ഡോ. ടി.വി. സജീവ്. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ്. പ്രിൻസിപ്പിൾസുള്ള സയന്റിസ്റ്റ് എന്നതാകും കൂടുതൽ ശരി. മുഖത്തു ദീക്ഷ. ജീവിതത്തിൽ സത്യദീക്ഷ. ക്വാറി മാഫിയയുടെ കണ്ണിലെ കരട്. തേക്കിന്റെ വളർച്ച മുരടിപ്പിക്കുന്ന ഡിഫോളിയേറ്റർ കീടത്തിനു വൈറസ് മരുന്ന്, ആഫ്രിക്കൻ ഒച്ചിന്റെ ജൈവ നിയന്ത്രണം എന്നിവയിലൂടെ ശാസ്ത്രത്തിന്റെ പ്രയോജനം ജനങ്ങളിലെത്തിച്ച ശാസ്ത്രജ്ഞൻ. സകല സംശയങ്ങൾക്കും ശാസ്ത്രീയ മറുപടി നൽകുന്ന ‘ഫസ്റ്റ് ക്വസ്റ്റ്യൻ’ ഫോൺ ഇൻ പരിപാടിയുടെ പ്രധാന സംഘാടകൻ. ഇന്ത്യയിലെയും വിദേശങ്ങളിലെയും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ക്ലാസെടുക്കുന്ന അധ്യാപകൻ. ശാസ്ത്രവും തത്വശാസ്ത്രവും കലരുന്ന ചിന്ത. പ്രഫ. ജോൺസി ജേക്കബ് വേരു നൽകിയ നന്മ മരങ്ങളിലെ ഒറ്റയാൾമരം. കാൽപനികമാണെന്നു തോന്നിപ്പിച്ചേക്കാമെങ്കിലും പറയുന്നതിലെല്ലാം ശാസ്ത്രത്തിന്റെ ഉൾക്കരുത്ത്. 

നിലവിലുള്ള വികസനത്തിന്റെയും ആസൂത്രണത്തിന്റെയും പൊള്ളിക്കുന്ന പൊള്ളത്തരങ്ങൾ വെളിപ്പെടുത്തുന്നു, സജീവ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ യഥാർഥ കാരണങ്ങൾ അദ്ദേഹം നിരത്തുന്നു. ആദിവാസി സാക്ഷരത അറിവു കേടു മാത്രമല്ല നെറികേടും അധിനിവേശവുമാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു. കാഴ്ചപ്പാടില്ലാത്ത കാഴ്ചകളുടെയും കെട്ടുകാഴ്ചകളുടെയും ഉദ്ദേശശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ജീവശാസ്ത്രത്തിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിലേക്കും രാഷ്ട്ര മീമാംസയിലേക്കും പടരുന്ന അറിവും ചിന്തകളും അദ്ദേഹം മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു. ചിന്തയിലും പ്രവൃത്തിയിലും മുഖമറയില്ലാത്ത ശാസ്ത്രജ്ഞന്റെ മുഖവുര കഴിഞ്ഞു. മുഖാമുഖത്തിലേക്ക്: 

കേരളം നേരിടുന്ന സമകാലിക പരിസ്ഥിതി പ്രശ്നങ്ങൾ? 

ഗൗരവമേറിയ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടാതെ ജീവിച്ചിരുന്ന ജനതയാണു കേരളത്തിലേത്. 2018ലെ പ്രളയത്തോടെ സ്ഥിതി മാറി. കേരളത്തിലെ പല ഭാഗങ്ങളും സുരക്ഷിതമല്ലാതായി. കോവിഡ് മഹാമാരി ഇക്കാര്യത്തിൽ നമുക്കു കൂടുതൽ തിരിച്ചറിവുണ്ടാക്കേണ്ടതായിരുന്നു. പക്ഷേ, ആ തിരിച്ചറിവുകൾ നമ്മൾ ഏറ്റെടുത്തിട്ടുണ്ടോയെന്നതാണു പ്രശ്നം. ഭൂമിയുടെ ഉപരിതലത്തെ നമ്മൾ എങ്ങനെയാണു മാനേജ് ചെയ്യുന്നത്? ഉത്തരാഖണ്ഡിലും അസമിലും ബംഗാളിലും ഒഡിഷയിലും മധ്യപ്രദേശിലുമൊക്കെയുണ്ടായ പ്രശ്നങ്ങളുടെ തുടക്കം ആഗോളതാപനത്തിലാണ്. അതുമായി ബന്ധപ്പെട്ടാണു കാലാവസ്ഥയിൽ വലിയ മാറ്റം വരുന്നത്. പക്ഷേ, അവയെ ദുരന്തങ്ങളാക്കുന്നതു മനുഷ്യൻ പ്രാദേശികമായി നടത്തുന്ന പ്രവൃത്തികളാണ്. ഉത്തരാഖണ്ഡിൽ ടൂറിസവുമായി ബന്ധപ്പെട്ട് ധാരാളം കെട്ടിടങ്ങൾ നിർമിച്ചിരുന്നു. നിർമാണത്തിനു തടസ്സം നിന്ന ഉദ്യോഗസ്ഥരെയൊക്കെ അവിടെ നിന്നു സ്ഥലം മാറ്റി. ഒരു നിയന്ത്രണവുമില്ലാതെ കെട്ടിടങ്ങൾ പണിതു. ഭൂപ്രകൃതിയിൽ വലിയോതിൽ മാറ്റം സംഭവിച്ചു. വലിയ മഴ വന്നപ്പോൾ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിന്നു.  മർദം ഉയർന്ന്, താഴെയുള്ള മഞ്ഞുപാളി തകർന്ന് തോന്നിയപടി വെള്ളം ഒഴുകിപ്പോവുകയും ദുരന്തമുണ്ടാവുകയും ചെയ്തു. സാധാരണ ഗ്രാമങ്ങളാണു മുങ്ങിപ്പോയത്. എത്രപേർ മരിച്ചുവെന്ന് ഇപ്പോഴുമറിയില്ല. ഇപ്പോൾ ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തിനു കാരണം, ജലവൈദ്യുതി പദ്ധതിയുടെ നിർമാണത്തിന്റെ ഭാഗമായി നടത്തിയ സ്ഫോടനങ്ങളാണ്. ആഗോളതാപനത്തിന്റെ ഭാഗമായി അതിഭീകര മഴയുണ്ടാകുമ്പോൾ അതിനെ ദുരന്തമാക്കുന്നത് പ്രാദേശികമായി മനുഷ്യൻ മണ്ണിൽ നടത്തുന്ന വൻകിട നിർമിതികളാണ്. ഇതിനെ നേരിടാനുള്ള വഴികൾ നമ്മൾ കണ്ടെത്തിയിട്ടുണ്ടോ? നമ്മൾ  മാറിച്ചിന്തിച്ചിട്ടുണ്ടോയെന്നതു പ്രധാന ചോദ്യമാണ്. സംസ്ഥാന ബജറ്റിൽ പരിസ്ഥിതി പ്രശ്നങ്ങളോ സംരക്ഷണ പ്രവർത്തനങ്ങളോ പറയുന്നില്ല. 

കുരങ്ങുപനിയെ ആർക്കും വിലയില്ലാത്തതെന്തു കൊണ്ട്?

കൊറോണ വൈറസ് മനുഷ്യനിലുണ്ടായിരുന്നതല്ല. അതു മറ്റു ജീവികളിൽ നിന്നു മനുഷ്യനിലേക്കു പകർന്നതാണ്. ചൈനയിലുണ്ടായ പ്രതിഭാസം എന്ന നിലയ്ക്കു മാത്രം അതിനെ കാണാൻ പറ്റില്ല. കേരളത്തിലും സമാന സംഭവങ്ങളുണ്ട്. വവ്വാലുകളിൽ മാത്രം കാണുന്ന നിപ വൈറസ് മനുഷ്യനിലേക്കു പകർന്നതു നമ്മൾ കോഴിക്കോട്ട് കണ്ടു. വയനാട്ടിലും കർണാടകത്തിലെ പല പ്രദേശങ്ങളിലും കുരങ്ങുപനി വന്ന് എല്ലാ വർഷവും മനുഷ്യർ മരിക്കുന്നു. വലിയ ജൈവവൈവിധ്യമുള്ള കേരളത്തിൽ, മറ്റു ജീവികളിൽ നിന്നു മനുഷ്യനിലേക്കു സംക്രമിക്കാവുന്ന രോഗങ്ങളെ പറ്റിയുള്ള അറിവുകളും അതിന്റെ മാനേജ്മെന്റും വളരെ പ്രധാനമാണ്. നമ്മുടെ വികസന സംവിധാനങ്ങളിലും ആസൂത്രണ പ്രക്രിയകളിലും ഇതു പരിഗണിക്കുന്നുണ്ടോയെന്നതു പ്രധാനമാണ്. 

