വയനാടൻ മലനിരകളിൽ വള്ളിപ്പാല വർഗത്തിൽപ്പെടുന്ന ഒരു ചെടിക്ക് ഡിവൈഎസ്പി റാങ്കാണ്. ‘ടൈലോഫോറ ബാലകൃഷ്ണാനീ’ എന്നാണു ചെടിയുടെ പേര്.  കാസർകോട് വിജിലൻസ് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ പേരിലാണ് ഈ ചെടി അറിയപ്പെടുന്നത്. ചുവപ്പും പിങ്കും നിറമുള്ള ചെടി വംശനാശഭീഷണിനേരിടുന്നതാണ്. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്നവർ നെഞ്ചോടു ചേർക്കുന്ന പേരാണ് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റേത്. 

പൊലീസിൽ പ്രവർത്തിക്കുമ്പോൾ തന്നെ സസ്യസംരക്ഷണപ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം ഡോ.എം.എസ്.സ്വാമിനാഥന്റെ കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി നേടി.  പൊലീസിൽ നിന്ന് ഇടവേളയെടുത്ത് വയനാട് പുത്തൂർവയൽ എം.എസ്.സ്വാമിനാഥൻ ഗവേഷണകേന്ദ്രത്തിലെ മേധാവിയായി പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ മെംബർ സെക്രട്ടറിയും ആയിരുന്നു. 

എം.എസ്.സ്വാമിനാഥൻ ഗവേഷണകേന്ദ്രത്തിലെ പിച്ചൻ എം.സലിം, ജയേഷ് പി.ജോസഫ്, എം.എം.ജിതിൻ, ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകൻ ഡോ. റെജി യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിലെ ഗവേഷണത്തിലാണ് സസ്യം കണ്ടെത്തിയത്. ഉദുമ മുദിയക്കാൽ സ്വദേശിയായ ഡോ.വി.ബാലകൃഷ്ണൻ കഥകളി ആചാര്യൻ കണ്ണൻ പാട്ടാളിയുടെ മകനാണ്. 

English Summary:  New plant ‘Tylophora Balakrishnanii’ discovered in Wayanad