1992 ഏപ്രിലിൽ ഒരു വൈകുന്നേരം നാലരയോടെ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്റെ ഓഫിസിലേക്ക് ജോർജ് ഫെർ‌ണാണ്ടസ് എംപി ചെന്നു. ഒരു അറുപത്തിയഞ്ചുകാരന്റെ ജീവിതം രക്ഷിക്കണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചത്. തെഹ്‌രി അണക്കെട്ട് പണിയുന്നതിനെതിരെ നിരാഹാരം അനുഷ്ഠിക്കുന്ന ഒരു മനുഷ്യൻ. അപ്പോഴേക്കും ആഹാരമില്ലാത്ത 35 ദിവസങ്ങൾ കടന്നുപോയിരുന്നു. ആരോഗ്യം അനുനിമിഷം വഷളാവുകയാണെന്നും ഇങ്ങനെ പോയാൽ വൈകാതെ അദ്ദേഹത്തിന്റെ ജീവൻ തന്നെ പോകുമെന്നും ഫെർണാണ്ടസ് പ്രധാനമന്ത്രിയോട് പറഞ്ഞു. നിരാഹാരസ്ഥലത്തുനിന്നായിരുന്നു ജോർജ് ഫെർണാണ്ടസിന്റെ വരവ്. 

ആ നിരാഹാരം റാവുവിനും അറിവുള്ളതായിരുന്നു. സത്യം പറഞ്ഞാൽ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ നിർമാണവും നിർത്തിവയ്ക്കാൻ അദ്ദേഹം നേരത്തെതന്നെ ഉത്തരവിട്ടതുമായിരുന്നു. രാജ്യത്തെ ഏറ്റവും കരുത്തനായ മനുഷ്യന്റെ ഉത്തരവും പാലിക്കപ്പെട്ടില്ല. ഫെർണാണ്ടസിന്റെ മുന്നിൽ വച്ച് റാവു ക്യാബിനറ്റ്, പ്രിൻസിപ്പൽ സെക്രട്ടറിമാരെ വിളിച്ചുവരുത്തി ഒരിക്കൽ കൂടി കർശനമായ നിർദേശം നൽകി. നിരാഹാരം നിർത്തണമെന്ന് അഭ്യർഥിച്ചുകൊണ്ട് സന്ദേശം പോയി. എന്നാൽ വ്യക്തമായ ഉത്തരവുണ്ടാകാതെ നിരാഹാരം നിർ‌ത്തുകയില്ലെന്ന് വെളുത്ത ഖാദി വസ്ത്രമണിഞ്ഞ ആ ഗാന്ധിയൻ ഉറപ്പിച്ചുപറഞ്ഞു. 

മുൻ പ്രധാനമന്ത്രി വി.പി.സിങ് സർദാർ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ ഇത്തരമൊരു ഉറപ്പ് മേധാ പട്കർക്കു നൽകിയതും അതു കാറ്റിൽപ്പറന്നതും എല്ലാവർക്കും അറിയാമായിരുന്നു. മരണത്തെയും പേടിക്കാതെ പരിസ്ഥിതിക്കും മനുഷ്യർക്കും വേണ്ടി നിരാഹാരസമരത്തിലൂടെ പോരാടിയ ആ മനുഷ്യൻ സുന്ദർലാൽ ബഹുഗുണയായിരുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ വലിയ പരിസ്ഥിതിപ്രവർത്തകരെയും പോലെ ജയിക്കുന്ന പോരാട്ടങ്ങളേക്കാൾ‌ പരാജയപ്പെട്ട പോരാട്ടങ്ങൾ നയിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ. മരങ്ങൾക്കും മണ്ണിനും മനുഷ്യർക്കും ഇതര ചരാചരങ്ങൾക്കുമായി ഉണർന്നിരുന്നൊരാൾ ഇതാ ഉറങ്ങാനായി മണ്ണിലേക്കു മടങ്ങിയിരിക്കുന്നു. 