വവ്വാലുകൾ ജീവിച്ചിരുന്ന വന്മരങ്ങൾ മുറിച്ചു മാറ്റി. അവർ എങ്ങോട്ടു പോകും? അവരുടെ ആവാസ വ്യവസ്ഥ തകരുമ്പോൾ, അവരും മനുഷ്യരും തമ്മിലുള്ള ഇടപെടലുകൾ വർധിക്കും. സ്പീഷിസ് ജംപിനുള്ള സാധ്യത വലിയതോതിലുണ്ടാകും. കോവിഡ് വാക്സീനെ പറ്റി നമ്മൾ വ്യാപകമായി ചർച്ച ചെയ്യുമ്പോഴും വർഷങ്ങളായി ആളുകളെ കൊല്ലുന്ന കുരങ്ങുപനിക്കു ഫലപ്രദമായ ചികിത്സാ സംവിധാനം നമ്മളിതുവരെ കണ്ടെത്തിയിട്ടില്ല. അതു പാവപ്പെട്ട ആദിവാസികളെയും കാടിനോടു ചേർന്നു ജീവിക്കുന്നവരെയും മാത്രം ബാധിക്കുന്ന വിഷയമാണെന്നതിനാൽ, മരുന്നിനു ചെലവു കുറവായിരിക്കും. കുറഞ്ഞ വിപണി സാധ്യതയുള്ള മരുന്നുകൾക്കായി ഗവേഷണത്തിനു കോടികൾ മുടക്കാൻ മരുന്നു കമ്പനികൾക്കു താൽ‍പര്യമില്ല. ഇങ്ങനെയാണു മുതലാളിത്തം ഓപറേറ്റ് ചെയ്യുന്നത്. ലാഭമുണ്ടെങ്കിൽ മാത്രമേ അവർ ഇടപെടൂ. ധാരാളം ഉപഭോക്താക്കളെ ലഭിക്കുമെന്നതിനാൽ കോവിഡ് വാക്സീനിൽ അവർക്കു താൽപര്യമുണ്ടാകും. ഒന്നുകിൽ ജനം വാങ്ങും. അല്ലെങ്കിൽ ജനത്തിനു വേണ്ടി സർക്കാർ വാങ്ങും. രണ്ടായാലും കമ്പനിക്കു ലാഭം ഉറപ്പാണ്. അതേസമയം, പ്രാദേശിക തലത്തിൽ മാത്രമുള്ള, സാധാരണക്കാരായ കുറച്ചു പേരെ മാത്രം ബാധിക്കുന്ന രോഗത്തിനു മരുന്നു കണ്ടെത്താൻ മുതലാളിത്തത്തിനു താൽപര്യമുണ്ടാകില്ല. 

വന്യജീവി–മനുഷ്യ സംഘർഷം വർധിക്കുന്നു? 

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു  വെള്ളം കുടിക്കാനല്ല. ആൺ ആനക്കൂട്ടങ്ങൾ രൂപപ്പെടുന്നു. മാറ്റം കാടിനും ബാധകമാണ്. പൊതുബോധങ്ങൾ മാറേണ്ട സമയം കഴിഞ്ഞു. വന്യജീവികളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ നമ്മൾ പഠിക്കണം. കാട്ടിനകത്തു കഴിഞ്ഞിരുന്ന പന്നികൾ, കാട്ടിനരികിലേക്കു താമസം മാറ്റിയിട്ടുണ്ട്. കാട്ടിൽ ലഭിക്കുന്നതിനേക്കാൾ നാട്ടിലാണ് അവർക്ക് എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്നത്. കോഴിഫാമുകളിൽ നിന്നടക്കം നാട്ടിൽ ധാരാളം മാലിന്യമുണ്ട്. മാലിന്യം വർധിക്കുമ്പോൾ, തെരുവനായ്ക്കളുടെ എണ്ണം കൂടും. കടുവയ്ക്കും പുലിക്കും കാട്ടിൽ ഇരതേടുന്നതിനേക്കാൾ എളുപ്പം തെരുവുനായയെ പിടിക്കുന്നതാണ്. രുചികരമായ ഭക്ഷണവും നാട്ടിലാണ് അവർക്കു ലഭിക്കുന്നത്. ആനയ്ക്കു പൈനാപ്പിൾ പ്രിയപ്പെട്ടതാണ്. ചക്കയും പൈനാപ്പിളുമൊക്കെ ആനയെ ആകർഷിക്കുക തന്നെ ചെയ്യും. കാട്ടിൽ പഴയതു പോലെ നായാട്ടു നടക്കുന്നില്ല. നിയമങ്ങൾ കർക്കശമാക്കിയതോടെയാണിത്. വന്യജീവികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. അതിന്റെ സ്വഭാവത്തിലും മാറ്റം വന്നു. ആനകൾ വൈദ്യുതി കമ്പി വേലി പൊളിക്കാൻ പഠിച്ചു കഴിഞ്ഞു. ആനകളിൽ ആണുങ്ങളുടെ കൂട്ടങ്ങൾ രൂപപ്പെടുന്നു. ഏറ്റവും മുതിർന്ന പിടിയാനയായിരുന്നു നേരത്തെ ആനകളുടെ സംഘത്തെ നയിച്ചിരുന്നത്. കൊമ്പനാന, 11–12 വയസാകുമ്പോൾ കൂട്ടത്തിൽ നിന്നു മാറിപ്പോകും. കൂട്ടത്തിൽ നിന്നു തന്നെയുണ്ടാകുന്ന ഇണചേരൽ ഒഴിവാക്കാനാണിത്. ആണുങ്ങൾ ഒറ്റയാന്മാരായി നടക്കുകയാണു ചെയ്തിരുന്നത്. ഈ സ്വഭാവം മാറുകയാണ്. 

ആണുങ്ങൾ മാത്രം കൂട്ടമായി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട്ട്, 3 കൊമ്പനാനകൾ കൂട്ടം ചേർന്നു ദിവസങ്ങളോളം നാട്ടിലുണ്ടായിരുന്നു. വനംവകുപ്പ് ഏറെ ബുദ്ധിമുട്ടിയാണ് ഇവയെ കാട്ടിലേക്കു തിരിച്ചയച്ചത്. പക്ഷേ, അവ വീണ്ടും നാട്ടിൽ തിരിച്ചെത്തി. രണ്ടാം വരവിൽ മൂന്നല്ല, 5 കൊമ്പനനാകളാണു കൂട്ടമായെത്തിയത്! ഇവർ പ്രശ്നമൊന്നുമുണ്ടാക്കിയില്ലെങ്കിലും ആനകളുടെ സാന്നിധ്യം പോലും നാട്ടിൽ പ്രശ്നമാണല്ലോ. ഇതിനോടു പ്രതികരിക്കുന്ന കാര്യത്തിൽ മിക്കവാറും നമ്മുടെ എല്ലാ സംവിധാനങ്ങളും പരാജയപ്പെടുന്നു.  പ്രധാനപ്പെട്ടൊരു കാര്യം, കാട്ടിൽ ജീവിക്കുകയും കാടിനെ ഏറ്റവും നന്നായി അറിയുകയും ചെയ്യുന്ന ആദിവാസികളെ ഇതിന്റെ ചർച്ചകളിലോ അഭിപ്രായപ്രകടനങ്ങളിലോ പങ്കെടുപ്പിക്കുന്നില്ലെന്നതാണ്. അവർക്കു വ്യത്യസ്തമായ കഥ പറയാനുണ്ട്. കന്നുകാലിയെ കടുവയോ പുലിയോ കൊന്നാൽ, നഷ്ടപരിഹാരത്തിനു വേണ്ടിയുള്ള സമരമാണു അടുത്തഘട്ടം എന്നതാണു നാട്ടിലെ കാഴ്ച. പക്ഷേ, അപ്പോഴും കടുവയ്ക്കു ഭക്ഷണം ലഭിച്ചിട്ടുണ്ടാകില്ല. വിശപ്പു കാരണം, കടുവ അടുത്ത പശുവിനെ തേടുകയാകും തത്സമയം. അടുത്ത വേട്ടയോടെ, വലിയ വാർത്തകളും വിവാദങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്യും. 

