ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം തരംഗം സര്‍വനാശം വിതച്ചുകൊണ്ടിരിയ്ക്കുകയാണ്. മരിക്കുന്നവരുടേയും, രോഗബാധിതരാവുന്നവരുടെയും എണ്ണം ദിനം തോറും വർധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കോവിഡ് ആദ്യമായി ഇന്ത്യയിലേക്കെത്തിയ 2020 ല്‍ ഇതായിരുന്നില്ല സ്ഥിതി. അന്ന് കോവിഡിനെ വലിയ പ്രത്യാഘാതങ്ങളില്ലാതെ പിടിച്ചു കെട്ടാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഇതിനു സഹായിച്ചതാകട്ടെ ഫലപ്രദമായി നടപ്പായ ലോക്ഡൗണ്‍ ആണ്. ലോക്ഡൗണ്‍ ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ കോവിഡിന്‍റെ കാര്യത്തില്‍ മാത്രമല്ല പരിസ്ഥിതിയുടെ കാര്യത്തിലും ചില പ്രകടമായ മാറ്റങ്ങള്‍ കണ്ടിരുന്നു. 

പരിസ്ഥിതി മലിനീകരണത്തിനും വായുമലിനീകരണത്തിനും കുപ്രസിദ്ധമായിരുന്ന നഗരങ്ങളിൽ പോലും ലോക്ഡൗണിലൂടെ സ്ഥിതി മെച്ചപ്പെട്ടു. അക്കാലത്ത് പഞ്ചാബിലെയും മറ്റും തെക്കന്‍ മേഖലകളില്‍ നിന്നു പോലും വ്യക്തമായി കാണാന്‍ കഴിയുന്ന ഹിമാലയത്തിന്‍റെ ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു, കോവിഡ് കാലത്ത് വ്യവസായ ശാലകളും വാഹനങ്ങളും നിലച്ചതോടെ അന്തരീക്ഷത്തില്‍ നിന്ന് പൊടിപടലങ്ങളും പുകയും അപ്രത്യക്ഷമായതായിരുന്നു ഇതിനു കാരണം. ഇപ്പോള്‍ ഇന്ത്യയിലെ ലോക്ഡൗണ്‍ ഹിമാലയത്തിന്‍റെ ദൂരെ നിന്നുള്ള കാഴ്ചയെ മാത്രമല്ല ഹിമാലയത്തെ തന്നെ ഒരു വലിയ അളവില്‍ സ്വാധീനിച്ചിരിക്കുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

മഞ്ഞുപാളികളിലുണ്ടായ മാറ്റം

കാലിഫോര്‍ണിയ സര്‍വകലാശാല ഗവേഷകനായ ഡോ എഡ്വേര്‍ഡ് ബെയര്‍ കോവിഡ് കാലത്ത് ഹിമാലയത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. പ്രധാനമായും ലൈറ്റ് അബ്സോര്‍ബിങ് പാര്‍ട്ടിക്കിളുകളുടെ അഭാവത്തില്‍ ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ എന്തു സംഭവിക്കുന്നു എന്നാണ് എഡ്വേര്‍ഡ് ബെയര്‍ പരിശോധിച്ചത്. പെട്രോളിയം ഇന്ധനങ്ങള്‍, വിറക്, ചാണകം തുടങ്ങിയവ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക ഉയര്‍ന്ന് മഞ്ഞുപാളികളിലും മറ്റുമെത്തി അവ മഞ്ഞിന്‍റെ നിറം മാറുന്നതിന് കാരണമാകാറുണ്ട്. ഈ നിറംമാറ്റം മഞ്ഞില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് അഥവാ ആല്‍ബിഡോ എന്ന പ്രതിഭാസത്തെ ബാധിക്കും

വെളുത്ത നിറമുള്ള മഞ്ഞിന്‍റെ അത്രയും സൂര്യപ്രകാശം നിറം മാറ്റം മൂലം ഇരുണ്ടു പോയ മഞ്ഞുപാളിക്ക് പ്രതിഫലിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെ ഈ മഞ്ഞുപാളി കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും ഇതുവഴി മഞ്ഞുരുകല്‍ ക്രമാതീതമായി വർധിക്കുകയും ചെയ്യും. ഹിമാലയത്തിന് സമീപമുള്ള ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വലിയ തോതിലുള്ള ലൈറ്റ് അബ്സോര്‍ബിങ് പാര്‍ട്ടിക്കിളുകളാണ് സാധാരണയായി ഹിമാലയത്തിലേക്കെത്താറുള്ളത്. ഇതുമൂലം ഹിമാലയത്തിലെ മഞ്ഞുരുകുന്നതില്‍ ഏതാനും പതിറ്റാണ്ടുകളായി സാരമായ വർധനവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

