‘കാടുകളുടെ അപ്പൂപ്പൻ’ 93–ാം പിറന്നാളിലേക്ക്. അദ്ദേഹം ഭൂപടത്തിലൂടെ മാത്രം തൊട്ടറിഞ്ഞ മലയാളത്തിന്റെ മണ്ണിൽ അദ്ദേഹത്തിന്റെ ആശയം ഉൾക്കൊണ്ടുള്ള ’കുട്ടിക്കാടുകൾ’ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നു. ഒന്നും രണ്ടുമല്ല; ഏതാണ്ട് എഴുപതിലേറെ. പരിസ്ഥിതി രംഗത്ത് കേരളം ഭാവിയിൽ ചർച്ച ചെയ്യപ്പെടാൻ പോവുക ഒരുപക്ഷേ ഇതിന്റെ പേരിലാകും– മിയാവാക്കി കാടുകൾ. ലോകം മുഴുവനും ‘അത്ഭുതവനങ്ങൾ’ സൃഷ്ടിച്ച മിയാവാക്കി കേരളത്തിലെത്തിയിട്ടു വെറും 3 വർഷം മാത്രം. സർക്കാർ ഇതൊരു മികച്ച മാതൃകയായി സ്വീകരിച്ചതും ചുരുങ്ങിയ കാലത്തിനിടെ വലിയൊരു മുന്നേറ്റത്തിനു കാരണമായി.

∙ അകിറ മിയാവാക്കി അഥവാ, കാടുകളുടെ അപ്പൂപ്പൻ

പരിസ്ഥിതി പ്രവർത്തനത്തിനുള്ള ലോകപ്രശസ്ത പുരസ്കാരം ‘ബ്ലൂ പ്ലാനറ്റ് പ്രൈസ്’ ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയിട്ടുള്ള വിഖ്യാത ജാപ്പനീസ് സസ്യശാസ്ത്രജ്ഞനാണ് അകിറ മിയാവാക്കി. ’92 ലെ ഭൗമ ഉച്ചകോടിയിലാണപ മിയാവാക്കി തന്റെ മാതൃക അവതരിപ്പിച്ചത്. ലോകം അത് അത്ഭുതാദരവോടെ കണ്ടു. ’94 പാരിസ് ജൈവവൈവിധ്യ കോൺഗ്രസിലും ശ്രദ്ധ നേടിയ ‘മിയാവാക്കി മോഡൽ’ ലോകം സ്വീകരിച്ചു. പല രാജ്യങ്ങളിലും ആഗോളതാപനം ഉൾപ്പെടെ പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധിയായി ഇത്.  

ഇന്‍വിസ് മള്‍ട്ടിമീഡിയ മാനേജിങ് ഡയറക്ടര്‍ എം.ആര്‍.ഹരി ജപ്പാനില്‍ അകിറ മിയാവാക്കിയെ സന്ദര്‍ശിച്ചപ്പോള്‍.

ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങൾ നേടിയ, സമുന്നത പദവികൾ വഹിക്കുന്ന ഈ അധ്യാപകൻ ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറായി സേവനം തുടരുന്നു, ഈ പ്രായത്തിലും. The healing power of forests, I produce a forest of 3000, Forest to protect the people you love, Plant trees ഉൾപ്പെടെ ഒട്ടേറെ ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. 

78–ാം വയസ്സിൽ ബ്ലൂ പ്ലാനറ്റ് പ്രൈസ് ഏറ്റുവാങ്ങി മിയാവാക്കി പറഞ്ഞു: ‘‘ഒരു 30 വർഷം കൂടി എനിക്കു മരങ്ങൾ നട്ടുവളർത്തണം. ജീവാരണ്യങ്ങൾ (ഫോറസ്റ്റ്സ് ഓഫ് ലൈഫ്) സൃഷ്ടിക്കുക എന്നതല്ലാതെ മറ്റൊന്നും എനിക്ക് ആവശ്യമില്ല’’. കഴിഞ്ഞ 15 വർഷവും അദ്ദേഹം അതു പാലിച്ചു. ഒരു 15 വർഷം കൂടി ആയുസ്സാണ് അദ്ദേഹം സ്വപ്നം കാണുന്നത്– ജീവന്റെ കാടുകൾ സൃഷ്ടിക്കാൻ. നാം ഓരോരുത്തർക്കും വേണ്ടി. ജനുവരി 29 ന് അദ്ദേഹത്തിനു 93 വയസ്സാകുന്നു.

