ക്ഷണിക്കാം മുറ്റം നിറയെ വർണപ്പൂമ്പാറ്റകളെ; എങ്ങനെ ഒരുക്കാം ‘ബട്ടർഫ്ലൈ ഗാർഡൻ’?

Image Credit: : JANEK SKARZYNSKI / AFP

മുറ്റത്തെങ്ങും വർണച്ചിറകുകൾ വീശി പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റകൾ. പ്രകൃതിനാശവും പരിസ്ഥിതി നശീകരണവും പൂമ്പാറ്റകളുടെ ആവാസവ്യവസ്ഥയെ തകർക്കുമ്പോൾ കൊങ്ങിണിയും കറിവേപ്പും കിലുക്കച്ചെടിയും നാരകവുമൊക്കെ നട്ടു പിടിപ്പിച്ച് പൂമ്പാറ്റകൾക്ക് ജീവിക്കാനും മുട്ടയിട്ട് പുതുതലമുറയെ സൃഷ്ടിക്കാനും ഉതകുന്ന

മുറ്റത്തെങ്ങും വർണച്ചിറകുകൾ വീശി പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റകൾ. പ്രകൃതിനാശവും പരിസ്ഥിതി നശീകരണവും പൂമ്പാറ്റകളുടെ ആവാസവ്യവസ്ഥയെ തകർക്കുമ്പോൾ കൊങ്ങിണിയും കറിവേപ്പും കിലുക്കച്ചെടിയും നാരകവുമൊക്കെ നട്ടു പിടിപ്പിച്ച് പൂമ്പാറ്റകൾക്ക് ജീവിക്കാനും മുട്ടയിട്ട് പുതുതലമുറയെ സൃഷ്ടിക്കാനും ഉതകുന്ന

മുറ്റത്തെങ്ങും വർണച്ചിറകുകൾ വീശി പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റകൾ. പ്രകൃതിനാശവും പരിസ്ഥിതി നശീകരണവും പൂമ്പാറ്റകളുടെ ആവാസവ്യവസ്ഥയെ തകർക്കുമ്പോൾ കൊങ്ങിണിയും കറിവേപ്പും കിലുക്കച്ചെടിയും നാരകവുമൊക്കെ നട്ടു പിടിപ്പിച്ച് പൂമ്പാറ്റകൾക്ക് ജീവിക്കാനും മുട്ടയിട്ട് പുതുതലമുറയെ സൃഷ്ടിക്കാനും ഉതകുന്ന ജീവിതപരിസരം ഉണ്ടാക്കുന്ന പ്രകൃതി സൗഹൃദ ചിന്താഗതികളും ഇവിടെ വളരുന്നു. പൂമ്പാറ്റകളെക്കുറിച്ച് പഠിക്കാനും അവയിലെ ഓരോ ഇനവും വളരുന്ന സസ്യങ്ങളും കണ്ടെത്താനും അവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ഒട്ടേറെ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവരിൽ നിന്നാണ് ബട്ടർ ഫ്ലൈ ഗാർ‌ഡൻ എന്ന ആശയം ഉടലെടുക്കുന്നത്. 

പാറി നടക്കും വർണോദ്യാനം 

ചിത്രശലഭങ്ങളെ നമ്മുടെ പരിസരങ്ങളിലേക്കു കൊണ്ടുവരുന്നതിനും വരുംതലമുറയ്ക്ക് കൈമാറുന്നതിനുമുള്ള മാർഗമാണ് ചിത്രശലഭ ഉദ്യാനങ്ങൾ. പൂന്തോട്ട നിർമാണത്തിൽ ഒരു പുതിയ വഴിത്തിരിവാകുകയാണ് ശലഭോദ്യാനങ്ങളും ബയോ പാർക്കുകളും. തനത് ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഉദ്യമമാണ് ശലഭോദ്യാനങ്ങൾ. ചെടികൾക്കും പൂക്കൾക്കും പുറമേ വ്യത്യസ്ഥ വർണങ്ങളിൽ പാറിക്കളിക്കുന്ന പൂമ്പാറ്റകളും തുമ്പികളും പക്ഷികളുമുള്ള ഉദ്യാനമാണ് ഇന്നത്തെ ട്രെൻഡ്. പല സ്ഥാപനങ്ങളും വിദ്യാലയങ്ങളും ജൈവപാർക്കുകളും ഇത്തരം പരീക്ഷണങ്ങളെ പ്രോൽസാഹിപ്പിക്കാൻ രംഗത്തു വരുന്നുണ്ട്. എന്തൊരു രസമാണ് സ്വന്തമായി രൂപ കൽപന ചെയ്ത ശലഭോദ്യാനത്തിൽ വിരുന്നുണ്ണാനും കുടിപാർക്കാനും പൂമ്പാറ്റകൾ എത്തുന്നതിനെ നോക്കിക്കാണുന്നത്. 

