ഇസ്രയേലിന്റെ ദേശീയ പക്ഷിയായ ഹൂപ്പോ പാവറട്ടി ഏനാമാവ് കോൾപ്പാടത്ത് വിരുന്നെത്തി. മതുക്കര കനാൽ ബണ്ടിനരികിലെ മരച്ചില്ലകളിൽ വൈൽ‍ഡ് ലൈഫ് ഫോട്ടോഗ്രഫർ റിജോ പി.ചിറ്റാട്ടുകരയാണ് ഇതിനെ കണ്ടെത്തിയത്. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഉഷ്ണമേഖയിൽ നിന്നുള്ള പക്ഷികൾ കോൾപ്പാടങ്ങളിൽ കാണുന്നത് അപൂർവമാണ്.

ചൂടുകൂടിയ വരണ്ട മുൾക്കാടുകളും കള്ളിച്ചെടുകളും നിറഞ്ഞ പ്രദേശങ്ങളാണ് ഇതിനിഷ്ടം. തണ്ണീർത്തടങ്ങളിൽ ഇത് എത്തിയത് വരാനിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെയും വരൾച്ചയെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പുരാതന ഇൗജിപ്തിൽ ഇതിനെ വിശുദ്ധ പക്ഷിയായാണ് കണ്ടിരുന്നത്. ചില രാജ്യങ്ങളിൽ ഇവ മരണത്തിന്റെ പക്ഷിയെന്നും പറയാറുണ്ട്. 

കറുപ്പും വെളുപ്പും നിറഞ്ഞ സീബ്ര വരകൾ പോലെയുള്ള ചിറകുകൾ, വളഞ്ഞ് നീണ്ട കൊക്കുകൾ, ഒപ്പം മടക്കാനും നിവർത്താനും കഴിയുന്ന തൂവലുകൾ നിറഞ്ഞ തലയിലെ ശിഖ എന്നിവയാണ് ഇതിന്റെ പ്രത്യേകത. കറുപ്പും വെളുപ്പും നിറഞ്ഞ ശിഖ നിവർത്തുന്നത് അപൂർവമാണ്. 

മണ്ണിൽ നടന്ന് ചെറിയ പ്രാണികളെയും കായകളും ഭക്ഷിക്കുന്ന ഇവ മരപ്പൊത്തിലാണ് കൂടു കൂട്ടുക. ശരീരത്തിൽ നിന്നു ദുർഗന്ധം വരുത്തിയാണ് ശത്രുക്കളിൽ നിന്നും ഇവ രക്ഷ നേടുക.

English Summary: Israel's national bird Hoopoe spotted in Thrissur Kole Wetlands