∙ മിയാവാക്കി കാടുകൾ

മിയാവാക്കി അപ്പൂപ്പന് 90 വയസ്സാകേണ്ടി വന്നു ആദ്യ മിയാവാക്കി കാടിനു കേരളത്തിൽ വേരോടാൻ. തിരുവനന്തപുരം നഗരഹൃദയമായ തമ്പാനൂരിൽ നിന്നു 15 കിലോമീറ്റർ മാത്രമകലെ പുളിയറക്കോണം മൂന്നാംമൂട്ടിലെ മൂന്നു സെന്റിലായിരുന്നു ആദ്യത്തെ മിയാവാക്കി കാട്. കീഴ്ക്കാംതൂക്കായ പാറച്ചെരിവിലെ ഭൂമിയിൽ കൃഷിയിറക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായപ്പോൾ ഇൻവിസ് മൾട്ടിമീഡിയ മാനേജിങ് ഡയറക്ടർ എം.ആർ.ഹരിയാണ് 2018 ജനുവരിയിൽ മിയാവാക്കി മാതൃക സ്വീകരിച്ചത്. അത്ഭുതകരമായിരുന്നു ഫലം. മൂന്നു സെന്റിൽ  അഞ്ഞൂറോളം വിവിധ വിഭാഗങ്ങളിലെ സസ്യലതാദികളും മാമരങ്ങളും ചേർന്ന് അത്ഭുത വനമുണ്ടായി. മൂന്നാം വർഷത്തിൽ 30 അടിയും പിന്നിട്ടു പൊങ്ങുന്ന മരങ്ങളെ ‘മിയാവാക്കി തത്വം’ ധിക്കരിച്ചു കോതിയൊതുക്കേണ്ടി വന്നിരിക്കുകയാണ് ഹരിക്ക്. കുന്നിൻ മുകളിലെ മരങ്ങൾ കാറ്റിലെങ്ങാനും ഒടിഞ്ഞു വീണാൽ നെഗറ്റീവ് ഫലമുണ്ടാക്കരുതെന്ന മുൻകരുതൽ കൊണ്ടാണിത്.

∙ കാടുണ്ടാക്കാം ഏതു തരിശു ഭൂമിയിൽ നിന്നും

അതാണ് മിയാവാക്കി മാജിക്. തരിശിട്ടിരിക്കുന്ന ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മായാജാലം. ദ്ദേശീയമായ, എല്ലാ വിഭാഗത്തിലും പെട്ട ചെടികൾ തന്നെ നട്ടുവളർത്തണം. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി എന്നാണു കണക്ക്. സൂര്യപ്രകാശത്തിനായി മത്സരിച്ചു ചെടികൾ പാർശ്വവളർച്ച ഉപേക്ഷിച്ച് മുകളിലേക്കു കുതിച്ചു വളരും (താരതമ്യേന 5 ഇരട്ടി കൂടുതൽ വേഗത്തിൽ). മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം വയ്ക്കും, 20 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള കാടിന്റെ രൂപത്തിലെത്തും. സാമാന്യേന ഭേദപ്പെട്ട സ്വാഭാവിക വനം രൂപപ്പെടുന്നതിന് ഏതാണ്ട് 150–200 വർഷമെടുക്കുമെങ്കിൽ മിയാവാക്കി കാട് രൂപപ്പെടുക വെറും 20–30 വർഷം കൊണ്ട്. ആദ്യ നാലഞ്ചു വർഷം പരിചരണം ആവശ്യമാണ്. അതു കഴിഞ്ഞാൽ താനേ വളർന്നു പൊങ്ങിയങ്ങു പൊയ്ക്കോളും. വനമായി രൂപപ്പെട്ടാൽ 9000 വർഷം വരെ നിലനിൽക്കുമെന്നാണു മിയാവാക്കി തിയറി.

