ജെല്ലി ഫിഷുകൾ കാരണം കാസർകോട് കവ്വായി കായലിൽ മല്‍സ്യബന്ധനം നിലച്ചു. ജെല്ലി ഫിഷുകള്‍ ദേഹത്തുകൊണ്ടാല്‍ അസഹനീയമായ ചൊറിച്ചില്‍ ഉണ്ടാകുന്നതിനാലാണ് മല്‍സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തം നിര്‍ത്തിയത്. കവ്വായി കായലില്‍നിന്ന് മീന്‍പിടിച്ച് അത് വിറ്റുകിട്ടുന്ന പണം കൊണ്ട് ഉപജീവനം നടത്തിയിരുന്ന മല്‍സ്യത്തൊഴിലാളികളാണ് ജെല്ലി ഫിഷ് കാരണം ഇപ്പോള്‍ ദുരിതത്തിലായത്. തൃക്കരിപ്പൂര്‍ വലിയപറമ്പ് പഞ്ചായത്തുകളിലെ ആളുകളാണ് പ്രധാനമായും കവ്വായി കായലിന്‍റെ ഗുണഭോക്താക്കള്‍. 

നൂറുകണക്കിന് മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് ഇറങ്ങിയിരുന്ന ഇവിടെ ഇപ്പോള്‍ തൊഴിലാളികള്‍ നന്നേ കുറഞ്ഞു. രണ്ടുമാസം മുന്‍പാണ് കായലിന്‍റെ ചില പ്രദേശങ്ങളില്‍ ജെല്ലി ഫിഷിനെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കായലിലാകെ വ്യാപിച്ചു. ഇവ ദേഹത്തുകൊണ്ടാല്‍ ഉണ്ടാകുന്ന അസഹനീയമായ ചൊറിച്ചിലും പൊള്ളലും കാരണം മല്‍സ്യബന്ധനം സാധ്യമല്ലാതായി. ശക്തമായ കാറ്റും അടിയൊഴുക്കും ഉണ്ടായാല്‍ മാത്രമാണ് ജെല്ലി ഫിഷുകള്‍ കായലില്‍നിന്ന് പോകുള്ളു എന്നാണ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.

English Summary:  Jellyfish blooms pose threat to Kavvayi Lake