ഉഷ്ണ മേഖലാ മഴക്കാടുകളിലാണ് ചിത്ര ശലഭങ്ങൾ ഏറ്റവും അധികം കാണപ്പെടുന്നത്. ചിത്രശലഭങ്ങളെ കൂടാതെ നിശാശലഭങ്ങളും ഉണ്ട്. ചിത്രശലഭങ്ങൾ പകൽ സമയത്തും നിശാശലഭങ്ങൾ രാത്രി സമയത്തും പാറി നടക്കുന്നവയാണ്. കേരളത്തിൽ ഏകദേശം 330 തരം ചിത്രശലഭങ്ങൾ കാണപ്പെടുന്നു. ഇവയിൽ പലതും മുൻ കാലങ്ങളിൽ നമ്മുടെ നാട്ടിൽ സുലഭമായിരുന്നു. വികസന പ്രവർത്തനങ്ങളുടെ ഫലമായി പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകൾ നശിപ്പിക്കപ്പെടുന്നതാണ് പലയിനം ചിത്രശലഭങ്ങളുടെയും നില നില്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിലെ വന പ്രദേശങ്ങളിലാണ് ഭൂരിഭാഗം ചിത്ര ശലഭങ്ങളും കണ്ടു വരുന്നത്. അതിനാൽ വന സംരക്ഷണം ചിത്രശലഭങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. 

Image Credit: : SVEN HOPPE / DPA / AFP

വിവിധയിനം ചിത്രശലഭങ്ങളെ അവയ്ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയും പാരിസ്ഥിക ഘടനകളും നൽകി പരിപാലിക്കുക എന്നതാണ് ചിത്രശലഭോദ്യാനത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രാദേശിക ജീവജാലങ്ങളെ പരിരക്ഷിക്കാനും ജൈവ വൈവിധ്യ സംരക്ഷണത്തെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കാനും ഇത്തരം ഉദ്യാനങ്ങൾ സഹായിക്കുന്നു. ശലഭോദ്യാനമൊരുക്കുന്നതിന് ആദ്യം വേണ്ടത് അതത് പ്രദേശത്ത് വരുന്ന ചിത്രശലഭങ്ങളെക്കുറിച്ചുള്ള അറിവാണ്. ചിത്രശലഭങ്ങളുടെ വൈവിധ്യം അതത് പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെയും പാരിസ്ഥിക ഘടനയേയും ആശ്രയിച്ചിരിക്കുന്നു. 

വിരുന്നു പാർക്കാനെത്തുന്നവർ 

പെൺ ചിത്രശലഭങ്ങൾ അനുയോജ്യമായ ഭക്ഷ്യ സസ്യങ്ങളുടെ ഇലകളിലണ് മുട്ടയിടാറുള്ളത്. ഇവയെ ആതിഥേയ സസ്യം എന്നാണ് വിളിക്കുക. പൂക്കളും പൂക്കളിൽ തേനുമുണ്ടായതു കൊണ്ട് കാര്യമില്ല. അവയിൽ പൂമ്പാറ്റകൾ മുട്ടയിടുകയില്ല. പൂമ്പാറ്റകളെ സ്ഥിരമായി പൂന്തോട്ടത്തിൽ നില നിർത്തണമെന്നുണ്ടെങ്കിൽ അവയ്ക്ക് മുട്ടയിടാനുള്ള ആതിഥേയ സസ്യങ്ങളും തോട്ടത്തിൽ നില നിർത്തേണ്ടതാണ്. കാരണം തോട്ടത്തിലെത്തുന്ന പൂമ്പാറ്റകൾക്ക് മുട്ടയിടുന്നതിനും പുഴു ദശയിലും തുടർന്ന് പൂമ്പാറ്റയായും ജീവിക്കാനുള്ള ഭക്ഷ്യ സസ്യങ്ങൾ തോട്ടത്തിൽ ലഭ്യമായിരിക്കണം. അനുയോജ്യമായ ഭക്ഷ്യ സസ്യങ്ങൾ, കാലാവസ്ഥാ ഘടകങ്ങൾ, ആവാസ വ്യവസ്ഥാ ഘടകങ്ങൾ എന്നിവയാണ് ചിത്രശലഭോദ്യാന നിർമ്മിതിയിൽ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ. 

സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ പ്രദേശങ്ങൾ, തണൽ ലഭിക്കുന്ന സ്ഥലങ്ങൾ, ചതുപ്പ് സ്ഥലങ്ങൾ, വള്ളിപ്പടർപ്പുകൾ, വൻ വൃക്ഷങ്ങൾ, മുളങ്കാടുകൾ തുടങ്ങിയ ആവാസ വ്യവസ്ഥകൾ പല ചിത്രശലഭങ്ങൾക്കും അനുയോജ്യമാണ്. വൻ വൃക്ഷങ്ങൾ ചുട്ടിമയൂരി , കൃഷ്ണ ശലഭം ചുട്ടിക്കറുപ്പൻ തുടങ്ങി പല ദ്രുതഗതിയായ ചിത്രശലഭങ്ങൾക്കും ചേക്കേറാനുള്ള സ്ഥലങ്ങളായി വർത്തിക്കുന്നു. ഓരോയിനം ശലഭത്തിനും അനുയോജ്യമായ ആവാസവ്യസ്ഥകൾ ഒരുക്കുക വഴി വിവിധയിനം ചിത്രശലഭങ്ങളെ ഉദ്യാനത്തിൽ നിലനിർത്താനാവും. 

ഒരുക്കണം പച്ചപ്പിന്റെ ആവാസ വ്യവസ്ഥ 

ചിത്രശലഭ ഉദ്യാനം നിർമിക്കുന്നതിനു മുമ്പ് സ്‌ഥലത്തെ ചിത്രശലഭങ്ങളെക്കുറിച്ചും, ഇതര ജൈവവൈവിധ്യത്തെ കുറിച്ചുമുളള അറിവ് നേടണം. പ്രത്യേക പ്രകൃതി പശ്‌ചാത്തലത്തിൽ അതിനോട് ഇണങ്ങിവളരുന്ന ചിത്രശലഭങ്ങളെയാണ് പരിചരിക്കുവാൻ കഴിയുക. സൂര്യപ്രകാശം ലഭിക്കുന്ന തുറന്ന ഭൂപ്രദേശങ്ങൾ ചിത്രശലഭ ഉദ്യാനങ്ങൾക്ക് ഉത്തമമാണ്. മാത്രമല്ല സമതലം, കുന്നുകൾ, താഴ്‌വാരങ്ങൾ, പുൽത്തകിടികൾ, അരുവികൾ എന്നിവ കൃത്രിമമായി നിർമിക്കുക വഴി വൈവിധ്യമാർന്ന വാസസ്‌ഥാനങ്ങളുടെ ആവശ്യകത നിറവേറ്റുകയും വേണം, സസ്യവൈവിധ്യം ഉളള ഉദ്യാനങ്ങൾ വിവിധ ഇനം ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. 

Image Credit: PATRICK BAZ / GOVERNMENT OF DUBAI MEDIA OFFICE

തൃശ്ശൂരിലെ പീച്ചി ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന കേരള വനഗവേഷണ പ്രസ്‌ഥാനത്തിൽ 0.5 ഹെക്‌ടർ സ്‌ഥലത്ത് ഒരു ഉദ്യാനം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാരകം (ലൈം ബട്ടർ ഫ്‌ളൈ), കരളകം (സതേൺ ബേർഡ് വിങ്ങ്), തകര (ഗ്രാസ്സ് യെല്ലോ), കറുവ ( ക്രോമൺ മൈമം), അത്തി (കോമൺ ക്രോ) മുതലായ സസ്യങ്ങൾ ചിത്രശലഭങ്ങളുടെ പ്രത്യേക ഭക്ഷണ സസ്യമായി ഒരുക്കിയിരിക്കുന്നു. ചെത്തി , ലന്റാന, ബട്ടൺ റോസ് മൊസാന്ത , ക്ലീറോഡെൺറോൺ എന്നീ സസ്യങ്ങൾ ശലഭങ്ങൾക്ക് തേനിന്റെ സ്രോതസിനൊപ്പം വളരാനുള്ള പരിസരം കൂടിയാകുന്നു. ഒരു ചിത്രശലഭ ഉദ്യാനം നിർമിക്കുന്നതിലൂടെ ചിത്രശലഭങ്ങളുടെ ആഹാരക്രമം, പ്രത്യേക താൽപര്യം ഉളള സസ്യങ്ങൾ, പ്രജനന രീതി, ജീവിത ചക്രം, സ്വഭാവ സവിശേഷതകൾ, ആവാസ വ്യവസ്‌ഥകൾ എന്നിവ മനസ്സിലാക്കാൻ സാധിക്കുന്നു. 