തിരുവനന്തപുരം ചാല ജിഎച്ച്എസ്എസില്‍ ഒരു വര്‍ഷം പൂർത്തിയാക്കുന്ന മിയാവാക്കി വനം.

∙ എന്തിനാണ് മിയാവാക്കി കാട്

ശുദ്ധവായു, എത്രയോ പക്ഷിമ‍ൃഗാദികൾക്കു വാസസ്ഥാനം, വംശനാശ ഭീഷണി നേരിടുന്ന എത്രയോ സസ്യജാലങ്ങൾക്കു വേരുറപ്പിക്കാൻ ഇടം, ആഗോള താപനത്തിനു പരിഹാരം– ഒരു കാടിന്റെ ധർമമെല്ലാം ഈ കുട്ടിക്കാടുകളും നിറവേറ്റും. പിന്നീടു ബോധ്യപ്പെട്ടു നടപ്പാക്കിയതാണു സൂനാമി പ്രതിരോധം. ജപ്പാൻ ഉൾപ്പെടെ രാജ്യങ്ങളിൽ കുതിച്ചുയരുന്ന തിരമാലകളെ ചെറുക്കാനും ഇപ്പോൾ മിയാവാക്കി കാടുകൾ ഉപയോഗിക്കുന്നു. വളരെ ഉയരത്തിലുള്ള ഈ വനം, സൂനാമി തിരമാലകളെ ചെറുക്കും. ശക്തി ചോർന്ന, ഉയരം കുറഞ്ഞ അലകളാകും ഈ വനങ്ങളെയും പിന്നിട്ടു കരയിലെത്തുക. വീണ്ടും കടലിലേക്കു പിൻവാങ്ങുന്ന തിരകൾ അടർത്തിക്കൊണ്ടു പോകുന്ന ജീവനുകളും ഭൗതിക സമ്പാദ്യങ്ങളും അരിപ്പ പോലെ ഈ വനങ്ങൾ തടഞ്ഞു നിർത്തുകയും ചെയ്യും.

∙ കനകക്കുന്നിലുണ്ട് ഒരു മാതൃകാ വനം

പുളിയറക്കോണത്തെ മിയാവാക്കി കാട് വിജയിച്ചതോടെ ടൂറിസം വകുപ്പ് ഇത് ഏറ്റെടുത്തു. നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഓർഗാനിക് കേരള മിഷൻ സൊസൈറ്റി, കൾച്ചറൽ ഷോപ്പെ എന്നീ സംഘടനകളാണു ടൂറിസം വകുപ്പിനു വേണ്ടി മിയാവാക്കി പദ്ധതി കൈകാര്യം ചെയ്യുന്നത്. വനമൊരുക്കരും സാങ്കേതിക പിന്തുണയും ഇൻവിസ് മൾട്ടിമീഡിയ സാമൂഹിക സംരംഭമായി ഏറ്റെടുത്തു. ചെടികളുടെ വിതരണവും നിലമൊരുക്കലും തൈ നട്ടു കൊടുക്കലുമെല്ലാം ഇൻവിസിന്റെ വോളണ്ടിയർമാരാണു ചെയ്യുന്നത്. ജനങ്ങൾക്കു മിയാവാക്കി മോഡൽ പരിചയപ്പെടുത്താൻ തിരുവനന്തപുരം കനകക്കുന്ന് വളപ്പിനകത്തു ഒരു കാടുണ്ടാക്കിക്കൊണ്ടിരിക്കുന്നു. രണ്ടു വർഷം പ്രായമായ ഈ കാട് 5 സെന്റ് സ്ഥലത്ത് 426 ചെടികൾ തിങ്ങിനിറഞ്ഞതാണ്. 22 സ്ഥലങ്ങളിൽ കൂടി ടൂറിസം വകുപ്പിന്റെ മിയാവാക്കി കാടുകൾ ഉയർന്നു കൊണ്ടിരിക്കുന്നു.

