പാലക്കാട്ടെ കൊടുംചൂടിന് ആശ്വാസമായി മഴ ചെയ്തു. ശക്തമായ കാറ്റിനൊപ്പം ആലിപ്പഴവും വീണത് അപൂര്‍വ കാഴ്ചയായി. ഉച്ചയ്ക്ക്ശേഷം ഇരുണ്ടുമൂടിയ മഴക്കൂടാരമാണ് വൈകിട്ട് നാലരയോടെ പെയ്തിറങ്ങിയത്. മഴയും കാറ്റും മാത്രമല്ല ആലിപ്പഴവും മഴയ്ക്കൊപ്പം പെയ്തിറങ്ങി. ശരാശരി നാല്‍പത്തിയൊന്നു ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടില്‍ പൊളളുന്ന പാലക്കാട്ടുകാര്‍ക്ക് ആശ്വാസവും അപൂര്‍വുമായി മഴ അനുഭവം. അരമണിക്കൂറോളം നീണ്ടുനിന്ന മഴയില്‍ നഗരത്തിലെ മിക്കയിടത്തും ആലിപ്പഴം വീണു.

ആലിപ്പഴങ്ങള്‍ക്കു പിന്നില്‍?

ആലിപ്പഴങ്ങള്‍ രൂപപ്പെടാന്‍ അതിനു തക്ക കാരണവും വേണമെന്ന് ഗവേഷകര്‍ വിവരിക്കുന്നു. മഴയായി രൂപപ്പെടേണ്ട അതേ ജലകണികകള്‍ തന്നെ ശക്തമായ കാറ്റില്‍ ഉയര്‍ന്ന് കൂടുതല്‍ മുകളിലേക്ക് പോകുമ്പോഴാണ് അവ തണുത്തുറഞ്ഞ് മഞ്ഞുകട്ടകളാകുന്നത്.  ഒരേ സമയം തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം പെട്ടെന്ന് രൂപപ്പെടുമ്പോഴാണ് ആലിപ്പഴമഴകള്‍ സംഭവിക്കുക. 

ശക്തമായ ചൂട് മാറി പെട്ടെന്ന് മഴയെത്തുന്ന സ്ഥിതി ഇപ്പോള്‍ പലയിടത്തും സംഭവിക്കുന്നതിന്‍റ ഇടവേള കുറഞ്ഞു വരുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിനു കാരണം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ശക്തമായ കാറ്റില്‍ ഉയർന്നുപൊങ്ങുന്ന ചൂടേറിയ നീരാവി മുകളിലെത്തി തണുത്തുറയും. ശക്തമായൊരു കാറ്റിന് നീരാവിയെ 40,000 അടിയോളം ഉയരത്തിലെത്തിക്കാൻ ആകുമെന്നാണ് ശാസ്ത്രനിഗമനം. നീരാവി തണുത്തുറഞ്ഞ് ഐസ് രൂപമായി മാറുന്നതാണ് ആലിപ്പഴം. ആലിപ്പഴത്തിന്റെ ഭാരം കാറ്റിനും താങ്ങാനാകാതെ വരുന്നതോടെ കൂട്ടത്തോടെ ഭൂമിയിലേക്ക് പതിക്കും.

English Summary: Heavy rain, hailstorm hit several parts of Palakkad