശിക്കുകയും ലോഹസ്തംഭത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി നിരവധി സഞ്ചാരികൾ ഇവിടേക്കെത്തിയിരുന്നു. അജ്ഞാതർ വെള്ളിയാഴ്ച രാത്രി തന്നെ ലോഹസ്തംഭം ഇവിടെ നിന്നു നീക്കം ചെയ്തതായി യൂട്ടയിലെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.

പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ  ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നാണ് നിഗമനം

സ്തംഭത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയിരുന്നു ലോകമാകെ പ്രതിസന്ധിയിലായ 2020 എന്ന വർഷം പുനരാരംഭിക്കാനുള്ള ബട്ടൻ ആണിതെന്നും, കോവിസ് 19 നുള്ള വാക്സിൻ സ്തംഭത്തിനുള്ളിലുണ്ടാവാമെന്നുമെല്ലാമുള്ള രസകരമായ പ്രതികരണങ്ങളും സ്തംഭത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്  ‘നിഗൂഢ’ ലോഹസ്തംഭം അപ്രത്യക്ഷമായത്.

English Summary: Mysterious Metal Monolith In US Desert Reportedly Disappears