കടുവയ്ക്കു ഭക്ഷണം കിട്ടിയോയെന്നു മാത്രം ആരും ചോദിക്കില്ല. ആദിവാസികൾ ഇതിനോടു പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ഞങ്ങൾക്കെല്ലാം കിട്ടുന്നതു കാട്ടിൽ നിന്നാണെന്നും തങ്ങളുടെ കാളയെയോ പശുവിനെയോ കടുവ പിടിച്ചാൽ, അത് ഐശ്വര്യത്തിന്റെ ലക്ഷണമെന്നുമാണ് അവരുടെ വിശ്വാസം. കാടിന് എന്തെങ്കിലും തിരിച്ചു നൽകാനുള്ള അവസരമായി അവർ‍ ഇതിനെ കാണുന്നു. കാടുമായുള്ള അവരുടെ ബന്ധം അങ്ങനെയാണു നിർ‍വചിക്കപ്പെടുന്നത്. പൊതുസമൂഹത്തിനു കാടെന്നതു ടൂറിസ്റ്റ് കേന്ദ്രമോ, ഇടയ്ക്കു പോയി കുളിച്ചിട്ടു വരാനുള്ള ഇടമോ ആണ്. പക്ഷേ, ആദിവാസികൾക്കു കാട് അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാഴ്ചപ്പാടിലെ വ്യത്യാസം പ്രകടമാണിവിടെ. ആദിവാസികളുടെ ഈ സെൻസിബിലിറ്റി കൂടി ഉൾപ്പെടുത്തി മാത്രമേ ഈ പ്രശ്നത്തെ നമുക്കു സമീപിക്കാൻ കഴിയൂ. ഇപ്പോൾ ആ കാഴ്ചപ്പാടേ ഇല്ല. ലാഭം എന്ന നിലയ്ക്കു മാത്രം കൃഷിയെ കാണുന്ന അവസ്ഥയാണ്. 

നമുക്ക് ഇഷ്ടമുള്ളതു കൃഷി ചെയ്യും, അതിനു മുഴുവൻ സംരക്ഷണം ലഭിക്കണം, നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കണം എന്നതാണു നിലപാട്. പണ്ടു കർഷകർ ചെയ്തിരുന്നതു പോലെ, ഏറുമാടം കെട്ടിയും മറ്റും രാത്രി മുഴുവൻ കാവലിരിക്കുകയും മൃഗങ്ങളെ ഓടിച്ചുവിടുകയും ചെയ്തിരുന്ന കാലം പോയി. ഇപ്പോൾ എല്ലാവരും വീട്ടിൽ കിടന്നുറങ്ങുന്നു. കാട് എന്തെന്നറിയാത്തവർ, കാടിനു സമീപത്തു കൃഷി തുടങ്ങിയപ്പോഴുണ്ടായ അപകടമാണിത്. ന്യൂജൻ കർഷകരുടെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. 

കാട്ടിലെ റിസോർട്ടുകളും പ്രശ്നമുണ്ടാക്കുന്നു. ജൈവ ഇടനാഴികൾ നഷ്ടപ്പെടുന്നു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും റിസോർട്ടുകളും ആത്മീയസ്ഥാപനങ്ങളും കാരണം കാടുകൾക്കിടയിലെ സഞ്ചാരപാത ഇല്ലാതായി. വന്യജീവികൾ ഒരു സ്ഥലത്തു കുടുങ്ങിക്കിടക്കുന്ന അവസ്ഥ. ഒരു കാട്ടിൽ നിന്ന് അടുത്ത കാട്ടിലേക്കു പോകണമെങ്കിൽ, നാട്ടിലൂടെ പോകേണ്ടി വരുന്നു. കാടിന്റെ തുടർച്ച നഷ്ടപ്പെടുന്നു. ഈ തരത്തിലുള്ള പ്രശ്നങ്ങളെ കണ്ടെത്തി, ഗൗരവത്തോടെ സമീപിക്കുന്നതിലും പരിഹരിക്കുന്നതിലും നമ്മൾ പരാജയപ്പെടുന്നു.

ട്രഞ്ചായാലും വൈദ്യുത വേലികളായാലും വന്യജീവികളെ ഒരു പ്രത്യേകസ്ഥലത്തേക്കു കുടുക്കിക്കളയും. ആനകൾക്കു പോകേണ്ട വഴിയാണ് അടയുന്നത്. നേതൃത്വം നൽകുന്ന മുതിർന്ന പിടിയാനയുടെ ഓർമയിലെ വഴിയാണു തടസ്സപ്പെടുന്നത്. വഴി തടസപ്പെടുമ്പോൾ സ്വാഭാവികമായും അവ മറ്റൊരു വഴി തേടും. ഒരിക്കലും പോകാത്ത വഴിയിലൂടെ പോയെന്നു വരും. വന്യമൃഗങ്ങൾക്കു കാട്ടിൽ ഹോട്ടലുകളില്ലല്ലോ. അവർക്കു ഭക്ഷണം സൂക്ഷിച്ചു വയ്ക്കാനാവില്ല. അന്നന്നത്തെ ഭക്ഷണം കണ്ടെത്തേണ്ടതുണ്ട്. വെള്ളം കണ്ടെത്തേണ്ടതുണ്ട്. നേതാവിനാകട്ടെ, കൂട്ടത്തിന്റെ കാര്യം മുഴുവൻ നോക്കണം. ആനയെ പോലെ ധാരാളം ഭക്ഷണം കഴിക്കുന്ന ജീവിക്ക്, തനിക്കും കൂട്ടത്തിനും ആവശ്യത്തിനുള്ള ഭക്ഷണം ലഭ്യമാകുന്ന പ്രദേശം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരം സ്വഭാവങ്ങളും സവിശേഷതകളും സംബന്ധിച്ച് ഒരുപാടു ഡേറ്റ വിശകലനത്തിനായി ആവശ്യമുണ്ട്. 

കേരളത്തിൽ എത്ര കാട്ടാനക്കൂട്ടങ്ങളുണ്ട്? അവരുടെ ജീവിത മേഖല (ഹോം റേഞ്ച് – അഥവാ അവ ഒരു വർഷത്തിനിടെ ജീവിക്കാനെടുക്കുന്ന ഭൂവിസ്തൃതി), ആനത്താരകൾ എന്നിവയാണ് ആദ്യം തയാറാക്കേണ്ടത്. ആ പ്രദേശത്തു പിന്നീടുള്ള എല്ലാ മനുഷ്യ ഇടപെടലുകളും ഇതിനെ അടിസ്ഥാനമാക്കിയാകണം തയാറാക്കേണ്ടത്. ആദിവാസികൾ ഇക്കാര്യത്തിൽ വിദഗ്ധരാണ്. കുടികളും വഴികളുമുണ്ടാക്കുമ്പോൾ,  വന്യജീവികളുടെ ജീവിതമേഖലയും യാത്രാ വഴികളുമൊക്കെ അവർ ഒഴിവാക്കും. കാട്ടിലൂടെ നമ്മൾ ഒരു റോഡുണ്ടാക്കുമ്പോൾ ചെരിവും പ്രതലവും പണം തരുന്നതു കിഫ്ബിയാണോ കേന്ദ്ര സർക്കാരാണോ എന്നൊക്കെയാണു നോക്കുന്നത്. 

വന്യജീവികൾ നമ്മുടെ പരിഗണനാ വിഷയമേയല്ല. ആ സ്ഥലം ആരാണു നേരത്തെ ഉപയോഗിച്ചിരുന്നതെന്നു നോക്കാതെയാണു നമ്മുടെ ഇടപെടൽ. വന്യജീവികളെ കൂടി ഉൾപ്പെടുത്തിയുള്ള ആസൂത്രണത്തിലേക്കു നാം മാറണം. ‌കാടും നാടും തമ്മിലുള്ള അതിർത്തി, കൃത്യമായി കമ്പിവേലി കെട്ടി തിരിക്കാവുന്ന ഒന്നല്ല. കാട്ടിൽ നിന്നു നാടെടുക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. ശുദ്ധവായു, ശുദ്ധജലം തുടങ്ങിയവ. അതുപോലെ, നാട്ടിൽ നിന്നു കാടെടുക്കുന്ന കാര്യങ്ങളുമുണ്ട്. വന്യജീവികൾ കാട്ടിനു പുറത്തേക്കു വരുന്നതിനൊരു കാരണമിതാണ്. 

വിദേശ ഇനങ്ങൾ കാടു കയ്യേറുന്നു

വന്യജീവികൾ നാട്ടിലിറങ്ങുന്നതിനു മറ്റൊരു കാരണം അധിനിവേശ സസ്യങ്ങളാണ്. ഇവ നമ്മുടെ കാട് കയ്യടക്കുന്ന സ്ഥിതിയുണ്ട്. കമ്യൂണിസ്റ്റ് പച്ച, ആനത്തൊട്ടാവാടി, മഞ്ഞക്കൊന്ന, ധൃതരാഷ്ട്രപ്പച്ച തുടങ്ങിയവ സസ്യങ്ങൾ നാട്ടിലാണെങ്കിൽ കർഷകർ പിഴുതു കളയും. കാട്ടിൽ പടർന്നാൽ ആരാണു പിഴുതു കളയുക? നമ്മുടെ നാട്ടിലും കാട്ടിലുമുണ്ടായിരുന്ന സ്വാഭാവിക സസ്യങ്ങൾ, മറ്റു ജീവികളുടെ തീറ്റയാണ്. അവ പെരുകാതെ നോക്കാൻ വേണ്ട ജീവികൾ അതേ കാട്ടിൽ തന്നെയുണ്ടാകും. പക്ഷേ, അധിനിവേശ സസ്യങ്ങൾ തിന്നാൻ കാട്ടിൽ ആരുമില്ല. അവ, മറ്റു സസ്യങ്ങളെ കീഴടക്കി കാട്ടിൽ പടരും. ഇത്, കാട്ടിലെ സസ്യഭുക്കുകളായ ജീവികൾക്കു ഭക്ഷ്യ പ്രതിസന്ധിയുണ്ടാക്കുകയും അവ പുതിയ കാടു തേടിപ്പോവുകയും ചെയ്യും. ഇതോടെ, മാംസഭുക്കുകളും അവയ്ക്കു പിറകെ പോകേണ്ടി വരും. 

കടുവ, പുലി തുടങ്ങിയ മാംസഭുക്കുകൾക്ക് അവയുടെ ജൈവമേഖല (ടെറിട്ടറി)യുണ്ട്. അടുത്ത കാട്ടിൽ, സംഘർഷത്തിലേക്ക് ഇതു നയിക്കും. സംഘർഷത്തിൽ പരുക്കു പറ്റുന്ന വന്യജീവികൾ, ഇര തേടാൻ എളുപ്പമുള്ള നാട്ടിലേക്കിറങ്ങും. വനവത്കരണത്തിനു നമ്മുടെ ഉദ്യോഗസ്ഥർക്കെല്ലാം താൽപര്യമാണ്. അക്കേഷ്യ, യൂക്കാലിപ്റ്റസ്, പൈൻ തുടങ്ങിയ വിദേശ ഇനങ്ങളോടാണു താൽപര്യം. ഇവിടെ, ഇവ തിന്നു ജീവിക്കുന്ന ജീവികളില്ലാത്തതിനാൽ നട്ടവയെല്ലാം വളരും. പെട്ടെന്നു വളരുകയും ചെയ്യും. ഇതോടെ, പെട്ടെന്നു പച്ചപ്പു പടരും. വനവത്കരണ പദ്ധതി ലക്ഷ്യത്തിലെത്തിയെന്ന് ആഘോഷിക്കാനും സാധിക്കും. ഹെലികോപ്റ്ററിൽ നിന്നു വിത്തു വിതറി വനവത്കരണം നടത്തിയൊരു വിദേശ ഇനമുണ്ട്, ഉത്തരേന്ത്യയിൽ – പ്രോസോസിസ് ജൂലിഫ്ലോറ. ഇന്ത്യയിൽ ഇതു തിന്നുന്ന ജീവികളില്ലാത്തതിനാൽ, കുഞ്ഞുമരങ്ങൾ വ്യാപകമായി, കളയായി പടർന്നു. ഡൽഹിയിൽ ഇതൊരു തലവേദനയാണിപ്പോൾ. ഇതേപ്പറ്റി പോൾ റോബിൻസ് എന്ന ശാസ്ത്രജ്ഞൻ പഠിച്ചിട്ടുണ്ട്. ആഫ്രിക്കൻ പായലിന്റെ കഥ നമ്മുടെ മുന്നിലുണ്ടല്ലോ. 

നാട്ടിലെ ഇനങ്ങൾ വച്ചുപിടിപ്പിക്കാൻ വലിയ ശ്രദ്ധ ആവശ്യമുണ്ട്. ഇതൊന്നും ചെയ്യപ്പെടുന്നില്ല. ഇത്തരം അടിസ്ഥാന കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വനം, വന്യജീവി സംരക്ഷണം എന്നത് എല്ലായിടത്തും ഒരേപോലെ നടക്കുന്ന കാര്യമല്ല. ചില പ്രത്യേക മേഖലകളിലാണ് അത് ഏറ്റവും അത്യാവശ്യമായി വരുന്നത്. ആ മേഖലകൾ കണ്ടെത്തി, ആവശ്യങ്ങൾ തിരിച്ചറിയണം. സൂക്ഷ്മമായ പഠനങ്ങൾ ആവശ്യമാണ്. ‘മൃഗങ്ങൾ കാടിറങ്ങുന്നതു ഭക്ഷണവും വെള്ളവും ഭക്ഷണവും തേടിയാണെന്ന വിചാരം തെറ്റ്’

കാട്ടിൽ ഭക്ഷണമില്ലാത്തതു കൊണ്ടും വെള്ളമില്ലാത്തതു കൊണ്ടുമാണു മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതെന്നു പറയുന്നതു തെറ്റാണ്. മനുഷ്യനും മൃഗങ്ങളും തമ്മിൽ ഏറ്റവുമധികം സംഘർഷമുണ്ടാകുന്നതു മൺസൂൺ കാലത്താണ്. കാട്ടിൽ വെള്ളത്തിന് ഒട്ടും ക്ഷാമമില്ലാത്ത കാലമാണത്. വെള്ളം കിട്ടാത്ത കാലത്ത്, വെള്ളമുള്ള സ്ഥലത്തു തന്നെ മൃഗങ്ങൾ നിൽക്കേണ്ടി വരും. മഴക്കാലത്ത്, എവിടെയും വെള്ളം കിട്ടുമെന്നതിനാൽ അവിടേക്കെല്ലാം എത്തുകയും ചെയ്യും. 

മാത്രമല്ല, പ്രത്യാഘാതങ്ങൾ പഠിക്കാതെയാണു പല പരിഷ്കാരങ്ങളും നമ്മൾ ഏർപ്പെടുത്തുന്നത്. വയനാട്ടിൽ, കാട്ടുപോത്തിനും മാനിനുമൊക്കെയായി വേനൽക്കാലത്തു കാട്ടിൽ വെള്ളം സംഭരിച്ചപ്പോൾ കർണാടകയിൽ നിന്നു ആനകൾ അവിടേക്കു വരാൻ തുടങ്ങി. നമ്മൾ കേരളത്തിന്റെ അതിർ‍ത്തിക്കകത്തു നിന്നു ചിന്തിക്കുമ്പോൾ, അവരെ ഇതൊന്നും ബാധിക്കുന്നില്ല. അവരുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ കഴിയണമെന്നതാണു പ്രധാനം. നമുക്കൊരുപാടു ശാസ്ത്രജ്ഞരുണ്ട്. പക്ഷേ, ശാസ്ത്രം ഇക്കാലത്തു പോലും ഭരണത്തിൽ എത്രത്തോളം ഉപയോഗിക്കപ്പെടുന്നുവെന്നതിൽ സംശയമുണ്ട്. ശാസ്ത്രത്തെ മുൻ നിർത്തിയാണോ നമ്മുടെ തീരുമാനങ്ങൾ? പൊതുബോധത്തെയും മറ്റു പല താൽപര്യങ്ങളെയും മുൻ നിർ‍ത്തിയാണോ നമ്മുടെ തീരുമാനങ്ങൾ വരുന്നത്? 