ഗംഗാറാം എന്നായിരുന്നു അച്ഛനമ്മമാർ ആദ്യമിട്ട പേര്. ഗംഗാനദിയുടെ ആയുസ്സു നീട്ടിയെടുക്കാനായി ‘ഭഗീരഥപ്രയത്നം’ നടത്താനായി പിറന്നൊരാൾക്കു ചേർന്ന പേര്. പക്ഷേ സഹോദരിയുടെ പേരു ഗംഗയെന്നായിരുന്നു. ആശയക്കുഴപ്പം പരിഹരിക്കാനാണ് ഗംഗാറാം എന്ന പേരുമാറ്റി സുന്ദർലാൽ എന്നിട്ടത്. പേരിൽ നിന്നേ ഗംഗ ഊർന്നുപോയുള്ളൂ. ജീവിതത്തിൽ എന്നും ആ സംസ്കൃതിയുടെ നനവുണ്ടായിരുന്നു. ഹിമാലയത്തിലെ പേരറിയാത്ത മരുന്നുമരങ്ങളുടെ വേരുകളെ പുണർന്നൊഴുകി വന്ന നീരിൽ ഒന്നു മുങ്ങിക്കുളിച്ചാൽ എത്ര നാളും നീളുന്ന നിരാഹാരത്തിന് സുന്ദർലാൽ ബഹുഗുണയുടെ ഉള്ളും ഉടലും ഒരുങ്ങുമായിരുന്നു.

ഒരുകാലത്ത് യുഎൻഐയ്ക്കു വേണ്ടി വാർത്തകൾ എഴുതിയിരുന്നു സുന്ദർലാൽ. പിൽക്കാലത്ത് മഹാത്മാഗാന്ധിയുടെ മകൻ ദേവദാസിന്റെ ആവശ്യപ്രകാരം ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകനായും പ്രവർത്തിച്ചു. ഇതിനിടയിൽ നാടകീയമായ ഒരുപാടു സംഭവങ്ങളുണ്ട്. പാരിസ്ഥിതിക പ്രസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ തുടക്കം. അക്കാലത്തെ ഏതു കൗമാരക്കാരനെയും പോലെ ദേശീയപ്രസ്ഥാനത്തിലും ഗാന്ധിജിയിലുമാണ് ആദ്യം ആകൃഷ്ടനായത്. 13 വയസ്സുള്ളപ്പോൾ ശ്രീദേവ് സുമനെന്ന ഗാന്ധിയനാണ് സുന്ദർലാലിനെ ദേശീയപ്രസ്ഥാനത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ഡൽഹിയിലെ പത്രങ്ങൾക്കായി വാർത്തകളെഴുതാൻ തുടങ്ങി. മകന്റെ ആക്ടിവിസ്റ്റ് പത്രപ്രവർത്തനത്തിൽ നിരാശപ്പെട്ട് വീട്ടുകാർ അവനെ മസൂറിയിലേക്ക് അയച്ചു. ഇതിനിടെ ശ്രീദേവ് സുമൻ അറസ്റ്റിലാവുകയും ക്രൂരമായ പൊലീസ് മർദനങ്ങൾക്കു വിധേയനാകുകയും ചെയ്തു. 

തന്റെ വാർത്താ സ്രോതസ്സുകളുപയോഗിച്ച് സുന്ദർലാൽ അതേക്കുറിച്ച് എഴുതിയതോടെ അധികൃതരുടെ കണ്ണിലെ നോട്ടപ്പുള്ളിയായി. കുറച്ച‍ുനാൾ വെട്ടിച്ചുനടന്നെങ്കിലും ഒടുവിൽ പൊലീസ് പിടിയിലായി. മണ്ണെണ്ണ ചേർത്തുകുഴച്ച ചോറാണ് കഴിക്കാൻ നൽകിയത്. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് വിട്ടയയ്ക്കപ്പെട്ട സുന്ദർലാൽ ലഹോറിലേക്കു കടന്നു. പോക്കറ്റിലുണ്ടായിരുന്നത് വെറും 25 രൂപ. കുട്ടികൾക്കു ട്യൂഷനെടുത്തും വില കുറഞ്ഞ ആഹാരം കഴിച്ചും ജീവിച്ച കാലം. ഇതിനിടയിലും പഠിച്ചു. പരിസ്ഥിതിക്കുവേണ്ടി മാത്രമല്ല സ്ത്രീകളുടെ അവകാശങ്ങൾക്കായും മദ്യവിപത്തിനെതിരായും ബഹുഗുണ പോരാടി. അടിസ്ഥാനപരമായി ഒരു ഗാന്ധിയൻ ജീവിതവും പോരാട്ടവുമായിരുന്നു അദ്ദേഹത്തിന്റേത്. 

ഗാന്ധിയുടെ ശിഷ്യന്മാരായിരുന്ന മീരയും സരളയുമായുള്ള പരിചയമാണ് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. ഹിമാലയൻ താഴ്‌വരയ‍ുടെ പാരിസ്ഥിതിക പ്രാധാന്യം വളരെ നേരത്തെതന്നെ തിരിച്ചറിയുകയും നശീകരണ പ്രവർത്തനങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയും ചെയ്തിരുന്നു സരളാ ബെൻ. അറുപതുകളിൽ ഒരു പുതിയ പാരിസ്ഥിതിക അവബോധത്തിന്റെ ഭാഗമായി മാറിയ സുന്ദർലാൽ വലുതും ചെറുതുമായ ഒട്ടേറെ ചെറുത്തുനിൽപ്പുകളുടെ ഭാഗമായി. സരളാ ബെന്നിനൊപ്പം പ്രവർത്തിച്ചിരുന്ന വിമലാ നൗട്യാലിനെയാണ് ജീവിതസഖിയാക്കിയത്. വിവാഹം കഴിക്കാനായി വിമല ഒരു വ്യവസ്ഥ വച്ചിരുന്നു: ‘രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കണം’. ആ വാക്ക് അദ്ദേഹം ഒരിക്കലും പാലിക്കുകയുണ്ടായില്ല!

ചിപ്കോ ആന്ദോളൻ എന്ന മഹത്തായ പോരാട്ടത്തോടൊപ്പമായിരുന്നു സുന്ദർലാൽ ബഹുഗുണയുടെ ജീവിതം. വ്യക്തിയും പ്രസ്ഥാനവും ഒന്നായിച്ചേരുന്ന അപൂർവതയായിരുന്നു അത്. ‘സുന്ദർലാൽ’ എന്ന ആദ്യ പേര് പലപ്പോഴും മറന്നുപോകുമായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ പരാമർശിച്ചിരുന്നതു ‘ചിപ്കോ ബഹുഗുണ’യെന്നാണ്.

കാട് വെട്ടിത്തെളിക്കാൻ എത്തിയ ബ്രിട്ടിഷ് കൊളോണിയൽ അധികാരികൾക്കു മുന്നിൽ ബിഷ്ണോയി വംശക്കാർ മരങ്ങളെ കെട്ടിപ്പുണർന്നുനിന്നു രക്തസാക്ഷിത്വം വരിച്ചതു ചരിത്രത്തിലുണ്ടായിരുന്നു. ആ ചരിത്രത്തിൽ നിന്ന് ഒരു ചീന്ത് എടുക്കുകയായിരുന്നു ചിപ്കോയുടെ മുന്നണിപ്പോരാളികൾ. ചണ്ഡീപ്രസാദ് ഭട്ടും സുന്ദർലാൽ ബഹുഗുണയും ഗൗരാദേവിയുമെല്ലാം ഒരുമയോടെ ഉണർന്നു നിന്നപ്പോൾ അത് സമ്മർദ്ദങ്ങളിൽ കുലുങ്ങാത്ത ഉറപ്പുള്ള പാരിസ്ഥിതിക ജാഗ്രതയായി. 

