അമ്പലമുകള്‍ കൊച്ചി റിഫൈനറിയുടെ പെട്രോ കെമിക്കല്‍ പ്ലാന്റിന് ചേര്‍ന്നൊഴുകുന്ന തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കമ്പനിയില്‍ നിന്നുള്ള രാസമാലിന്യം വ്യാപകമായി തോട്ടിലേക്ക് ഒഴുകിയെത്തുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. എന്നാല്‍ റിഫൈനറിയില്‍ നിന്നുള്ള രാസമാലിന്യം ജലാശയത്തില്‍ കലര്‍ന്നിട്ടില്ലെന്ന് റിഫൈനറി അധികൃതര്‍ അറിയിച്ചു.

പെരിയാര്‍ വാലി ഇറിഗേഷന്‍ കനാലിനെ ചിത്രപ്പുഴയുമായി ബന്ധിപ്പിക്കുന്നതാണ് ഏറ്റിക്കര, അടൂര്‍കര, കക്കാട് ഭാഗങ്ങളിലൂടെ ഒഴുകുന്ന ഈ തോട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശങ്ങളിലെല്ലാം തോടിന്റെ കാഴ്ച ഇതാണ്. മീനുകള്‍ കൂട്ടമായി ചത്ത് പൊങ്ങുന്നു. നിറം മാറി രാസമാലിന്യത്തിന്റെ ദുര്‍ഗന്ധവും പേറിയാണ് ജനവാസകേന്ദ്രങ്ങളിലൂടെ തോട് ഒഴുകുന്നത്. കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമാകുമോയെന്ന ആധിയിലാണ് നാട്ടുകാര്‍.

ഏകദേശം ആറ് മാസത്തോളമാകുന്നു ഇടയ്ക്കിടെ തോട്ടിലൂടെ രാസമാലിന്യം ഒഴുകിയെത്താന്‍ തുടങ്ങിയിട്ട്. കമ്പനിക്കുള്ളിലൂടെയും ഈ  തോട് ഒഴുകുന്നുണ്ട്. പ്ലാന്റിലെ ഒാവ് ചാലിലൂടെ രാസമാലിന്യം തോട്ടിലെ വെള്ളത്തില്‍ കലരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ കമ്പനിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തിയെന്നും രാസമാലിന്യ ചോര്‍ച്ച ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കൊച്ചി റിഫൈനറി അധികൃതര്‍ അറിയിച്ചു. റിഫൈനറിക്കുള്ളിലൂടെ ഈ തോട് ഒഴുകുന്ന ഭാഗത്ത് വെള്ളം മലിനമായിട്ടില്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

English Summary:  Large number of fish found dead in river due to water pollution