മനോഹാരിത കൊണ്ട് ലക്ഷക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര വെള്ളച്ചാട്ടം  അതിശൈത്യം പിടിമുറുക്കിയതോടെ മറ്റൊരു വിസ്മയക്കാഴ്ച ഒരുക്കുകയാണ്. വെള്ളച്ചാട്ടത്തിന്റെ പലഭാഗങ്ങളും തണുത്തുറഞ്ഞ് ഐസ് രൂപത്തിലായിക്കഴിഞ്ഞു. ഇതോടെ വെള്ളച്ചാട്ടം കാണാൻ സന്ദർശകരുടെ ഒഴുക്കാണ്.

മൈനസ് 18 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് നയാഗ്രയിലെ താപനില താഴ്ന്നതാണ്  ജലം ഐസായി മാറാൻ കാരണം. മലയുടെ മുകളിൽ നിന്നും  ജലം ഐസ് രൂപത്തിൽ താഴേക്ക് തൂങ്ങിക്കിടക്കുന്നതായി ചിത്രങ്ങളിൽ കാണാം. ഐസ് കട്ടകൾ വെള്ളച്ചാട്ടത്തിനൊപ്പം താഴേക്ക് പതിക്കുന്നതോടെ  മൂടൽമഞ്ഞ് പരന്ന്  മഴവിൽ നിറങ്ങൾ  പ്രതിഫലിക്കുന്നത് സന്ദർശകർക്ക് മനോഹരമായ  ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്.

വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലും  നദിയുടെ കരയിലും  സമീപമുള്ള  ചെറു മരങ്ങളുടെ മുകളിലുമെല്ലാം മഞ്ഞ് കൂനകൾ രൂപപ്പെട്ടിട്ടുണ്ട്. നയാഗ്ര വെള്ളച്ചാട്ടം മനോഹരമായി കാണപ്പെടുന്നുണ്ടെങ്കിലും അമേരിക്കയിൽ പിടിമുറുക്കിയിരിക്കുന്ന അതിശൈത്യത്തിന്റെ കാഠിന്യമാണ് ഇത് വിളിച്ചോതുന്നത്. വെള്ളച്ചാട്ടത്തിനു സമീപമുള്ള എറി, ഒന്റാറിയോ എന്നീ തടാകങ്ങളും ഐസ് മൂടിയ നിലയിലാണ്. എറി നദിയുടെ 86 ശതമാനവും ഐസ് മൂടി കഴിഞ്ഞുവെന്ന് നാഷണൽ വെതർ സർവീസ് വ്യക്തമാക്കി.

ഒസ്വീഗോ, ജെഫർസൺ, ലൂയിസ് എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ ആറ് ഇഞ്ചുവരെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യത യുള്ളതായാണ് മുന്നറിയിപ്പ്.ശീത കാറ്റ് വീശി അടിക്കുന്നതിനാലാണ് അമേരിക്കയുടെ പലഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ശീതക്കാറ്റ് വീശിയടിച്ചത് മൂലം അമേരിക്കയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ 10 ഇഞ്ചുവരെ മഞ്ഞുവീഴ്ചയുണ്ടായിരുന്നു.

English Summary: Niagara Falls partially freezes amid brutal winter storm