പത്തനംതിട്ട ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നു ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാൻ എല്ലാവർഷവും മാർച്ചിലെ അവസാന ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ആഗോള തലത്തിൽ നടത്തുന്ന ഭൗമമണിക്കൂർ ആചരണത്തിന് കേരളവും ഒരുങ്ങുന്നു. ഈ വർഷം 27 നാണ് വൈദ്യുതി വിളക്കുകൾ കെടുത്തി ഈ ഉദ്യമത്തി‍ൽ പങ്കെടുക്കേണ്ടതെന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ (ഡബ്ലിയു ഡബ്ലിയു എഫ്) കേരള ഘടകം ഡയറക്ടർ രഞ്ജൻ മാത്യു തോമസ് അറിയിച്ചു.

ഭൗമമണിക്കൂർ ആചരണത്തിന് ഈ വർഷം 15 വർഷം തികയുകയാണ്. സ്വിച്ച് ഓഫ്; സ്പീക്ക് അപ് ഫോർ നേച്ചർ  എന്നതാണ് ഈ വർഷത്തെ വിഷയം. മനുഷ്യർക്കും ഭൂമിക്കും പുതിയ പങ്കാളിത്തമാവശ്യമാണ് എന്ന വിഷയത്തെപ്പറ്റിയാണ് കേരള ഘടകം പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നത്. ഏതു പ്രായക്കാർക്കും പങ്കെടുക്കാം. വനം, മല, നദി, തീരം, തണ്ണീർത്തടം, സസ്യ–ജന്തു വൈവിധ്യം, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സംരക്ഷണ ശ്രമങ്ങൾ തുടങ്ങി ഏതു വിഷയത്തെ ആസ്പദമാക്കിയും എ3 വലുപ്പത്തിലുള്ള ചാർട്ട് പേപ്പറിൽ വാട്ടർ കളർ കൊണ്ട് പോസ്റ്റർ രചിക്കാം.

ആകർഷകമായ ഒരു വാചകവും എഴുതണം. സമ്മാനാർഹമാകുന്നവ പ്രചരണ പരിപാടികൾക്ക് ഉപയോഗിക്കും. വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി 20ന് അകം ഉയർന്ന റെസലൂഷനിൽ  ഇ–മെയിൽ ചെയ്യുക: asivakumar@wwfindia.net. വിവരങ്ങൾക്ക് ഫോൺ: എ. കെ. ശിവകുമാർ, സീനിയർ എജ്യൂക്കേഷൻ ഓഫിസർ. ഫോൺ: 94473 86978.

English Summary: | WWF Earth Hour 2021 Poster Competition