ചെങ്കണ്ഠൻ വരമ്പൻ. Red-throated Pipit. Image Credit: Raveendran KC

തൃശൂർ കോൾപാടങ്ങളിൽ സമൃദ്ധമായി കാണപ്പെട്ടിരുന്ന നീർപ്പക്ഷികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ഏഷ്യൻ വാട്ടർബേഡ് സെൻസസിന്റെ ഭാഗമായി തൃശൂർ – പൊന്നാനി കോൾമേഖലയിലെ  മാറഞ്ചേരി, ഉപ്പുങ്ങൽ, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കൽ, ഏനാമാവ്, പുല്ലഴി, അടാട്ട്, മുള്ളൂർക്കായൽ തുടങ്ങിയ ഇടങ്ങളിൽ നടത്തിയ സർവേയിലാണ് നീർപ്പക്ഷികളുടെ കുറവു കണ്ടെത്തിയത്. 

Hoopoe (ഉപ്പൂപ്പൻ) Image Credit: Sreekumar K Govindankutty

പക്ഷിപ്പനി കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദേശാടനപ്പക്ഷികൾ കുട്ടത്തോടെ ചാകുന്നുണ്ടോ എന്നു പരിശോധിച്ചെങ്കിലും  പ്രത്യേകിച്ചെന്തെങ്കിലും  കണ്ടെത്താനായിട്ടില്ല. 56 ഇനങ്ങളിലായി 16,000 ഓളം പക്ഷികളെ കോൾമേഖലയിൽ നിരീക്ഷകർ കണ്ടെത്തി. കഴിഞ്ഞ 3 വർഷത്തിനിടെ പക്ഷികളുടെ എണ്ണം പാതിയോളമായി കുറഞ്ഞെന്നാണ് സർവേഫലം. 2018ൽ 33,499 പക്ഷികളെ കണ്ടെത്തിയിരുന്നു. 2019ൽ 27,519 ആയി. കഴിഞ്ഞവർഷം 22,049 ആയും കുറഞ്ഞു. 

പുള്ളിച്ചുണ്ടൻ കൊതുമ്പന്നം. Spot-billed pelican. Image Credit: Sneha Binil

എരണ്ടകൾ, വർണക്കൊക്ക്, ഞവുഞ്ഞിപ്പൊട്ടൻ, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീർക്കാക്കകൾ തുടങ്ങിയവയുടെ എണ്ണത്തിൽ ഇത്തവണ കാര്യമായ കുറവു രേഖപ്പെടുത്തി. ചാരത്തലയൻ തിത്തിരി, കായൽപുള്ള്, ചെങ്കണ്ഠൻ വരമ്പൻ, വെള്ളക്കറുപ്പൻ മേടുതപ്പി, താലിപ്പരുന്ത്, പുള്ളിച്ചുണ്ടൻ പെലിക്കൺ, മീവൽക്കാട തുടങ്ങിയ പക്ഷികളെയും സർവേയ്ക്കിടെ കണ്ടെത്താനായി. 

ചാരത്തലയൻ തിത്തിരി .Grey-headed lapwing. Image Credit: Arun Geroge

കോൾപ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോൾ ബേഡേഴ്സും കാർഷിക സർവകലാശാല വന്യജീവി പഠനവിഭാഗവും സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. സി.പി. സേതുമാധവൻ, മുകുന്ദൻ കിഴക്കേമഠം, മിനി ആന്റോ, ജയ്ദേവ് മേനോൻ, കെ.ബി. നിഥീഷ്, ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി, ലതീഷ് ആർ. നാഥ്, അരുൺ ജോർജ്, പി.കെ. സിജി, വിവേക് ചന്ദ്രൻ,  ഇ.ആർ. ശ്രീകുമാർ, ശ്രീഹരി, മനോജ് കരിങ്ങാമഠത്തിൽ, അദിൽ നഫർ, കൃഷ്ണകുമാർ കെ.അയ്യർ, സുബിൻ മനക്കൊടി, മാത്യൂസ് തെക്കേത്തല, എസ്. പ്രശാന്ത്, കെ.സി. രവീന്ദ്രൻ, ഷിനോ കൂറ്റനാട് തുടങ്ങി അൻപതോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു. 

English Summary: Asian Waterbird Census