കേരളത്തിന്റെ ചെക്ക്ഡാം ആശയം കടമെടുത്ത് വർഷത്തിൽ മൂന്നരമാസം മാത്രം മഴ പെയ്യുന്ന ജാർഖണ്ഡിൽ ജല വിപ്ലവം സൃഷ്ടിക്കുകയാണ് അജയ് ശർമയെന്ന മനുഷ്യ സ്നേഹി. ആദിവാസികൾക്ക് മഹാഭുരിപക്ഷമുള്ള ഖുന്തി ജില്ലയെ പച്ചപ്പണിയിക്കാൻ  വെൽഫെയർ സൊസൈറ്റിയെന്ന സന്നദ്ധ സംഘടന സ്ഥാപിച്ച് ജില്ലയുടെ ദാഹം ശമിപ്പിച്ച അജയ്ശർമ ഇന്ന് ഗ്രാമവാസികളുടെ കാണപ്പെട്ട ജലഭായി.

ജലസംരക്ഷണത്തിന് വളരെ ലളിത മാർഗമായ തടയണകൾ നിർമിച്ച് ലക്ഷക്കണക്കിന് ഗ്രാമവാസികൾക്കും കൃഷിക്കാർക്കും ആശ്വാസത്തിന്റെ തണൽ വിരിക്കുകയാണ് വെൽഫെയർ സൊസൈറ്റി. രണ്ടുവർഷം കൊണ്ട് നൂറിലേറെ ചെക്ക് ഡാം  തീർത്ത് ഖുന്തി ജില്ലയിലെ 80 ഗ്രാമങ്ങളിലെ പതിനായിരത്തോളം കർഷകർക്ക് ജലസമൃദ്ധിയേകി.  കോടിക്കണക്കിന് രൂപ ചെലവഴിച്ച് സർക്കാർ ആരംഭിച്ച ജലസംരക്ഷണ സംവിധാനങ്ങൾ‍ പൂർണമായും പരാജയപ്പെട്ടതോടെ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി  തീർന്ന ചാക്കുകളിൽ മൺ നിറച്ച് ചെക്ക്ഡാം നിർമിക്കുന്ന പദ്ധതി ജാർഖണ്ഡിലും വിജയകരമാക്കിയത്.

കോൺക്രീറ്റിൽ നിർമിച്ച ചെക്ക്ഡാമുകൾക്ക് ശക്തമായ ജല പ്രവാഹവും മഴക്കാലത്തെ കനത്ത ഒഴുക്കും നേരിടാൻ കഴിയായതോടെയാണ് ചെലവു കുറഞ്ഞ ചെക്ക് ഡാം ആശയത്തിനു ജാർഖണ്ഡിലെ ​ഗ്രാമങ്ങളിൽ വിത്തുപാകുന്നത്. മഴയെ മാത്രം ആശ്രയിച്ചിരുന്ന  കൃഷി ചെക്ക് ഡാം വരവോടെ ഒരു പൂപ്പ് കൃഷി രണ്ടും കടന്ന് മൂന്നിലേക്കും എത്തിയത് ഗ്രാമങ്ങൾക്ക്  കൂടുതൽ  പച്ചപ്പ് നൽകിയതിനു പിന്നാലെ പട്ടിണിയെ പടിക്ക് പുറത്താക്കാനും കഴിഞ്ഞു. ഒപ്പം പതിറ്റാണ്ടുകളായി ഗ്രാമങ്ങളിൽ ശമനമില്ലാതെ തുടർന്ന ജലക്ഷാമത്തിന് പരിഹാരമായതോടൊപ്പം കർഷകരുടെ വരുമാനം ഇരട്ടിക്കുകയും ചെയ്തു.

പത്രപ്രവർത്തനം വിട്ട് പാടത്തേയ്ക്ക്

പ്രാദേശിക പത്രപ്രവർത്തകനായിരുന്ന അജയ് ശർമ ഗ്രാമവാസികളുടെ വിഷമതകൾ‍ നേരിട്ടറിഞ്ഞതോടെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ  ജലസംരക്ഷണ പ്രവർത്തനങ്ങൾ ആഴത്തിൽ പഠിക്കാൻ ഇറങ്ങിയത്. ജലപ്രതിസന്ധി കാർഷിക ഉത്പന്നങ്ങളെയും കർഷകരുടെ  ജീവിത രീതികളെയും സാരമായി ബാധിച്ചതോടെ പുത്തൻ  ആശയങ്ങൾക്ക് പിന്നാലെയുള്ള പ്രയാണമായി. ഗ്രാമവാസികളെയും കർഷകരെയും സംഘടിപ്പിച്ച് ശ്രമദാനമായി ചെക്ക് ഡാം നിർമാണത്തിനു ശർമ രുപം നൽകിയ വെൽഫെയർ സൊസൈറ്റി രംഗത്തിറങ്ങിയതോടെ ഒരുമയുടെ കൊയ്ത്ത്പാട്ടിനും തുടക്കമിട്ടു. ശ്രമദാനത്തിൽ പങ്കെടുക്കന്നവർക്കെല്ലാം ഭക്ഷണം നൽകിയതോടെ ​ഗ്രമവാസികൾക്കും കർഷകർക്കും  ആവേശം ഇരട്ടിച്ചു.

