ഉയരം കുറഞ്ഞ ജിറാഫുകളോ?  ജിറാഫുകളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിലേക്കെത്തുന്നത് അവയുടെ ഉയരമാണ്. നീണ്ട കഴുത്തുകളും നീണ്ട കാലുകളുമുളള ജിറാഫുകൾ ഭൂമിയിലെ ഉയരം കൂടിയ ജീവികളാണ്. എന്നാൽ ഉയരം കുറഞ്ഞ കുള്ളൻ ജിറാഫുകളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ നമീബിയയിലും ഉഗാണ്ടയിലുമാണ് ഉയരമില്ലാത്ത ജിറാഫുകളെ കണ്ടെത്തിയത്. സാധാരണയായി പതിനഞ്ച് മുതൽ ഇരുപത് അടി വരെയാണ് ജിറാഫുകളുടെ നീളം. അതായത് ഏകദേശം നാലര മുതൽ ആറ് മീറ്റർ വരെ ഉയരം.

ഇപ്പോൾ കണ്ടെത്തിയ ജിറാഫുകൾക്കാകട്ടെ ഒൻപതടിയിൽ താഴെ ഉയരം മാത്രമെയുളളൂ. ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷൻ നടത്തിയ ഗവേഷണത്തിലാണ് ഇത്രയും ചെറിയ ജിറാഫുകളുമുണ്ടെന്ന കണ്ടെത്തലിലേക്ക് ജന്തുശാസ്ത്ര ലോകമെത്തുന്നത്.  ബ്രിട്ടിഷ് മെഡിക്കൽ ജേർണലിലൂടെയാണ് ഫൗണ്ടേഷൻ ഈ കണ്ടെത്തൽ പ്രസിദ്ധപ്പെടുത്തിയത്. കുള്ളൻ ജിറാഫുകളുടെ കഴുത്തുകൾക്ക് നീളമുണ്ടെങ്കിലും കാലുകൾ തീരെ കുറുകിയതാണ്.

സ്കെലെറ്റൽ ഡിസ്‍െലപ്സിയ എന്ന അവസ്ഥയാണ് ഉയരക്കുറവിന് കാരണം. മനുഷ്യരിൽ സാധാരണയായി കാണുന്ന ഈ ശാരീരികാവസ്ഥ വന്യമൃഗങ്ങളിൽ വളരെ അപൂർവമായി മാത്രമേ കണ്ടുവരാറുളളൂ. കുഞ്ഞൻ ജിറാഫുകൾ കൗതുകക്കാഴ്ചയാണെങ്കിലും ആഹാരം കിട്ടുന്നതിലും ഇണചേരുന്നതിനും പൊക്കക്കുറവ് ഇവയ്ക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.

English Summary: Discovery of Two Dwarf Giraffes in Namibia and Uganda Leaves Scientists Stunned