ഈ സീസണിലെ ആദ്യ ആമക്കൂട് കണ്ടെത്തിയ ആഹ്ലാദത്തിൽ നീലേശ്വരം തൈക്കടപ്പുറം നെയ്തൽ പ്രവർത്തകർ. കടലാമകൾ മുട്ടയിടുന്ന സീസൺ തുടങ്ങി 5 മാസം പിന്നിടാറായിട്ടും ഇക്കുറി മുട്ടകളൊന്നും കിട്ടിയിരുന്നില്ല. അഴിത്തലയിൽ നിന്നു പി.കെ.പവനനാണ് 151 മുട്ടകൾ അടങ്ങിയ വലിയ കൂട് കണ്ടെത്തിയത്. നെയ്തൽ പ്രവർത്തകരായ ഡോ.കെ.രാധാകൃഷ്ണൻ, കെ.പ്രവീൺകുമാർ എന്നിവർക്കൊപ്പം കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ ബനീഷ് രാജ്, നീലേശ്വരം നഗരസഭാ കൗൺസിലർ കെ.വി.ശശികുമാർ, എം.വി.തമ്പാൻ, എ.പ്രദീപൻ എന്നിവർ എത്തി മുട്ടകൾ നെയ്തൽ ഹാച്ചറിയിലേക്കു മാറ്റി. 

ഒലിവ് റെഡ്‌ലി വിഭാഗത്തിൽ പെട്ട ആമകളുടെ മുട്ടകൾ 40–60 ദിവസങ്ങൾക്കകമാണ് വിരിഞ്ഞിറങ്ങുക. കേരള തീരത്ത് ഇക്കുറി ആകെ 6 കൂടുകൾ മാത്രമാണ് കണ്ടെത്താനായത് ഡോ. കെ.രാധാകൃഷ്ണൻ പറഞ്ഞു. മുട്ടയിടാൻ തീരക്കടൽ തേടിയെത്തുന്ന ആമകൾ കടലിൽ ഉപേക്ഷിക്കുന്ന വലകളിൽ കുടുങ്ങി ചത്തുപോകുന്നതാണ് കാരണമെന്നു നെയ്തൽ പ്രവർത്തകൻ കെ.പ്രവീൺ കുമാർ പറഞ്ഞു. കഴിഞ്ഞ മൺസൂൺകാലത്തു മാത്രം ഇരുപതോളം ആമകളാണ് ഇത്തരം വലകളിൽ കുരുങ്ങി അവശനിലയിൽ തീരത്തടിഞ്ഞത്. മാർച്ച് വരെ നീളുന്ന സീസണിൽ ഇനിയും കടലാമ മുട്ടകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് നെയ്തൽ പ്രവർത്തകർ.

English Summary: Neythal Volunteers guard endangered sea turtles in Thaikadappuram Beach, Nileshwaram