വേണ്ടത്ര ഭക്ഷണമോ പരിചരണമോ ലഭിക്കാതെ അതീവ ദയനീയാവസ്ഥയിൽ കഴിയുന്ന മൃഗങ്ങളുടെ ചിത്രങ്ങളാണ് തായ്‌ലൻഡിലെ ഒരു മൃഗശാലയിൽ നിന്നു പുറത്തുവരുന്നത്. ബാങ്കോക്കിലെ സമുത് പ്രകാൻ ക്രോക്കഡൈൽ ഫാം ആൻഡ് സൂവിൽ നിന്നുമാണ് കരളലിയിക്കുന്ന കാഴ്ച. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം തുറന്ന മൃഗശാലയിൽ സന്ദർശനത്തിനെത്തിയവരോട് മൃഗങ്ങൾ ഭക്ഷണത്തിനായി യാചിക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്.

Image Credit: ViralPress

ഇടുങ്ങിയ കൂടുകൾക്കുള്ളിൽ സന്ദർശകർ ഭക്ഷണമെറിഞ്ഞു തരുന്നതും കാത്ത് അവർക്ക് പിന്നാലെ പ്രതീക്ഷയോടെ കരടികൾ നടക്കുന്നതായി ചിത്രങ്ങളിൽ കാണാം.ഏഷ്യൻ ബ്ലാക്ക് ഇനത്തിൽപ്പെട്ട കരടികളാണ് മൃഗശാലയിലുള്ളത്. മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന മറ്റു മൃഗങ്ങളുടെ സ്ഥിതിയും പരിതാപകരമാണ്. ക്ഷീണിച്ച് എല്ലുന്തിയ നിലയിലുള്ള പശുക്കളും കടുവകളും, ഭക്ഷണത്തിനായി കൂടിനു പുറത്തേക്ക് കൈനീട്ടുന്ന ചിമ്പാൻസികളുമെല്ലാം സന്ദർശകർക്ക് നൊമ്പര കാഴ്ചയായി. ഇരുമ്പഴികളിൽ പിടിച്ച് ഒറാങ് ഉട്ടാനുകളും ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ സന്ദർശകർക്ക് പിന്നാലെ കൂടുന്നുണ്ടായിരുന്നു.മുതലകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭക്ഷണമില്ലാതെ ക്ഷീണിച്ച നിലയിൽ മലിനജലത്തിലാണ് മൃഗശാലയിലെ മുതലകളും കഴിയുന്നത്..

സന്ദർശനത്തിനെത്തിയവർ പകർത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് മൃഗങ്ങളുടെ ഈ ദുരവസ്ഥ പുറംലോകമറിയുന്നത്. കോവിഡിനെ തുടർന്ന് ലോക്ഡോൺ ഏർപ്പെടുത്തിയ സമയത്ത് മൃഗശാല അധികൃതർ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണം നൽകുകയും പരിചരിക്കുകയും ചെയ്യാത്തതാണ് അവ ഈ നിലയിലാവാൻ കാരണമെന്ന്  മൃഗശാലയിലെ സ്ഥിരം സന്ദർശകർ പറയുന്നു.

Image Credit: ViralPress

എന്നാൽ മൃഗങ്ങളെ സംരക്ഷിക്കുന്നില്ല എന്ന ആരോപണങ്ങൾ തള്ളിക്കൊണ്ട് മൃഗശാല അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.കടുവകളുടെ ആരോഗ്യം തൃപ്തികരമാണെന്നും മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ആഫ്രിക്കൻ പശുക്കൾ സ്വതവേ സാധാരണ പശുക്കളെക്കാൾ മെലിഞ്ഞവയാണെന്നുമാണ്  മൃഗശാലയുടെ മാനേജരുടെ പ്രതികരണം. മുതലകൾ പ്രായാധിക്യം മൂലമാണ് ക്ഷീണിച്ച നിലയിൽ കാണപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃഗശാലയെ കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഉദ്യോഗസ്ഥർ അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. ഇടുങ്ങിയ കൂടുകളിൽ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ കഴിയുന്നതാണ് മൃഗങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല എന്നുള്ളതൊഴിച്ചാൽ മൃഗങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഈ മൃഗശാല മൃഗങ്ങൾക്ക് ഭൂമിയിലെ നരകം തന്നെയാണെന്നും അത് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് രാജ്യാന്തര മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് അനിമൽസ് ( PETA) വർഷങ്ങൾക്ക് മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു.

English Summary: Bears beg tourists for food at Thai zoo declared ‘hell on Earth for animals