അദ്ഭുതങ്ങളുടെ കലവറയാണ് കടൽ. ആ ആഴങ്ങളിൽ പൂർണമായി എത്തിപ്പെടാൻ ഇനിയും ശാസ്ത്രലേ‍ാകത്തിനായിട്ടില്ല. വെള്ളവും നീരാവിയും മഴയും ഒ‍ാക്സിജനുമെല്ലാമായി സർവവ്യാപിയാണു കടൽ. ഏറ്റവും കൂടുതൽ ഒ‍ാക്സിജൻ ഉൽപാദിപ്പിക്കുന്നതും ഇവിടെ നിന്നാണ്. ‘കടലില്ലാത്തതിനാൽ ബാധിക്കില്ലല്ലോ’ എന്നുപറയാൻ ഒരിടത്തും ആർക്കും സാധിക്കില്ല. ഇടുക്കിയും പാലക്കാടും വയനാടുമടക്കം സമുദ്രസാന്നിധ്യമില്ലാത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരെയും കടൽ സ്വാധീനിച്ചുകെ‍ാണ്ടേയിരിക്കുന്നു. കരയിലെ ചൂടിന്റെ 90 ശതമാനവും വലിച്ചെടുക്കുന്നതു കടലാണ്. മഴയുടെയും കാറ്റിന്റെയും ദിശ നിയന്ത്രിക്കുന്നതും അതാണ്.

പശ്ചിമഘട്ടത്തിലെ കാലാവസ്ഥയും കടലിലെ മാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. കടൽച്ചൂടിന്റെ ഏറ്റക്കുറച്ചിലുകൾ മഴയുടെ ഏറ്റക്കുറച്ചിലുകളെയും ബാധിക്കും. വലിയ മാറ്റങ്ങൾ ശക്തവും അതിശക്തവും തീവ്രവും അതിതീവ്രവുമായ മഴയായി ഭൂമിയിൽ അപകടങ്ങൾ ഉണ്ടാക്കുമ്പേ‍ാൾ മാത്രമാണ്, തീരത്തെ‍ാഴികെയുളളവർ കടലിനെക്കുറിച്ച് പറയുന്നതും ഓർമിക്കുന്നതും ചർച്ചചെയ്യുന്നതും. ഒടുവിൽ അതു തീരത്തു കല്ലിടുന്നതിൽ അവസാനിക്കുന്നതാണ് ഇതുവരെയുളള രീതി. കുറച്ചുകാലമായി അറബിക്കടൽ ചൂടിലാണെന്നുമാത്രമല്ല, അതു ചുഴലികളുടെയും ന്യൂനമർദ്ദങ്ങളുടെയും മേഖലയായി മാറുന്നു എന്നാണ് ശാസ്ത്രജ്ഞരുടെയും കലാവസ്ഥഗവേഷകരുടെയും പഠനം വ്യക്തമാക്കുന്നത്.

ഡോ.റോക്സി മാത്യു കോൾ

കടലിനെക്കുറിച്ച്, അതിന്റെ പരപ്പിനെയും, ആഴത്തെയും കുറിച്ച്, കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകളെക്കുറിച്ച് പുണെ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് ട്രേ‍ാപ്പിക്കൽ മെറ്റീരിയോളജിക്കു (ഐഐടിഎം) കീഴിലുള്ള കലാവസ്ഥാമാറ്റ ഗവേഷണകേന്ദ്രത്തിലെ ശ്രദ്ധേയനായ ശാസ്ത്രജ്ഞൻ റേ‍ാക്സി മാത്യു കേ‍ാൾ ‘മനേ‍ാരമ ഒ‍ാൺലൈനുമായി’ സംസാരിക്കുന്നു. ഭൗമമന്ത്രാലയവും ക്ലൈമറ്റ് ചേഞ്ച് റിസർച് സെന്ററും ചേർന്ന് പുറത്തിറക്കിയ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച രാജ്യത്തെ ആദ്യ റിപ്പേ‍ാർട്ട് തയാറാക്കുന്നതിൽ പങ്കാളിയായ റേ‍ാക്സി കേ‍ാട്ടയം ഭരണങ്ങാനം സ്വദേശിയാണ്.

അറബിക്കടൽ വല്ലാതെ ചൂടായിരിക്കുന്നു, ചുഴികളും ന്യൂനമർദ്ദങ്ങങ്ങളുംകൂടി വർധിക്കുമ്പേ‍ാൾ കേരളത്തിന്റെ സാഹചര്യം?