നാട്ടിലിറങ്ങുന്ന ഓരോ മൃഗത്തിനും അതിന്റേതായ സ്വഭ സവിശേഷതകളുണ്ട്. കാട്ടുപന്നിയെ ബാധിക്കുന്ന കാര്യങ്ങളല്ല, ആനയെ നാട്ടിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. കടുവയുടെ പ്രശ്നമല്ല, പുലിയുടേത്. അവ പ്രത്യേകമായി പഠിക്കണം. സമാധാനമായി ജീവിക്കുന്ന നമുക്കിടയിലേക്ക്, മൃഗം വന്നു പ്രശ്നമുണ്ടാക്കുന്നുവെന്നാണു നമ്മുടെ ചിന്താഗതി. നമ്മുടെ ഇടപെടലുകൾ വന്യമൃഗങ്ങളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുന്നുവെന്നതു കൃത്യമായി പഠിക്കേണ്ടതുണ്ട്.

നയരൂപീകരണത്തിലും ആസൂത്രണത്തിലും ആദിവാസി അറിവുകൾ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു? 

നയരൂപീകരണങ്ങളിൽ ആദിവാസി സമൂഹങ്ങളെ ഉൾപ്പെടുത്തുക തന്നെ വേണം. അവർ കുറച്ചു പേരേയുള്ളു. പക്ഷേ, ഒട്ടേറെ വൈവിധ്യമാർന്ന വിഭാഗങ്ങളുണ്ട്. അവരെ പ്രതിനിധീകരിച്ച് ഇപ്പോൾ ചർച്ചകളിൽ വരുന്നവരാരും യഥാർഥത്തിൽ അവരുടെ പ്രതിനിധികളല്ല.. 

‘ആദിവാസി സാക്ഷരത സാംസ്കാരിക അധിനിവേശമാണ്’

ആദിവാസി സാക്ഷരതയൊക്കെ വലിയ അപകടം പിടിച്ചതാണ്. കാടുകളിൽ നിന്ന് അടർത്തി മാറ്റി, ഹോസ്റ്റലുകളിൽ താമസിപ്പിക്കുകയാണ്. ഇതോടെ, പരമ്പരാഗതവും പ്രായോഗികവുമായി ലഭിക്കേണ്ട അറിവിന്റെ തുടർച്ച നഷ്ടപ്പെടുന്നു. നാട്ടിൽ പഠിപ്പിക്കുന്ന പല കാര്യങ്ങൾ, എന്തിന്, ഭാഷ പോലും അവർക്കു തിരിച്ചറിയാൻ പറ്റുന്നില്ല. ഇതൊരുതരം സാംസ്കാരിക അധിനിവേശമാണ്. ആദിവാസികൾ   വംശനാശത്തിലേക്കാണു നീങ്ങുന്നത്.  സാമൂഹികപരമായി, ഭാഷാപരമായി, സാംസ്കാരികമായി അവരെ ഇല്ലാതാക്കുന്ന പ്രക്രിയ. അവരുടെ പ്രകൃതിബോധമോ വീക്ഷണമോ മുഖവിലയ്ക്കെടുക്കാതെ, പരിസ്ഥിതി അറിവുകൾ പരിഗണിക്കാതെ പരിസ്ഥിതിയുമായി മുന്നോട്ടു പോവുക ഇനി സാധ്യമല്ല. മുഖ്യധാര പൊതുബോധം വഷളൻ ബോധമാണ്. അതു നമ്മൾ തിരിച്ചറിയുക തന്നെ വേണം.  

ആദിവാസികൾക്കു വിദ്യാഭ്യാസം നൽകേണ്ട എന്നതു പിന്തിരിപ്പൻ നിലപാടായി വ്യഖ്യാനിക്കപ്പെടില്ലേ? 

പനി വന്നാൽ, ചുക്കുകാപ്പിയിട്ടു കുടിച്ചാൽ പലപ്പോഴും മാറും. അത്, പാരമ്പര്യമായി കൈമാറിക്കിട്ടുന്ന അറിവാണ്. പക്ഷേ, നിങ്ങൾ എന്തു പ്രാകൃത മനുഷ്യരാണെന്നു ചോദ്യം വരും. കാരണം, നിങ്ങൾ ആശുപത്രി എന്ന ബിസിനസ് മോഡലിന്റെ ഭാഗമായില്ല.

ചുക്കുകാപ്പിയും ജിഡിപിയും തമ്മിലെന്താണ്? 

സർക്കാരിനും ചുക്കുകാപ്പിയിലല്ല താൽപര്യം. കാരണം, വീട്ടിലെ ചുക്കുകാപ്പി രാജ്യത്തിന്റെ ജിഡിപിയിലേക്ക് ഒന്നും സംഭാവന ചെയ്യുന്നില്ല. ജിഡിപി കുതിക്കണമെങ്കിൽ, പനി വന്നാൽ ആശുപത്രിയിൽ പോകണം. മരുന്നു വാങ്ങണം. പണം ചെലവാക്കണം. അപ്പോഴേ, ജിഡിപി ഉയരൂ. എല്ലാ പ്രജകളും നികുതി അടയ്ക്കുന്നതിനോടാണു ഏതു സർക്കാരിനും താൽപര്യം. തേക്കിൻകാട് മൈതാനത്തു തൃശൂരിന്റെ തനതു രുചിയുള്ള സർബത്തുകൾ വിറ്റാൽ സർക്കാരിനു നികുതിയൊന്നും ലഭിക്കില്ല. എന്നാൽ, പെപ്സിയും കൊക്കക്കോലയും വിറ്റാൽ കൃത്യമായ നികുതി ഖജനാവിലെത്തും. അതുകൊണ്ട്, സർബത്തു കച്ചവടക്കാരന് അനുമതി ലഭിക്കില്ല, കോളക്കമ്പനികൾക്കു ലഭിക്കുകയും ചെയ്യും. ജിഡിപി ഉയരും. നാട്ടുകാരന്റെ നന്നാറി സർബത്തു കൊണ്ടു ജിഡിപി ഉയരില്ല. 

മീശപ്പുലിമലയിലെ അധിനിവേശ ഇനങ്ങളിൽ പെട്ട ചെറിയ മരങ്ങൾ പിഴുതു മാറ്റാൻ വേണ്ടിയൊരു യന്ത്രം ഡിസൈൻ ചെയ്തു, ഒരു വെൽഡർ ഇതിനുള്ള യന്ത്രം ഉണ്ടാക്കി. 5000 രൂപയ്ക്കടുത്തേ വില വരൂ. യന്ത്രം ആവശ്യമുണ്ട്. പക്ഷേ, ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്തതിനാൽ ഇയാളിൽ നിന്നു വാങ്ങാൻ കഴിയുകയുമില്ല. വലിയ തുക കൊടുത്ത്, ജിഎസ്ടി റജിസ്ട്രേഷനുള്ള ഒരു കമ്പനിയിൽ നിന്നേ സർക്കാരിനു യന്ത്രം വാങ്ങാൻ കഴിയൂ. ഏതെങ്കിലും കുത്തകക്കമ്പനി വലിയ വിലയ്ക്ക് ഉണ്ടാക്കി വിൽക്കുമ്പോഴേ ഈ യന്ത്രം വാങ്ങാൻ കഴിയൂ എന്നർഥം.  