കൂട്ടായ്മയുടെ പുത്തൻ ശീലം

മത, വിവാഹ ചടങ്ങുകൾക്ക് ഒത്തു കൂടിയിരുന്നവർ സന്നദ്ധസേവനത്തിന് ഇറങ്ങിയതോടെ കൂട്ടായ്മയുടെ പുതിയൊരു ശീലത്തിനും തുടക്കമായി. ഒരു ദിവസത്തെ ജോലിക്ക് ശേഷം എല്ലാവരും ഒത്തുചേർന്ന് ഭക്ഷണം തയാറാക്കി കഴിക്കുന്ന കൂട്ടായ പ്രയത്നത്തെ അവർ ആഘോഷമാക്കി. മൂവായിരം രൂപയിൽ താഴെ മാത്രം വരുന്ന ചെക്ക് ഡാം നിർമാണച്ചെലവ് ഖുന്തി ജില്ലയിലെ ജല വിപ്ലവത്തിന് കരുത്തുപാകിയത് കുറച്ചൊന്നുമല്ല. ചെറിയ നദികൾ, അരുവികൾ കനാലുകൾ തുടങ്ങിയവയിൽ തീർത്ത ചെക്ക് ഡാമുകൾക്ക് 20 അടി മുതൽ 30 അടി വരെ വീതിയുണ്ട്.  

ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ മൺചാക്കുകൾ നിറച്ച് നിർമിക്കുന്ന ഡാം  ഘടന വളരെ ലളിതമാണ്. 80 അടി വീതിയിലുള്ളതാണ് ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുത്. ഇതിനു പുറമെ പുല്ല് നിറച്ച മൺ ചാക്ക് പരീക്ഷണവും പുത്തൻ ആശയമായിരുന്നു. പുല്ല് വെള്ളത്തിൽ അതിവേ​ഗം വളരുന്നതിനാൽ ഇവ ഡാമിനു കൂടുതൽ ബലമേകുന്നതിനൊപ്പം മതിലായും പ്രവർത്തിക്കുന്നു. മഴയുടെയൊ വെള്ളപ്പൊക്കത്തിന്റെയോ തീവ്രതയനുസരിച്ച് ചെറിയ അറ്റകുറ്റപ്പണികൾ മാത്രമേ വേണ്ടിവരുന്നുള്ളൂ.

തുടക്കം 2000 രൂപ മൂലധനവുമായി

 ഡാം നിർമാണത്തിനാവശ്യമായ. സംഭാവന ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻജിഒയായ വെൽഫെയർ സൊസൈറ്റി സ്ഥാപിച്ചത് . രാജ്യത്തിനകത്തു നിന്നും ദാതാക്കളിൽ നിന്നും ലഭിക്കുന്ന ചെറിയ ബജറ്റിൽ നിന്നാണ് ചെക്ക് ഡാം നിർമാണത്തിനു തുടക്കമിട്ടത്,  തുടക്കത്തിൽ 2000 രൂപ ബജറ്റിലാണ് നിർമാണം തുടങ്ങിയത്. ഫണ്ട് പലചരക്ക് സാധനങ്ങൾ‍ വാങ്ങാനും സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം നൽകാനും വിനിയോഗിക്കുന്ന. ഖുന്തി തപ്ക്കര ബ്ലോക്കിൽ തുടങ്ങിയ പ്രവർത്തനം ഇപ്പോൾ ജില്ല കടന്ന് സംസ്ഥാനത്തുടനീളം  വ്യാപിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. 2018ൽ തപ്കര ബ്ലോക്കിൽ ​ഗ്രാമീണരെ സന്നദ്ധപ്രവർത്തനത്തിന് ഇറക്കി ചെക്ക് ഡാം നിർമിച്ചതിന്റെ പ്രയോജനം പ്രദേശവാസികൾക്ക് ലഭിച്ചതോടെ മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരും സന്നദ്ധപ്രവർത്തനത്തിന് തയാറായി മുന്നോട്ടു വന്നു.

