സമുദ്രതീരങ്ങളില്‍ കടലിനടിയിലായി കാണപ്പെടുന്ന നീളത്തിലുള്ള വള്ളിച്ചെടികളാണ് കെല്‍പുകള്‍. കാട് പോലെ തിങ്ങി നിറഞ്ഞു കൂട്ടമായാണ് ഇവ കാണപ്പെടുന്നത്. അതിനാല്‍ കെല്‍പ് കാടുകള്‍ അഥവാ കെല്‍പ് ഫോറസ്റ്റുകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്. സമുദ്രതാപനിലയിലെ മാറ്റങ്ങളും മറ്റും ഈ കെല്‍പ് ഫോറസ്റ്റിന്‍റെ നിലനില്‍പിന് ഭീഷണിയാകുന്നുണ്ടെങ്കിലും ഇപ്പോഴും ഈ കാടുകള്‍ സുരക്ഷിതമാണെന്ന് തന്നെ പറയാം. എന്നാല്‍ ചില പ്രദേശങ്ങളില്‍ മാത്രം ഇവയ്ക്ക്  ഭീഷണികളുണ്ട്. അര്‍ച്ചിന്‍ എന്നു വിളിക്കുന്ന ശരീരം മുഴുവന്‍ മുള്ളുകളുള്ള പന്തുപോലെ കാണപ്പെടുന്ന ജീവിയാണ് അപൂര്‍വമായെങ്കിലും ഒരു മേഖലയിലെ കെല്‍പ് വനത്തെയാകെ നശിപ്പിക്കുന്ന പ്രവർത്തിയില്‍ ഏര്‍പ്പെടുന്നത്.

സോംബി അര്‍ച്ചിന്‍

അര്‍ച്ചിന്‍ എന്ന ജീവി കെല്‍പ് വനങ്ങളില്‍ പലപ്പോഴും കാണപ്പെടുന്ന ഒന്നാണ്. മിക്കപ്പോവും കെല്‍പ് ചെടികളുടെ ചെറു ഭാഗങ്ങളും മറ്റും ഭക്ഷിക്കുകയാണ് ഇവ ചെയ്യുക. ഇങ്ങനെ കെല്‍പ് വനങ്ങളുമായി ചേര്‍ന്ന് ജീവിക്കുന്ന അര്‍ച്ചിനുകള്‍ക്ക് ചില സമയത്ത് ഭ്രാന്തിളകും. ഈ അവസ്ഥയിലാണ് അര്‍ച്ചിനുകള്‍ സോംബി അര്‍ച്ചിനുകളായി മാറുക. പിന്നീടങ്ങോട്ട് സര്‍വ്വ നാശമാണ്. കൂട്ടത്തോടെ പ്രവര്‍ത്തിക്കുന്ന അര്‍ച്ചിനുകള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് കിലോമീറ്റര്‍ കണക്കിന് കെല്‍പ് വനം നശിപ്പിച്ചെന്നിരിക്കും. ഇത്തരത്തില്‍ വ്യാപകമായ നശീകരണ പ്രവര്‍ത്തനം പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Image Credit: Michael Langhans

അര്‍ച്ചിന്‍ ബാരനുകള്‍ എന്നാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ട കെല്‍പ് വനങ്ങളെ വിളിക്കുന്നത്. അര്‍ച്ചിനുകളാല്‍ സൃഷ്ടിക്കപ്പെട്ട തരിശ് ഭൂമിയെന്നാണ് ഇതിനര്‍ത്ഥം. ഇത്തരത്തില്‍ കെല്‍പ് വനങ്ങള്‍ വ്യപകമായി നിശിപ്പിക്കപ്പെടുന്നത് മേഖലയിലെ ജൈവവൈവിധ്യത്തെ സാരമായി ബാധിക്കാറുണ്ട്. കാരണം വനമേഖലയും പവിഴപ്പുറ്റ് മേഖലയുമൊക്കെ പോലെ തനതായ ജൈവവൈവിധ്യ വ്യവസ്ഥയുള്ള മേഖലകള്‍ കൂടിയാണ് കെല്‍പ് വനങ്ങള്‍. കൂടാതെ കരയിലെ അതേ അളവിനുള്ള വനമേഖലയുടെ 20 ഇരട്ടിയാളം കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള ശേഷിയും കെല്‍പ് വനങ്ങള്‍ക്കുണ്ട്.