നിങ്ങൾക്കു രോഗം വരണമെന്നാണു ഭരണകൂടത്തിന്റെ ആഗ്രഹം. നിങ്ങൾക്കു രോഗം വരണം, ആശുപത്രിയിൽ പോകണം, കഴിയുന്നത്ര പണം ചെലവാക്കണം. നിങ്ങളൊരു ബിസിനസ് മോഡലിന്റെ ഭാഗമാകണം. ഭരണകൂടം മുന്നോട്ടു വയ്ക്കുന്ന ബിസിനസ് മോഡലിനു പുറത്ത് ഒരാൾക്കു ജീവിക്കാൻ കഴിയാത്ത അവസ്ഥയാണു വരുന്നത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതു പോലെ, അല്ലലുകളില്ലാത്ത ജീവിതങ്ങളെ നമ്മൾ പലയിടങ്ങളിലും തടഞ്ഞിടുകയാണ്. ഇതാണു കക്ഷിരാഷ്ട്രീയക്കാരും കോർപറേറ്റുകളും ചേർന്നു രൂപപ്പെടുത്തുന്ന  പുതുയുഗ ഫാഷിസം. അംബാനിയും അദാനിയും സൃഷ്ടിക്കുന്ന ബിസിനസ് നെറ്റ്‌വർക്കിനു പുറത്തു നാട്ടുകാർക്കു ജീവിക്കാൻ പറ്റാത്ത സ്ഥിതി. എതിരു പറഞ്ഞാൽ രാജ്യദ്രോഹി. ഭയാനകമായ സ്ഥിതിയാണിത്. 

ക്വാറികളുടെ പ്രവർത്തനം നാടിനെയും കാടിനെയും എങ്ങനെയൊക്കെ ബാധിക്കുന്നു? 

പാറ പൊതുസ്വത്താണെന്ന തിരിച്ചറിവുണ്ടാകണം. ഉടമ  രാജ്യമോ സംസ്ഥാനമോ ജില്ലയോ പഞ്ചായത്തോ ആയിക്കോട്ടെ. പക്ഷേ, ആരുടയെങ്കിലുമാണെന്ന് ഉറപ്പാക്കണം. അതുപയോഗിക്കുമ്പോൾ സൂക്ഷ്മത വേണം. ക്വാറി മുതലാളിമാർ കൃഷി ചെയ്തുണ്ടാക്കിയതല്ല, പാറ. മാത്രമല്ല, പാറ ഇനിയുണ്ടാവുകയുമില്ല. എടുത്താൽ തീരുന്ന, വിലപിടിപ്പുള്ള പ്രകൃതി വിഭവമെന്നു തിരിച്ചറിയണം.. പശ്ചിമഘട്ടത്തിൽ നിന്നു പൊട്ടിച്ചെടുത്ത് അറബിക്കടലിൽ കളഞ്ഞ കരിങ്കല്ലിനു കണക്കില്ല. അവ തിരിച്ചെടുത്തു പുനരുപയോഗിക്കാൻ നടപടിയുമില്ല. സ്വർണമാല നഷ്ടപ്പെട്ടാൽ, അതു തിരിച്ചുകിട്ടാനാണു നമ്മളാദ്യം ശ്രമിക്കുന്നത്. ഒരു സാങ്കേതികവിദ്യയ്ക്കും പാറയെ പുനഃസൃഷ്ടിക്കാൻ കഴിയില്ല. അമൂല്യമായ പാറയ്ക്കു പക്ഷേ, നമ്മൾ വിലയിടുന്നില്ല. അതു പൊട്ടിച്ചെടുത്തു നിർമാണ സ്ഥലത്തെത്തിക്കുന്നതിനാണു നമ്മൾ പണം നൽകുന്നത്. എത്ര വിചിത്രമാണിത്?  

ക്വാറികൾക്കെതിരെ കേരളത്തിൽ പലേടത്തും സമരം നടക്കുന്നുണ്ട്. അിതലൊന്നും മുഖ്യധാരാ കക്ഷിരാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കാറില്ല. ക്വാറി മാഫിയയിൽ നിന്നു ലഭിക്കുന്ന സംഭാവനയാണ് അവർക്കു മുഖ്യം. വീടുവീടാന്തരം കയറി കക്ഷിരാഷ്ട്രീയ പ്രവർത്തകർ സംഭാവന പിരിച്ച്, പാർട്ടി പരിപാടികൾ നടത്തിയിരുന്ന കാലം പോയി. എന്റെയോ നിങ്ങളുടെയോ സംഭാവന അവർക്ക് ആവശ്യമില്ല.  ഒരു ഫോൺ ചെയ്താൽ മതി. ക്വാറി മുതലാളിമാരുടെ പണം മുന്നിലെത്തും. ഇത്, പിന്നീടു സർക്കാരുകളുടെ തീരുമാനങ്ങളെയും ബാധിക്കുന്നു. പണം നൽകിയവർക്ക് അനുകൂല തീരുമാനമെടുക്കാൻ സർക്കാരുകൾ നിർബന്ധിതമാകും. 

വനത്തിൽ നിന്നു മാത്രമല്ല, ജനജീവിത പ്രദേശങ്ങളിൽ നിന്നും ക്വാറികൾക്കുണ്ടാകേണ്ട അകലം കുറയ്ക്കും. ശാസ്ത്രത്തെയോ പരിസ്ഥിതിയെയോ അടിസ്ഥാനമാക്കിയല്ല തീരുമാനമെടുക്കുന്നത്. ക്വാറി വരുന്നതോടെ ഇവിടങ്ങളിൽ ഭൂമിയുടെ സ്വഭാവം തന്നെ മാറും. ശുദ്ധജലക്ഷാമമുണ്ടാകും. കിണറുകൾ മലിനമാകും. ഇത്തരം പ്രദേശങ്ങളിൽ ക്വാറി മുതലാളിയാണിപ്പോൾ  വെള്ളം വിതരണം ചെയ്യുന്നത്. അവർ എത്രനാൾ ശുദ്ധജലം വിതരണം ചെയ്യും? ക്വാറി പൂട്ടി, മുതലാളി കോടികളുമായി സ്ഥലം വിടുന്നതോടെ അതിനുള്ള ബാധ്യത തദ്ദേശ സ്ഥാപനത്തിലേക്കു വരും. ജനങ്ങളുടെ നികുതിപ്പണമെടുത്ത്, കോടികളുടെ ശുദ്ധജലിവതരണ പദ്ധതി അവർ നടപ്പാക്കും.

സുസ്ഥിര വികസനമെന്ന സങ്കൽപമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. വീട്ടുകിണറുകളിൽ നിന്നു യഥേഷ്ടം വെള്ളം കോരിക്കുടിച്ചിരുന്ന പ്രദേശമാണു തിരിച്ചുവരവില്ലാത്ത വിധത്തിൽ മാറിപ്പോകുന്നത്.  ഇതു പരിഹരിക്കാൻ, ജനങ്ങളുടെ നികുതിപ്പണമെടുത്ത് പഞ്ചായത്ത് സൗജന്യമെന്ന ലേബലൊട്ടിച്ചു വാഹനത്തിൽ ശുദ്ധജല വിതരണം നടത്തും. ഇല്ലെങ്കിൽ ക്വാറിയിൽ കെട്ടിക്കിടക്കുന്ന വെള്ളം കോടികൾ ചെലവിട്ട് പമ്പു ചെയ്തു ജനങ്ങൾക്കു നൽകും. നാമമാത്രമായ ലൈസൻസ് ഫീസ് മാത്രമടച്ചു കോടികൾ ക്വാറി മുതലാളി സമ്പാദിക്കും. വീട്ടുമുറ്റത്തെ കിണറിൽ നിന്നു യഥേഷ്ടം വെള്ളം കോരിയിരുന്നവർ, ലോറിയെയോ പൈപ്പിലെയോ വെള്ളം കാത്തിരിക്കുന്ന അവസ്ഥയുണ്ടാകും. ,സ്വാശ്രയത്തിൽ നിന്നു പരാശ്രയത്തിലേക്കുള്ള തള്ളിയിടൽ. ഒരു ഭാഗത്തു ക്വാറി മുതലാളി കോടികൾ സമ്പാദിക്കുന്നു. മറുഭാഗത്ത്, പഞ്ചായത്തുകാർ ജനങ്ങളുടെ നികുതിപ്പണമെടുത്തു കോടികളുടെ പദ്ധതി നടപ്പാക്കുകയും സൗജന്യ ശുദ്ധജലം നൽകിയെന്നു വീമ്പിളക്കുകയും ചെയ്യുന്നു. 