കാത്തിരിപ്പുണ്ട് ഒട്ടേറെ പൂമ്പാറ്റകൾ 

ഒരു ഉദ്യാനത്തിന്റെ പ്രധാന ആകർഷണം അതിലെ സസ്യങ്ങളും അവയിൽ വിരിയുന്ന പുഷ്‌പങ്ങളുമാണ്. സസ്യങ്ങളോടൊപ്പം അവയിൽ പറന്നു നടക്കുന്ന ചിത്രശലഭങ്ങൾ കൂടിയായാൽ ഉദ്യാനത്തിന്റെ ആകർഷണ ഭംഗി വർധിക്കുന്നു. ചിത്രശലഭങ്ങളുടെ ജീവിത ശൈലിയിൽ സസ്യലോകം വളരെ സുപ്രധാന പങ്കുവഹിക്കുന്നു. ജീവിത ചക്രത്തിന്റെ ആദ്യപടി ആയ ശൈശവദശയിൽ പ്രത്യേക ഇനം സസ്യങ്ങളുടെ ഇലകൾ പ്രധാന ആഹാരം ആകുന്നതു വഴി സസ്യങ്ങൾ, ചിത്രശലഭങ്ങളുടെ ജീവിതത്തിൽ അനിവാര്യ പങ്കാളിയാവുന്നു. പ്രായപൂർത്തിയായ ശലഭങ്ങൾക്ക് പൂക്കളുടെ തേൻ, പഴങ്ങളുടെ ചാറ്, മുതലായവയാണ് ആഹാരം. ഭക്ഷണ സസ്യങ്ങളോട് ചിത്രശലഭങ്ങൾക്കുളള പ്രത്യേകത അവയുടെ അവസ്‌ഥകളിലും പ്രകടമാണ്. 

Image Credit: PATRICK BAZ / GOVERNMENT OF DUBAI MEDIA OFFICE

വളരെ ഉയരം കൂടിയ മരങ്ങളെ ആശ്രയിക്കുന്നവ, വളളികളിലും വനത്തിന്റെ ഇടത്തട്ടിലും ജീവിക്കുന്നവ, കുറ്റിച്ചെടികളിൽ ജീവിത ചക്രം പൂർത്തിയാക്കുന്നവ, കരിയിലകളിലും അധികം ഈർപ്പം നിലനിൽക്കുന്ന സ്‌ഥലങ്ങളിലും ജീവിക്കുന്നവ എന്നിങ്ങനെ. സതേൺ ബേർഡ് വിങ്ങ് കോമൺ റോസ് ക്രിസ്‌മസ് റോസ് നിലഗിരി ടൈഗർ), കോമൺ ക്രോ കോമൺ ഗ്രോസ്യെല്ലോ, യെല്ലോ പാൻസി , ഗ്രാം ബ്ലൂ തുടങ്ങിയ ചിത്രശലഭങ്ങൾ കേരളത്തിലെ പ്രധാന ഇനങ്ങളാണ്. 

ഇത്തിരി ചെറിയ മുറ്റത്തതും അൽപം സ്ഥലമുള്ളവർക്കും ബട്ടർ ഫ്ലൈ ഗാർഡൻ വളരെ ഈസിയായി തയാറാക്കാമെന്ന് ഈ രംഗത്ത് സാങ്കേതിക സഹായം നൽകുന്ന മലപ്പുറം പൊന്നാനിയിലെ അനീഷ് നെല്ലിക്കൽ പറയുന്നു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫിസുകൾക്കു സമീപവും പൊതു സ്ഥലങ്ങളിലും അനീഷ് ബട്ടർ ഫ്ലൈ ഗാർഡൻ തയാറാക്കി ക്കൊടുക്കുകയും സാങ്കേതിക നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഗാർഡന് ആവശ്യമായ പൂച്ചെടികളും അനീഷ് തയാറാക്കി നൽകുന്നുണ്ട്. 

English Summary: How to Create a Butterfly Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA