വയനാട് വന്യജീവി സങ്കേത്തിൽ 84 ഇനം തുമ്പികളെ കണ്ടെത്തി. വനംവകുപ്പ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി എന്നിവർ ചേർന്നു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. വന്യജീവി സങ്കേതത്തിലെ 49 ഇനം കല്ലൻ തുമ്പികളിലും 35 ഇനം സൂചി തുമ്പികളിലും 15 എണ്ണം പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. തുമ്പികൾ ജലജന്യ ഷഡ്പദം ആയതിനാലും തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാലും വന്യജീവി സങ്കേതങ്ങളിലെ ജലാശയങ്ങളോട് ചേർന്നാണ് പഠനങ്ങൾ നടത്തിയത്. 

പാണ്ടൻ കരിമുത്തൻ (Indothemis limbata)

2020 ഓഗസ്റ്റ് മുതൽ നവംബർ 2020 വരെ നടത്തിയ പഠനത്തിൽ  33 കുളങ്ങളും 28 കാട്ടരുവികളും 12 ചതുപ്പുകളും സംഘം പഠനവിധേയമാക്കി. 

ചതുപ്പ് വിരിച്ചിറകൻ (Indolestes pulcherrimus)

കർണാടകയിലെ കുടക് പ്രദേശങ്ങളിലെ കാട്ടുചതുപ്പുകളിൽ മാത്രം കണ്ടുവന്നിരുന്നതും കേരളത്തിൽ ആദ്യമായി കണ്ടതുമായ  ചതുപ്പ്  വിരിച്ചിറകൻ (Indolestes pulcherrimus) എന്ന സൂചിത്തുമ്പി, ചെറുനീലി തുമ്പി (Amphiallagma parvum), പാണ്ടൻ കരിമുത്തൻ (Indothemis limbata), തുടങ്ങിയ ഒട്ടേറെ അപൂർവ തുമ്പികളുടെ സാന്നിധ്യവും കണ്ടെത്താനായി.  വരും വർഷങ്ങളിൽ തുമ്പികളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുമെന്നും വനംവകുപ്പ് ജീവനക്കാർക്കും വിദ്യാർഥികൾക്കും പരിശീലന പരിപാടികൾ സംഘടിപ്പിമെന്നും വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്ര ബാബു അറിയിച്ചു. 

തെക്ക് പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ് ജലാശയങ്ങളും ചതുപ്പുകളും സമൃദ്ധമായി നിറഞ്ഞിരിക്കുന്ന സമയമായതിനാൽ തന്നെ ഈ സമയങ്ങളിൽ തുമ്പികളെ ജലാശയങ്ങൾക്കരികിൽ  കൂടുതൽ കാണാൻ സാധിച്ചു.  തുമ്പികളുടെ വൈവിധ്യം കൂടുതലായി കണ്ടത് വനത്തിലെ കുളങ്ങളിലാണെങ്കിലും പശ്ചിമ ഘട്ടത്തിൽ മാത്രം പ്രാദേശികമായി കാണുന്ന തുമ്പി ഇനങ്ങൾ കൂടുതൽ കണ്ടത് കാട്ടരുവികളിലാണ്. 

മുനീർ തോൽപെട്ടി, സെക്രട്ടറി, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി

English Summary: Survey spots 84 odonate species in sanctuary