രണ്ടു കക്ഷികൾക്കും ലാഭം. കുറഞ്ഞത്, സ്ഥിരമായി ശുദ്ധജലവിതരണത്തിനുള്ള പണമെങ്കിലും ക്വാറി മുതലാളിമാരിൽ നിന്നു വാങ്ങണമായിരുന്നു. ഇങ്ങനെ പ്രാദേശികമായി പ്രകൃതിയെ നശിപ്പിച്ചുണ്ടാക്കുന്ന കോടികളുടെ ആഘാതം വളരെ വലുതാണ്. അനധികൃത വരുമാനം കൊണ്ട്, അവർ സർക്കാർ സംവിധാനങ്ങളെ വിലയ്ക്കു വാങ്ങുന്നു. ജനപ്രതിനിധികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പഞ്ചായത്തംഗത്തിനു വോട്ടറുടെ കാര്യങ്ങൾ കേൾക്കേണ്ട. ക്വാറി മുതലാളിയുണ്ടല്ലോ കൂട്ടിന്. അടിസ്ഥാന തലത്തിലെ അഴിമതി ഇവിടെ തുടങ്ങുന്നു. ഇതു മുകളിലോട്ടു പടരുന്നു. മാത്രമല്ല, ഈ പണം പല വഴികളിലൂടെ ഒഴുകുകയും സമൂഹത്തെയാകെ ദുഷിപ്പിക്കുകയും ചെയ്യുന്നു. മെഡിക്കൽ, എൻജിനീയറിങ് മേഖലകൾ, കോളജ് അധ്യാപനം തുടങ്ങി എല്ലാ വഴികളിലും കോഴയായി ഇതു പടരും. യോഗ്യതയുള്ളവർ പുറത്തിരിക്കുമ്പോൾ, അതില്ലാത്തവർ ഡോക്ടർമാരും എൻജീനിയർമാരും അധ്യാപകരുമായി വരും. സമൂഹം വലിയ തോതിൽ ദുഷിക്കും. ജനാധിപത്യ പ്രക്രിയയെ തന്നെ തകർത്തുകളയും. ലോകത്ത് എല്ലായിടത്തും മാഫിയകൾ ചെയ്യുന്ന കാര്യമാണത്. അവർ, ജനാധിപത്യത്തെയാണു തകർക്കുന്നത്. 

വിദേശികളായ വളർത്തു ജീവികൾ നാടിനു ഭീഷണിയാകുന്നുണ്ടോ? 

റെഡ് ഇയേഡ് സ്ലൈഡ് ടർട്ടിൽ (ചെഞ്ചെവിയൻ ആമ) എന്നൊരു മെക്സിക്കൻ ഇനം ആമയെ കൊണ്ടു തൃശൂരിൽ ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടായത്.ആരോ വളർത്താൻ വേണ്ടി വാങ്ങിയതാണ്. ചെറുപ്രായത്തിൽ കാണാൻ നല്ല ഭംഗിയുണ്ടാകും. തീപ്പെട്ടിയിൽ കൊണ്ടു നടക്കാം. മനുഷ്യനുമായി നന്നായി ഇണങ്ങും. തീറ്റപ്രിയനും പെട്ടെന്നു വളരുന്ന ഇനവുമാണ്. തവളയും മീനും അടക്കം എന്തും തിന്നും. ഇതോടെ, ഓമനത്തം പോകും. ഉടമ എവിടെയെങ്കിലും ഉപേക്ഷിക്കും. നാട്ടിലെ സസ്യങ്ങൾക്കും ചെറു ജീവികൾക്കുമൊക്കെ ഭീഷണിയാകുകയും ചെയ്യും. സിംഗപ്പൂരിലും മറ്റും ഇതിനെ ഉൽപാദിപ്പിച്ചു കയറ്റിയയക്കുന്ന കേന്ദ്രങ്ങളുണ്ട്. ആദ്യം ഓമനമൃഗമാണെങ്കിലും പിന്നീടിതു ശല്യമാകും. ഇതിനെ തിന്നുന്ന ജീവികൾ, കേരളത്തിലില്ല താനും.ഇത്തരം ജീവികൾ കാട്ടിലെത്തിയാൽ പ്രശ്നം രൂക്ഷമാകും. ഇവയുടെ എണ്ണം വൻ തോതിൽ പെരുകാനും സാധ്യതയുണ്ട്. വളർത്താൻ വേണ്ടി ഭൂഖണ്ഡങ്ങൾ കടന്ന പല സസ്യങ്ങളും ജന്തുക്കളും പക്ഷികളുമൊക്കെ വളർത്തു നാട്ടിൽ പിന്നീടു വലിയ ശല്യമായിത്തീർന്ന സംഭവങ്ങൾ ഒട്ടേറെയാണ്. 

കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിന്റെ വർത്തമാനം, ഭാവി? 

പ്രഫ. ജോൺസി ജേക്കബിന്റെ ശിഷ്യരും അവരുടെ 2 തലമുറ ശിഷ്യന്മാരുമാണ് ഇപ്പോൾ കേരളത്തിൽ പരിസ്ഥിതി രംഗത്തു മുന്നിലുള്ളത്. അവർ മണ്ണിൽ വേരുറപ്പിച്ചു നിൽക്കുന്നവരാണ്. അതിൽ ശാസ്ത്രജ്ഞരും അഭിഭാഷകരും പ്രഫഷനലുകളും അക്കാദമിക് വിദഗ്ധരും എഴുത്തുകാരുമുണ്ട്.  അതൊരു ഗംഭീരമായ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. ജോൺസി പണം നൽകിയതു കൊണ്ടല്ല അവർ ആ രംഗത്തു തന്നെ ഉറച്ചു നിൽക്കുന്നത.് ആരുടെയും നിർദേശപ്രകാരവുമല്ല അവർ നിലപാടെടുക്കുന്നത്. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമായ നിലപാടുകളുമല്ല അവരുടേത്. സ്വാതന്ത്ര്യം, ആത്മാർഥത, അറിവ് എന്നിവയിൽ അധിഷ്ഠിതമാണ് അവരുടെ പ്രവർത്തനം. പുറത്തു നിന്ന് ആരുടെയും പിന്തുണയോ സഹായമോ ഇല്ലാതെ അതു സ്വതന്ത്രമായി പ്രവർത്തനം തുടരുന്നു.

തുടക്കത്തിൽ പരിസ്ഥിതി ചിന്തകൾ ശാസ്ത്രജ്ഞന്മാരിലും ശാസ്ത്ര വിദ്യാർഥികളിലും ഒതുങ്ങിയിരുന്നു. സൈലന്റ് വാലി പ്രക്ഷോഭത്തോടെയാണു ജനങ്ങൾ അതിലേക്കു വരുന്നത്. പിന്നീടതു സാംസ്കാരിക രംഗത്തേക്കു വളർന്നു. ശാസ്ത്രത്തിലുപരി, റൊമാന്റിക്കായിരുന്നു അക്കാലം. ഒഎൻവി, സുഗതകുമാരി, അയ്യപ്പപ്പണിക്കർ, അക്കിത്തം, കടമ്മനിട്ട തുടങ്ങിയ കവികൾ പരിസ്ഥിതി പ്രവർത്തനത്തിനു കാൽപനിക ഭാവം പകർന്നു. ‘മരക്കവികൾ’ എന്ന് അവർക്കു പേരുവീണു. ലേഖനങ്ങളേക്കാൾ കവിതകൾ പിറന്ന റൊമാന്റിക് കാലഘട്ടം. പിന്നീട്, വി.എസ്. അച്യുതാനന്ദനെയും ബിനോയ് വിശ്വത്തെയും മുല്ലക്കര രത്നാകരനെയും പോലുള്ളവരെ അത്തരം പ്രസ്ഥാനങ്ങൾ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. അഭിപ്രായ രൂപീകരണത്തിനുതകുന്ന വ്യക്തികളെ ഇത്തരം ലോബിയിങ്ങിന് ഉപയോഗിക്കാറുണ്ട്. വിദേശരാജ്യങ്ങളിലൊക്കെ നിലനിൽക്കുന്ന കാര്യമാണത്. 

കേരളത്തിന്റെ പരിസ്ഥിതി മനോഭാവത്തെ പറ്റി? 