∙ പിറന്നാൾ ഓർമയിൽ ഒരു കാട്

കേരള ഡവല്പമെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്) പദ്ധതികളിൽ സുപ്രധാനമായ ഒന്നു കൂടിയാണ് ഇപ്പോൾ മിയാവാക്കി. ഇവരുടെ ആദ്യ സംരംഭമായിരുന്നു തിരുവനന്തപുരം ചാല ഗവ.ഗേൾസ് ഹൈസ്കൂളിനകത്തു കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച മിയാവാക്കി കാട്. ഈ കാടുണ്ടായതു ഹൃദ്യസുന്ദരമായ ഒരു പിറന്നാൾ അനുഭവത്തോടെ. അകിറ മിയാവാക്കിയുടെ 92–ാം പിറന്നാൾ ആഘോഷിച്ചാണ് കഴിഞ്ഞ ജനുവരി 29 ന് ഇവിടെ കുട്ടികളും സംഘടനകളും ചേർന്നു ചെടികൾ നട്ടത്. മിയാവാക്കിയുടെ ശിഷ്യൻ ജപ്പാനിലെ യോക്കോഹാമ നാഷനൽ യൂണിവേഴ്സിറ്റിയിലെ പ്രഫ.ഫുജിവാറ, മിയാവാക്കിയുടെ പുസ്തക രചനയിലെ പങ്കാളി എൽജീൻ ഒ.ബോക്സ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.  സ്കൈപ്പിൽ പ്രത്യക്ഷപ്പെട്ട് അകിറ മിയാവാക്കി അപ്പൂപ്പൻ തന്റെ പിറന്നാൾ ആഘോഷം കണ്ടു പൊട്ടിച്ചിരിച്ചു, കൈ കൊട്ടി. അങ്ങനെ അദ്ദേഹം ‘കേരള’ത്തെ ഒരു നോക്കു കണ്ടുവെന്നു പറയാം. ഭൂപടത്തിൽ മാത്രമാണ് അതിനു മുൻപ് മിയാവാക്കി കേരളം കണ്ടത്!! 10 സെന്റിൽ 1603 ചെടികൾ ഒരു വർഷം കൊണ്ട് അതിശയിപ്പിക്കുന്ന വിധത്തിൽ വളർന്നു പൊങ്ങുന്നു ചാലയിലെ കാട്ടി‍ൽ.

∙1.6 ഏക്കറിൽ മിയാവാക്കി കാട്

കേരളത്തിൽ 10 ജില്ലകളിലായി 12 സ്ഥലങ്ങളിലാണ് കെ–ഡിസ്ക് മിയാവാക്കി വനം നട്ടുപിടിപ്പിക്കുന്നത്. ചാലയിലേതു കൂടാതെ കൊല്ലം (20 സെന്റ്), ആലപ്പുഴ (20 സെന്റ്) , എറണാകുളം (20), തൃശൂർ (20), പാലക്കാട് (10), കണ്ണൂർ (10), കാസർകോട് (10) എന്നിങ്ങനെ മിയാവാക്കി പദ്ധതിയാണ് കെ–ഡിസ്ക് ഒരു വർഷത്തിനിടെ നടപ്പാക്കിയത്. പൊന്നാനിയിലും കോഴിക്കോട്ടും കൂടി 10 സെന്റിൽ മിയാവാക്കി കാടുകൾ അടുത്ത മാസം നട്ടുപിടിപ്പിക്കുന്നതോടെ കേരളത്തിൽ കെ–ഡിസ്കിനു കീഴിൽ മാത്രം 1.6 ഏക്കർ മിയാവാക്കി കാടാകുമെന്നു കെ–ഡിസ്ക് അസി.പ്രോഗ്രാം മാനേജറും മിയാവാക്കി പ്രോജക്ട് കോ–ഓർഡിനേറ്ററുമായ കെ.ടി.ഷക്കീല പറഞ്ഞു. കാടുണ്ടാക്കിത്തീർന്നാൽ, അടുത്ത പടിയായി പരിസ്ഥിതിയിൽ ഈ പച്ചത്തുരുത്തുകൾ വരുത്തിയ മാറ്റം കെ–ഡിസ്ക് അവലോകന പഠനം നടത്തുമെന്നു ഷക്കീല പറഞ്ഞു. അന്തരീക്ഷവായുവിന്റെ ഗുണനിലവാരം, ഓക്സിജൻ അളവ്, ഭൂഗർഭ ജലത്തിന്റെ അളവ്, വായു–ജല മലിനീകരണത്തോത് എന്നിവയെല്ലാം പഠനവിധേയമാക്കും. മിയാവാക്കി തുടർപരിപാടികൾ അതനുസരിച്ചാകും ആസൂത്രണം ചെയ്യുക.