1973ൽ ഒരു കമ്പനിക്ക് മരങ്ങൾ മുറിക്കാനായി വനംവകുപ്പ് അനുമതി നൽകി. മരങ്ങൾ മുറിക്കാൻ അറക്കവാളുമായി കമ്പനി പ്രതിനിധികൾ വന്നു. മുറിക്കേണ്ട മരങ്ങളെ കെട്ടിപ്പുണർന്നു നിന്നു, മണ്ഡൽ ഗ്രാമത്തിലെ സ്ത്രീകൾ. ആ ഗാന്ധിയൻ സമരമുറയ്ക്കു മുന്നിൽ പകച്ച് കമ്പനിക്കു പിൻവാങ്ങേണ്ടി വന്നു. ചിപ്കോ എന്ന ഹിന്ദി വാക്കിനു പകരം ആദ്യം ഉപയോഗിച്ചതു പുണരുക എന്നർഥം വരുന്ന അൻഗൽവൽത്തയെന്ന ഗർവാളി വാക്കായിരുന്നു. പിൽക്കാലത്ത് ‘ഡൗൺ ടു എർത്ത്’ എന്ന പാരിസ്ഥിതിക പ്രസിദ്ധീകരണം തുടങ്ങിയ പരിസ്ഥിതി പ്രവർത്തകൻ അവിടെയെത്തി ദീർഘമായി അതേക്കുറിച്ച് വിദേശപ്രസിദ്ധീകരണങ്ങളിൽ അടക്കം എഴുതി. അതോടെ പഴകിത്തേയാത്ത ആ സമരമുറ  ലോകശ്രദ്ധ ആകർഷിച്ചു. എണ്ണം പറഞ്ഞ പ്രസിദ്ധീകരണങ്ങൾ ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് എഴുതാൻ ലേഖകരെ വിട്ടു. അതിൽ ചിലർ പിൽക്കാലത്ത് അതിന്റെ ശക്തരായ വക്താക്കളായി മാറി. അങ്ങനെ റിപ്പോർട്ട് ചെയ്യാനെത്തിയ  തോമസ് വെബർ പിൽക്കാലത്ത് Hugging the Trees എന്ന പേരിൽ ചിപ്കോ  സമരചരിത്രം എഴുതി. 

ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് ‘ദ് അൺക്വയറ്റ് വുഡ്സ്’ എന്ന പുസ്തകം എഴുതിയ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ഇങ്ങനെ എഴുതി: ‘ചിപ്കോ പിറന്നത് അളകനന്ദയുടെ താഴ്‌വരയിലാണ്. അതിന്റെ വയറ്റാട്ടിമാർ ഭട്ടും ദശൗലി സ്വരാജ്യ സേവാ സംഘത്തിലെ സഹപ്രവർത്തകരും. അതു പിന്നീടു കിഴക്കോട്ടു നീങ്ങി, കുമയോണിലേക്ക്. അവിടെ പ്രതിഷേധങ്ങൾ ഏകോപിപ്പിച്ചത് ഉത്തരാഖണ്ഡ് സംഘർഷ് വാഹിനിയിലെ ഇടതുപക്ഷ വിദ്യാർഥികൾ. അതുപോലെ പടിഞ്ഞാറ് ഭഗീരഥിയുടെ താഴ്‌വരയിലേക്കും നീങ്ങി. സുന്ദർലാൽ ബഹുഗുണയും സഹപ്രവർത്തകരും അവിടെ പ്രസ്ഥാനത്തിനു നേതൃത്വം നൽകി’. 

ഭട്ട് ഹിമാലയൻ താഴ്‌വരയിൽ തന്നെ തുടർന്നപ്പോൾ സുന്ദർലാൽ പാരിസ്ഥിതിക ജാഗ്രതയുടെ സന്ദേശവുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു. ധരിച്ചിരുന്ന ഖാദിയുടെ ആ പവിത്ര വസ്ത്രം പോലെ കളങ്കലേശമില്ലാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ഇല്ലായ്മകളിൽ ദുഃഖിക്കുക പോയിട്ട് അതേക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്ത, ചെറുതുകളുടെ സൗന്ദര്യത്തിൽ വിശ്വസിച്ച ഒരാൾ. ഗംഗാ നദി ഏറ്റുവാങ്ങുമോ, അതോ ഹിമാലയം ചേർത്തുപിടിക്കുമോ, ഭഗീരഥപ്രയത്നം കഴിഞ്ഞു മടങ്ങുന്ന മകനെ?

English Summary: Sunderlal Bahuguna, The Man Who Shaped Chipko Green Movement