ഭൂമി വലിയതോതിൽ വിൽപനച്ചരക്കും നിക്ഷേപ മേഖലയുമായി. വിൽപന മൂല്യം ഉയർന്നു. വിറ്റാലെത്ര കിട്ടും എന്നായി. ഭൂമി മൊത്തമായി മാത്രമല്ല അതിലെ പാറ, മണ്ണ്, കല്ല് തുടങ്ങിയവയും എന്തിനു വെള്ളം പോലും വിൽപ്പനച്ചരക്കുകളായി. മനുഷ്യനു തലമുറകളായി ജീവിക്കേണ്ട ഇടമാണു ഭൂമിയെന്ന കാഴ്ചപ്പാട് ഇല്ലാതായി. അതിന്റെ പ്രത്യാഘാതമാണു കേരളം വലിയതോതിൽ അനുഭവിക്കുന്നത്. പോണ്ടിച്ചേരി യാനത്തുണ്ടായിരുന്നപ്പോഴാണു ചുഴലിക്കാറ്റ് കടന്നുപോയത്. അവിടെയുണ്ടായിരുന്നതു പത്തിൽ താഴെ പേർ മാത്രം. കേരളത്തിലാണെങ്കിൽ, 2000 പേരെങ്കിലും കാണുമവിടെ. തട്ടുകടയും വിൽപനയുമൊക്കെയായി ആഘോഷമാക്കും. ദുരന്തമുഖത്തു മാത്രമല്ല. കൂട്ടമായി പൂക്കൾ വിരിഞ്ഞാൽ, പക്ഷികൾ വന്നാൽ അവിടെയൊക്കെ ഈ ജനക്കൂട്ടവും തട്ടുകടകളും പ്രത്യക്ഷപ്പെടും. ഇതു കേരളീയ സമൂഹത്തിന്റെ രോഗാതുരതയാണ്. ദുരന്തവും ഇവിടെ ടൂറിസമായിക്കഴിഞ്ഞു. ദുരന്തമുഖങ്ങളിൽ കാഴ്ചക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായാണു കാണുന്നത്. അതു പ്രളയമായാലും മണ്ണിടിച്ചലായാലും റോ‍ഡ് തകർന്നതായാലും പുഴ കരകവിഞ്ഞതായാലും ശരി. ഒരു കൂട്ടം കാഴ്ചക്കാരെ നമുക്കവിടെ ഉറപ്പായും കാണാൻ സാധിക്കും. 

പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാവി? 

താൽപര്യമുളള തലമുറ വളരുന്നുണ്ടെന്നാണു ക്ലാസുകളെടുക്കുമ്പോൾ മനസിലാകുന്നത്. പരിസ്ഥിതി ആഘാത മേഖലാ നോട്ടിഫിക്കേഷനിൽ വെള്ളം ചേർത്തപ്പോൾ, പ്രതികരിച്ചതു ലക്ഷക്കണക്കിനു വിദ്യാർഥികളാണ്. പക്ഷേ, ഒരു പ്രശ്നമുണ്ട്. പക്ഷേ, നാളെ മുഴുവനായി സമരത്തിനു വരാം, മറ്റന്നാൾ പറ്റില്ലെന്നും അന്നേക്കു വേറൊരു പരിപാടി നിശ്ചയിച്ചു പോയെന്നുമുള്ള മനോഭാവം കാണാനുണ്ട്. ഇത്, എങ്ങനെ ശരിയാകുമെന്നു വ്യക്തമാകുന്നില്ല. ആയുഷ്കാല സമരമാണു പരിസ്ഥിതി പ്രവർത്തനമെന്നതിലേക്ക് അവരുടെ ചിന്തകൾ വളരേണ്ടതുണ്ട്.  

ഞാൻ മാത്രം ഇടപെട്ടിട്ട് എന്തുണ്ടാകാനാണെന്ന ചിന്തയും അവരിലുണ്ട്.  ഗാന്ധിയും അംബേദ്കറും ഫിദൽ കാസ്ട്രോയുമൊക്കെ ഇങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ ലോകചരിത്രത്തിന്റെ ഗതിയെന്താകുമായിരുന്നു? കൃത്യമായ മാതൃക അവർക്കു മുന്നിലില്ലെന്നതാണു പ്രശ്നം. അറിവ്, പഠനം, ശാസ്ത്രം, താൽപര്യം, ആത്മാർഥത എന്നിവയിലൊക്കെ അടിസ്ഥാനമാക്കി മാത്രമേ പരിസ്ഥിതി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. ജോൺസി ജേക്കബ് ഇത്തരം സ്വഭാവ സവിശേഷതകളുടെ ഉറച്ച പാറയാണ്. അതിനു മുകളിലാണ് അദ്ദേഹം പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പള്ളി പണിതത്. അതാണു കേരളത്തിൽ ഇപ്പോഴും ബാക്കിനിൽക്കുന്നതും. 

പ്രകൃതി, ആത്മീയത, മിത്തുകൾ – ഇവയ്ക്കു പരിസ്ഥിതി പാലനത്തിലെ പ്രാധാന്യം?

കാവുകൾ, പ്രത്യേകിച്ച് സർപ്പക്കാവുകൾ പരിസ്ഥിതി സംരക്ഷണത്തിനു വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. പാമ്പുകൾ ഉറയൂരുന്ന സമയം ഏറ്റവും പ്രധാനമാണ്. കണ്ണിനു മീതെ പാട വരും. അവർ ഏറ്റവും കൂടുതൽ ദുർബലരാകുന്നതും ഈ സമയത്താണ്. അത് അവർക്കറിയുമെന്നതിനാൽ, അവ സദാ ജാഗരൂകരും അക്രമസ്വഭാവം വർധിക്കുകയും ചെയ്യും. ഉറയൂരിയെടുക്കുകയെന്ന ജീവന്മരണ പ്രക്രിയയ്ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം തന്നെ അവയ്ക്കു വേണം. പരുപരുത്ത കൊമ്പുകളിലും മറ്റും ചുറ്റിപ്പിണഞ്ഞേ അവയ്ക്ക് ഉറയൂരാൻ കഴിയൂ. ഇതിനു വേണ്ടിയാണു സർപ്പക്കാവുകൾ പണ്ടുള്ളവർ മാറ്റിവച്ചിരുന്നത്. അവയ്ക്കു സ്വസ്ഥമായി ഇതിനൊക്കെയുള്ള സാവകാശവും സൗകര്യവും ലഭിച്ചിരുന്നു. പാമ്പുകളുടെ ഇടങ്ങൾ മനുഷ്യൻ കയ്യേറിയതോടെ, അവയ്ക്ക് ഇത്തരം പ്രക്രിയകൾക്ക് ഇടമില്ലാതായി. 

സുരക്ഷിതമായ ഇടമെന്ന നിലയിൽ, ഉറയൂരാനാണു മിക്ക പാമ്പുകളും വീടുകളിൽ കയറുന്നത്. സർപ്പക്കാവുകളും പാമ്പുകൾക്കു നഷ്ടപ്പെട്ടു തുടങ്ങി. പൂജ നടത്തി, ആവാഹിച്ച് മാറ്റാം എന്നു വന്നതോടെ, സർപ്പക്കാവുകൾ വെട്ടിനശിപ്പിച്ചു. മതം എന്ന പ്രസ്ഥാനം എതു സമയത്തും കാലുമാറും. അതിനു ശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലെന്നതാണു കാരണം. ഇവിടെയാണു ശാസ്ത്രത്തിന്റെ വിലയും നിലയും തിരിച്ചറിയേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനു ശാസ്ത്രത്തിന്റെ ഉറപ്പുണ്ടാകണം. കനമില്ലാത്ത പുഞ്ചിരിയും ഇടയ്ക്കുള്ള പൊട്ടിച്ചിരിയുമാണു സജീവ് ജാഡയില്ലാത്ത താടി. ഇനിയുമേറെ പറയാൻ ബാക്കിവയ്ക്കുന്ന ‘അധികപ്രസംഗി’ പകരുന്നതൊരു തണലാണ്. ഒരു മരം വെട്ടാതെ ഒരു കോണിൽ കാണുമെന്നും കൊഴിയാതെ ഒരിലയുടെ തണൽ എന്നും ഭൂമിയിൽ ബാക്കിയുണ്ടാകുമെന്ന കവിവാക്യത്തിലെ ശുഭപ്രതീക്ഷകളാണ്.

English Summary: Interview with Dr TV Sajeev