നദിയിൽ സ്കൂബ ഡൈവിങ്ങ് നടത്തുന്നതിനിടയിൽ യുവാക്കൾ കണ്ടെത്തിയത് കൂറ്റൻ മാമത്തിന്റെ ഫോസിൽ. ഹിമയുഗത്തിലുണ്ടായിരുന്ന  മാമത്തിന്റെ ഫോസിൽ ലഭിച്ചത് ഫ്ലോറിഡയിലെ പീസ് നദിയുടെ അടിത്തട്ടിൽ നിന്നാണ്. നാലടിയോളം നീളവും 23 കിലോയോളം ഭാരവുമുള്ള കൂറ്റൻ ഫോസിലാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

സ്കൂബാ ഡൈവർമാരായ ഡെറെക്ക് ഡെമീറ്റർ, ഹെൻറി സാഡ്‍ലർ എന്നിവരാണ് മാമത്തിന്റെ ഫോസിൽ നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയത്. കൊളംബിയൻ മാമത്തിന്റെ കാലിലെ എല്ലാണിതെന്നും ജീവിതത്തിൽ ലഭിച്ച അപൂർവ മാഗ്യമാണ് ഈ കണ്ടെത്തലെന്നും കുറിച്ചുകൊണ്ടാണ് ഹെൻറി ചിത്രങ്ങൾ പങ്കുവച്ചത്. മാമത്തിന്റെ ഫോസിലിന് കാര്യമായ കേടുപാടുകളില്ലെന്നും ഇവർ വ്യക്തമാക്കി.

ഹിമയുഗത്തിൽ വസിച്ചിരുന്ന സാബർ ടുത്ത് കടുവയുടെ പല്ലും ഇതിനൊപ്പം ഇവർക്ക് നദിയിൽ നിന്നും ലഭിച്ചിരുന്നു. ഏകദേശം 11,000 വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന കൂറ്റൻ ജീവികളാണ് മാമത്തുകൾ. 14 അടിയോളം ഉയരമുണ്ടായിരുന്നു ഇവയ്ക്ക്. ഇതാദ്യമായല്ല കൊളംബിയൻ മാമത്തിന്റെ ഫോസിൽ ലഭിക്കുന്നത്. ഡിസംബറിൽ മെക്സിക്കോ കടലിടുക്കിൽ നിന്നും മാമത്തിന്റെ കൊമ്പുകൾ രണ്ട് ഡൈവർമാർ കണ്ടെത്തിയിരുന്നു.

English Summary: "Once-In-A-Lifetime" Discovery: Florida Scuba Divers Find Ice-Age Mammoth Fossil