"ലക്ഷത്തിലൊന്നേ കാണൂ, ഇതുപോലൊന്ന്." എന്ന ഡയലോഗ് പലപ്പോഴായി പലരെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന കൊഞ്ചിനെക്കുറിച്ച് ലക്ഷത്തിലൊന്ന് എന്നു പറഞ്ഞാല്‍ അത് വലിയ തെറ്റായി പോകും, കാരണം ഇത്തരം ഒരു കൊഞ്ച് 30 ലക്ഷത്തില്‍ ഒന്നേ കാണൂ. 3 മില്യണ്‍ ലോബ്സറ്റര്‍ കൊഞ്ചുകളില്‍  ഒന്നു മാത്രമാണ് കടുത്ത മഞ്ഞ നിറത്തില്‍ കാണപ്പെടുകയെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ നിറത്തിലും നീളത്തിലും ഏത്തപ്പഴത്തോട് സാമ്യമുള്ള ഒരു കൊഞ്ചിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ മസാച്ച്യൂസെറ്റിന്റെ കിഴക്കന്‍ മേഖലയിലുള്ള കടലിടുക്കിൽ നിന്നാണ് ഈ കൊഞ്ചിനെ ലഭിച്ചത്. മാര്‍ലി ബോബ് എന്ന മീന്‍പിടുത്തക്കാരനാണ് ഈ കൊഞ്ചിനെ പിടികൂടിയത്. ഇത്തരം ഒരു മീനിനെ പിടികൂടുകയെന്നത് അത്യപൂർവമാണ്. ഇത്തരം അപൂര്‍വ കൊഞ്ചിനെ കിട്ടിയിട്ടും അതിനെ വിൽക്കാന്‍ മാര്‍ലി ബോബ് തയാറായില്ല. ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയിലെ മറൈന്‍ സയന്‍സ് സെന്‍ററിന് ഈ കൊഞ്ചിനെ സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു.

മറൈന്‍ സയന്‍സ് സെന്‍ററിലെ ഗവേഷകര്‍ രൂപത്തിനനുസരിച്ച് ബനാന എന്ന പേരും ഈ കൊഞ്ചിന് നല്‍കി. മഞ്ഞ നിറത്തില്‍ മാത്രമല്ല നീല, തൂവെള്ള നിറങ്ങളിലും ഇത്തരത്തിലുള്ള അപൂര്‍വ കൊഞ്ചുകള്‍ കാണപ്പെടാറുണ്ട്. ഇവയില്‍ വെള്ള, നീല നിറത്തിലുള്ള കൊഞ്ചുകള്‍ മഞ്ഞ നിറത്തിലുള്ള കൊഞ്ചുകളേക്കാള്‍ താരതമ്യേന അധികമായി കാണപ്പെടുന്നവയാണ്. 20 ലക്ഷത്തില്‍ ഒരു കൊഞ്ചിനാണ് ഇത്തരം നിറങ്ങളുണ്ടാകാന്‍ സാധ്യതയുള്ളത്.  ഈ കൊഞ്ചുകളുടെയെല്ലാം നിറവ്യത്യാസത്തിന് കാരണം കൊഞ്ചുകളുടെ ഷെല്ലുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രോട്ടീനുകളിലെ ജനിതകമാറ്റമാണെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. 

ക്രിസ്റ്റല്‍ ലോബസ്റ്റര്‍ എന്ന വിഭാഗത്തില്‍ പെട്ട ലോബ്സറ്റര്‍ കൊഞ്ചുകള്‍ക്കാണ് ഇങ്ങനെ അപൂര്‍വമായെങ്കിലും വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടാന്‍ സാധിക്കുന്നത്. ലൂസിസം എന്ന ശാരീരിക അവസ്ഥയാണ് ഇവയ്ക്ക് വ്യത്യസ്തങ്ങളായ നിറം ഉണ്ടാകാന്‍ കാരണം. ഈ ശാരീരികമായ വ്യത്യസ്തത കരയിലെ മൃഗങ്ങളിലും കാണപ്പെടാറുണ്ട്. ഈ ശാരീരിക അവസ്ഥയാണ് മൃഗങ്ങള്‍ക്ക് സ്വന്തം വര്‍ഗത്തിലെ തന്നെ മറ്റുള്ള ജീവികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മങ്ങിയതായോ വെളുത്തതായോ ആയി തോന്നാന്‍ കാരണം.

സമീപകാലത്ത് കണ്ടെത്തിയ വ്യത്യസ്തമായ കൊഞ്ച് ബനാന മാത്രമല്ല. കാനഡയിലെ നോവാ സ്കോട്ടിയ മേഖലയിലും നിന്നും വളരെ വ്യത്യസ്തതയുള്ള ഒരു ലോബസ്റ്ററിനെ കണ്ടെത്തുകയുണ്ടായി. ഞണ്ടുകളിലും മറ്റും കാണപ്പെടുന്ന ഇറുക്കുന്ന പോലുള്ള ശരീരഭാഗം കൊഞ്ചുകളിലും ഉണ്ട്. ക്ലോ എന്ന് വിളിയ്ക്കുന്ന ഈ ശരീരഭാഗം സാധാരണ ഒരു കൊഞ്ചില്‍ രണ്ടെണ്ണമാണ് ഉണ്ടാകുക. എന്നാല്‍ നോവാ സ്കോട്ടിയയില്‍ നിന്ന് ലഭിച്ച കൊഞ്ച് നാല് "ക്ലോ" കള്‍ ഉള്ളതായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവയവങ്ങളുടെ ഇരട്ടിക്കല്‍ കൊഞ്ചുകള്‍ ഉള്‍പ്പെടുന്ന ആന്ത്രോപോഡുകളില്‍ അസാധാരണമല്ല.

English Summary: Meet Banana, The Incredibly Rare Yellow Lobster That’s One In 30 Million