∙ ഉയരുന്നു സ്വകാര്യ മിയാവാക്കി കാടുകളും

എങ്ങനെയാണു മിയാവാക്കി കാടൊരുക്കുന്നത് എന്നു ലളിതമായി വിശദീകരിക്കുന്ന ഒരു ഹ്രസ്വചിത്രം ഇൻവിസ് മൾട്ടിമീഡിയ തയാറാക്കിയിരുന്നു. ‘അര സെന്റെങ്കിലും നീക്കി വയ്ക്കൂ, പ്രാണവായു സ്വന്തമാക്കൂ’– എന്ന ആഹ്വാനമായിരുന്നു ഇതിൽ. ആവേശത്തോടെ കുറെയേറെ പേർ ഈ ദൗത്യം ഏറ്റെടുത്തതായി ഇൻവിസ് മാനേജിങ് ഡയറക്ടർ എം.ആർ.ഹരി പറഞ്ഞു. അൻപതോളം സ്വകാര്യ വനങ്ങൾ ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്നാണ് ഇൻവിസിന്റെ കണക്ക്.

∙ ഭൂപടത്തിനപ്പുറത്തേക്ക് കേരള മോഡൽ

ഒന്നര വർഷം മുൻപ് എം.ആർ.ഹരി ജപ്പാനിൽ ചെന്ന് അകിറ മിയാവാക്കിയെ കണ്ടിരുന്നു. ആശംസകളും ഉപദേശനിർദേശങ്ങളും വനമുണ്ടാക്കലുമായി സജീവ ജീവിതത്തിലാണ് അവിടെ കാടുകളുടെ അപ്പൂപ്പൻ. ഇന്ത്യയിൽ ബെംഗളൂരുവിലും ഡൽഹിയിലും വന്നിട്ടുണ്ടെങ്കിലും കേരളം പിടിയില്ല. ഇന്ത്യയുടെ ഭൂപടമെടുത്ത് കേരളം എവിടെയെന്നു കാണിക്കാൻ മിയാവാക്കി ആവശ്യപ്പെട്ടു. ഹരി ചൂണ്ടിക്കാണിച്ച സ്ഥലത്ത് തൊട്ടുനോക്കി പുഞ്ചിരിച്ചു. ആ സ്ഥലത്ത് ഇന്ന് ഇത്രയേറെ കാടുകൾ ഉയരുന്നത് മിയാവാക്കി അറിയുന്നുണ്ട് ജപ്പാനിലിരുന്ന്. മിയാവാക്കി ലക്ഷ്യമിട്ടിരുന്നതിലും വേഗത്തിലാണു കേരളത്തിന്റെ മണ്ണിൽ മിയാവാക്കി കാടുകൾ വളർന്നുയരുന്നത്. ജപ്പാനിലെ കാടുകളെക്കാൾ ഏതാണ്ട് മൂന്നിരട്ടി വളർച്ചാ വേഗം. അതെന്തുകൊണ്ട് എന്നതിലാണു മിയാവാക്കിയുടെ കൗതുകം. കേരളത്തെ മിയാവാക്കിയും പഠിക്കുകയാണ്.

മിയാവാക്കി പദ്ധതി സംബന്ധിച്ച സാങ്കേതിക ഉപദേശങ്ങള്‍ക്കും സഹായത്തിനും എം.ആര്‍.ഹരി (ഇന്‍വിസ് മള്‍ട്ടിമീഡിയ)– 9447019749 എന്ന നമ്പറിൽ ബന്ധപ്പെടാം. 

നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍സ് ഫൗണ്ടേഷന്‍ (9446065998).

കെ‍–ഡിസ്ക് നടപ്പാക്കുന്ന മിയാവാക്കി പദ്ധതികളുടെ വിവരങ്ങള്‍ക്ക് –പ്രോഗ്രാം കോഓര്‍ഡിനേറ്ററെ (8943704716) സമീപിക്കാവുന്നതാണ്.

English Summary: Kerala to turn to Miyawaki method