വരുമാനം ഇരട്ടിച്ചു; ജീവിതത്തിലും പച്ചപ്പ്

2019ൽ 120 ചെക്ക് ഡാമുകൾ ‍ നിർമിച്ചത്  ഖുന്തി ജില്ലയിലെ ജലക്ഷാമത്തിനു ഏറെ പരിഹാരമായതോടെ​ ​ഗ്രാമവാസികളുടെ  വരുമാനത്തിലും ചിന്തയിലും തന്നെ പ്രകടമായ മാറ്റങ്ങളായി, നിരവധി ​ഗ്രാമീൺ ചെക്ക്ഡാം സ്വയം നിർമിച്ച് ജലസംരക്ഷണത്തിനു മുന്നിട്ടിറങ്ങിയത് ഗ്രാമീണ മേഖലയിൽ കാർഷിക കരുത്തായി. 2020ൽ കോവിഡ് മാഹാമാരി മൂലം 40 ചെക്ക് ഡാമുകൾ മാത്രമേ നിർമിക്കാനായുള്ളുവെങ്കിലും ചെക്ക് ഡാമിന്റെ ​ഗുണം കർഷകരും ​ഗ്രാമീണരും കൊയ്യുകയാണ്. മാർച്ച് ആദ്യത്തോടെ  ജലദൗർലഭ്യം അനുഭവപ്പെട്ടിരുന്ന ഖുന്തി ജില്ലയിൽ ഇപ്പോൾ 2 വർഷമായി ജലസമൃദ്ധിയാണ്. ജില്ലയിലിപ്പോൾ‍ ചെക്ക് ഡാം ഇല്ലാത്ത ഒരു ​ഗ്രാമം പോലുമില്ല. മഴക്കാലത്തെ വെള്ളത്തെ തടഞ്ഞ് വച്ചവർ വേനൽക്കാലത്ത് ഉപയോഗിക്കുന്നു. ഒരു പൂപ്പ് കൃഷി രണ്ടിലേക്ക് മാറിയതിനു പിന്നാലെ പച്ചക്കറിയിലേക്കും പടർന്നു പന്തലിച്ചതോടെ കൃഷിയെമാത്രം ആശ്രയിച്ച് ജീവിക്കുന്ന വലിയോരും ജനവിഭാഗത്തിന്റെ വരുമാനത്തിലും ജീവിത രിതിയിലും പ്രകടമായി മാറ്റങ്ങളായി.

 ഉറവകൾ പുനരുജ്ജീവിപ്പിച്ച് ജലനിരപ്പുയർത്തി

ആദ്യ വിളവെടുപ്പിനു  ശേഷം കർഷകർ തൊഴിലില്ലാത്തവരായിത്തീരുന്ന അവസ്ഥ മാറുകയും വർഷം മുഴുവൻ കാർഷിക വൃത്തിയിൽ ഏർപ്പെടുവാൻ അവസരമാകുകയും ചെയ്തു. ഒപ്പം പരമ്പരാഗത  വിളകളായ നെല്ല്, ഗോതമ്പ്, ചോളം, കടുക് എന്നിവയ്ക്കൊപ്പം  പച്ചക്കറികളും തണ്ണിമത്തനും വ്യാപകമായി കൃഷിചെയ്യുന്നു.  ഇതൊടൊപ്പം ഉറവകളെ പുനരുജ്ജീവിപ്പിച്ച് ഭൂഗർഭ ജലനിരക്ക് റീചാർജ്  െയ്യാനുള്ള ശ്രമത്തിലേക്ക് കടന്നതോടെ  പുരസ്കാരങ്ങളും സംഘടനയെ തേടിയെത്തി. ദേശീയ ജല നവീകരണ ഉച്ചകോടിയിൽ 2020ലെ പങ്കാളിത്ത ജല മാനേജ്മെന്റ് വിഭാഗത്തിൻ കീഴിൽ ജില്ലാ  ഭരണകൂടത്തിന്റെയും കേന്ദ്ര സർക്കാരിന്റെ ജലസംരക്ഷണ അവാർഡും  ലഭിച്ചു. കനത്ത മഴയിൽ സിമന്റ് ഡാമുകൾക്ക് പലയിടത്തും കേടുപാട് സംഭവിച്ചപ്പോഴും ചെക്ക് ഡാമുകൾ‍ കേട്പാടില്ലാതെ പിടിച്ചു നിന്നു.  ചെക്ക്  ഡാമുകളിലെ ജല സംഭരണം മാർച്ച് വരെ നീണ്ടു  നിൽക്കുകയും കർഷകരും ​ഗ്രാമീണരും ഇൗ ജലസമൃദ്ധി നേട്ടമായി കൊയ്യുകയാണ്. 

മനോനില മാറണം കൈത്താങ്ങും വേണം

ജലസംരക്ഷണത്തിൽ ഇനിയും കൂടുതൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് അജയ് പറയുന്നു. ഗ്രമീണരുടെ മനോനില മാറ്റുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം പൊതു ആവശ്യത്തിന് വിവിധ ​ഗ്രൂപ്പുകളെ ഒന്നിപ്പിക്കുകയെന്നത്  അതിസാഹസമാണ്. ഫണ്ടുകളുടെ അപര്യാപ്തതയും നക്സൽ പ്രവർത്തനങ്ങളും പലപ്പോലും വിലങ്ങാവുന്നു. സർക്കാർ സാമ്പത്തികമായി സഹായിച്ചാൽ ബുദ്ധിമുട്ടുകൾക്ക്  തടയണ കെട്ടി മുന്നേറാമെന്ന ആത്മവിശ്വസമാണ് വെൽഫെയർ സൊസൈറ്റിക്ക്.

English Summary: Check dams yielding green results in Jharkhand