എന്നാല്‍  കഴിഞ്ഞ വര്‍ഷത്തെ ഏതാണ്ട് നാലു മാസത്തോളം നീണ്ട നിര്‍ബന്ധിത ലോക്ഡൗണിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള ലൈറ്റ് അബ്സോര്‍ബിങ് പാര്‍ട്ടിക്കിളുകളുടെ ബഹിര്‍ഗമനം വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇതിലൂടെ കാര്യമായ മാറ്റങ്ങളാണ് ഹിമാലയത്തിലെ മഞ്ഞുപാളികളിലുണ്ടായത്. ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്ന തോതില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം കുറവ് വന്നുവെന്ന് എഡ്വേര്‍ഡ് ബെയറിന്‍റെ നിരീക്ഷങ്ങള്‍ പറയുന്നു. 

ഉപഗ്രഹ ദൃശ്യങ്ങളിലൂടെ നടത്തിയ പഠനത്തില്‍ ചരിത്രത്തിലില്ലാത്ത വിധം മഞ്ഞുപാളികള്‍ വൃത്തിയായി കാണപ്പെട്ടതാണ് ഈ പഠനത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ നിരീക്ഷണത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തെ ശരാശരിയേക്കാള്‍ 30 ശതമാനം കുറവ് ലൈറ്റ് അബ്സോര്‍ബിങ് പാര്‍ട്ടിക്കിളുകളാണ് ഹിമാലയത്തില്‍ കണ്ടെത്തിയത്. ഇത് മൂലം ഏതാണ്ട് 6.6 ക്യൂബിക് കിലോമീറ്റര്‍ മഞ്ഞുപാളിയാണ് കഴിഞ്ഞ വര്‍ഷം ഉരുകാതെ ഹിമാലയത്തില്‍ തുടര്‍ന്നതെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു. 

ഉരുകുന്ന മഞ്ഞുപാളികള്‍

ഈ കണ്ടെത്തലിന്‍റെ പ്രാധാന്യം പലര്‍ക്കും പെട്ടെന്ന് ബോധ്യപ്പെടില്ല. പക്ഷേ ഇത്രയധികം മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുമ്പോള്‍ അത് ഹിമാലയത്തില്‍ നിന്നൊഴുകുന്ന നദികളിലുണ്ടാക്കുന്ന ജലനിരപ്പ് വർധനവ് വളരെ വലുതായിരിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹിമാലയത്തിലെ നദികളില്‍ നിന്നൊഴുകിയെത്തുന്ന ജലം സമതലങ്ങളില്‍ സൃഷ്ടിയ്ക്കുന്ന വെള്ളപ്പൊക്കം ഇതിനു തെളിവാണ്. അതോടൊപ്പം തന്നെ ഈ മഞ്ഞുപാളികള്‍ പെട്ടെന്ന് ഒലിച്ചു പോകുന്നതോടെ തൊട്ടടുത്ത സീസണിലുണ്ടാകുന്ന വരൾച്ചയും ഇതിന്‍റെ തുടര്‍ച്ചയായുണ്ടാകുന്ന പ്രത്യാഘാതമാണ്.

ലൈറ്റ് അബ്സോര്‍ബിങ് പാര്‍ട്ടിക്കിളുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ഹിമാലയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ആര്‍ട്ടിക്കിലും, സൈബീരിയയിലും, അന്‍റാര്‍ട്ടിക്കിലും, ആല്‍പ്സിലുമെല്ലാം സമാനമായ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ആഗോളതാപനത്തിനെ തന്നെ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടിക്കിളുകളിലുണ്ടാകുന്ന നേരിയ മാറ്റങ്ങള്‍ പോലും ഭൂമി എന്ന ഗോളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ തന്നെ പൂര്‍ണമായി മാറ്റി മറിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. 

English Summary: Lockdown Reduced Pollution In India, Slowing The Melt Of Himalayan Snow