ഈ പരിസ്ഥിതി പ്രാധാന്യം കൊണ്ടു തന്നെയാണ് അര്‍ച്ചിനുകള്‍ മൂലമുള്ള കെല്‍പ് വനങ്ങളുടെ നാശത്തെ ആശങ്കയോടെ ഗവേഷകര്‍ നോക്കിക്കാണുന്നത്. കലിഫോര്‍ണിയന്‍ തീരമേഖലയിലാണ് കെല്‍പുകളുടെ ഇത്തരത്തിലുള്ള വ്യാപകമായ നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അര്‍ച്ചിനുകളുടെ ആക്രമണത്തില്‍ നൂറ് കണക്കിന് ഹെക്ടര്‍ കണക്കിന് കെല്‍പ് വനങ്ങളാണ് അടുത്തിടെ നശിച്ചു പോയത്. ആദ്യം ഈ കെല്‍പ് വനത്തിന്‍റെ അപ്രത്യക്ഷമാകലിനു പിന്നിലെ രഹസ്യം ഗവേഷകര്‍ പിടി കിട്ടിയില്ലെങ്കിലും തുടര്‍ന്നുള്ള പഠനങ്ങളിലാണ് അര്‍ച്ചിനുകളുടെ പങ്ക് വ്യക്തമായത്.

രക്ഷകരായ സമുദ്രത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍

അതേസമയം ഉര്‍ച്ചിനുകളുടെ ഈ പ്രവര്‍ത്തി നിരീക്ഷിക്കാന്‍ തീരുമാനിച്ച ഗവേഷകര്‍ അപ്രതീകഷിതമായ ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകരെ കണ്ടെത്തി. മനുഷ്യരല്ലാത്ത എന്നാല്‍ കെല്‍പ് വനങ്ങളെ സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ ഈ പരിസ്ഥിതി പ്രവര്‍ത്തകര്‍ അര്‍ച്ചിനുകളുടെ എണ്ണം വർധിക്കുമ്പോള്‍ ഇത്തരം മേഖലകളിലേക്കെത്തുന്നതായും ഈ മുള്ളന്‍ ജീവികളെ കൂട്ടത്തോടെ വേട്ടയാടുന്നതായും ഗവേഷകര്‍ മനസ്സിലാക്കി. സീ ഒട്ടറുകള്‍ എന്നു വിളിക്കുന്ന ഒരു നീര്‍നായ ഇനമാണ് ഇത്തരത്തില്‍ അര്‍ച്ചിനുകളെ വേട്ടയാടാനായെത്തുന്ന ജീവികള്‍.

അര്‍ച്ചിനുകള്‍ എണ്ണത്തില്‍ കൂടുതലാകുമ്പോഴാണ് ഇവ കൂട്ടത്തോടെ നാശം വിതയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ എണ്ണം വർധിക്കുമ്പോള്‍ എത്തുന്ന നീര്‍ന്നായകള്‍ അവയെ വേട്ടയാടുകയും അര്‍ച്ചിനുകളുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സീ ഒട്ടറുകള്‍ക്ക് സഹായമായി നക്ഷത്ര മീനുകളും രംഗത്തുണ്ട്. അര്‍ച്ചിനുകളെ ഭക്ഷിക്കാനായി ഇവയും പലപ്പോഴും കൂട്ടത്തോട മേഖലയിലേക്കെത്താറുണ്ട്. ഇത്തരത്തില്‍ നീര്‍നായകളും നക്ഷത്ര മീനുകളും കൂട്ടത്തോടെയെത്തുന്ന അര്‍ച്ചിനുകളെ ഇല്ലാതാക്കുന്നതോടെ ആ മേഖലയിലെ കെല്‍പ് വനമാണ് സംരക്ഷിക്കപ്പെടുന്നത്.

English Summary: Sea Otters Are Saving California’s Intact Kelp Forests Amid Invading "Zombie" Urchins