കുറച്ചുകാലം മുൻപുവരെ അറബിക്കടലിൽനിന്നു കാര്യമായ ചൂട് ഉയർന്നിരുന്നില്ല. എന്നാൽ ഇപ്പേ‍ാഴത് ബംഗാൾ ഉൾക്കടലിനേ‍ാളം വരുന്നുണ്ട്. ആഗേ‍ാള താപനത്തിന്റെ ഭാഗമായുണ്ടാകുന്ന ചൂടിന്റെ നാലിലെ‍ാന്ന് ആഗിരണം ചെയ്യുന്ന ഇന്ത്യമഹാസമുദ്രത്തിന്റെ വടക്കാണ് അറബിക്കടൽ. അതിൽ ചുഴലികളുടെ എണ്ണവും ശക്തിയും കാലയളവും മൂന്നുമടങ്ങു വരെ വർധിച്ചു. അതിനു കാരണങ്ങൾ പലതുണ്ട്. ചൂടും നീരാവിയും വർധിക്കുകയും നിലനിൽക്കുകയും ചെയ്യുമ്പേ‍ാൾ ചുഴലിയും ന്യൂനമർദങ്ങളും  രൂപംകൊണ്ടുകൊണ്ടേയിരിക്കും. ‘ഇന്ത്യൻ’ ആയ ചുഴലികൾ ഉണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. പെ‍ാതുവേ അറബിക്കടലിൽനിന്നുളള ചുഴലികൾ നേ‍ാർത്ത് വെസ്റ്റ്, അല്ലെങ്കിൽ ഗുജറാത്ത് ഭാഗത്തേക്കാണ് പേ‍ാകാറുള്ളത്. കാറ്റിന്റെ ദിശയെ ആശ്രയിച്ചാണു ഗതി. അതേക്കുറിച്ചെ‍ാന്നും ഇപ്പേ‍ാൾ സൂചിപ്പിക്കാനാകില്ല. കേരളത്തിനെയും അതെ‍ാക്കെ കാര്യമായി ബാധിച്ചേക്കുമെന്നേ പറയാനാകൂ. 

ചുഴലികൾ തീവ്രമായി കരതെ‍ാട്ടിട്ടും അതിന്റെ പ്രത്യാഘാതം നീണ്ടുനിൽക്കുന്നു?

ശരിയാണ്, ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ കരയിൽ തെ‍ാട്ടിട്ടും ദിവസങ്ങളേ‍ാളം അതിന്റെ പ്രത്യാഘാതം ജനം അനുഭവിക്കേണ്ടിവന്നു. കുറഞ്ഞസമയംകെ‍ാണ്ട് ചുഴലി അവതീവ്രമാകുന്ന കാര്യവും ശ്രദ്ധിക്കണം. മുൻപത്തേക്കാളും കുറഞ്ഞ മണിക്കൂറുകൾക്കുളളിലാണ് അവയുടെ രീതിയും സ്വഭാവവും മാറുന്നത്. വരും വർഷങ്ങളിൽ അതിതീവ്രമഴയുടെ എണ്ണം വർധിക്കാതിരിക്കാൻ തരമില്ല. ചുഴലികളുടെ ശക്തിയും വേഗവും നിരീക്ഷണത്തിനും വിലയിരുത്തലുകൾക്കും അപ്പുറം കടക്കുന്നുണ്ട്.

ആഗേ‍ാളതാപനവവും അറബിക്കടൽ മാറ്റവും മഴയുടെ സ്വഭാവവും രൂപത്തിലുമുണ്ടാകുന്ന വ്യത്യാസം?

വർഷങ്ങളായി കടുത്തചൂടും കനത്തമഴയും എന്നരീതി പലയിടത്തും ഉണ്ടാകുന്നു. നീണ്ട വരണ്ട ദിനങ്ങളും കുറഞ്ഞദിവസം പെയ്യുന്ന അതിതീവ്രമഴകളും എന്ന ഭീഷണി നിലനിൽക്കുന്നു. മുൻപ് ഒരു നിശ്ചിതകാലം മഴക്കാലം, പിന്നെ തുലാമഴ, വേനൽ, വേനൽമഴ, ഇടവപ്പാതി എന്നിങ്ങനെയായിരുന്നു നമ്മുടെ കണക്കുകൂട്ടൽ. എന്നാൽ കുറച്ചുവർഷങ്ങളായി മഴദിനങ്ങൾ കുറയുകയും മഴയുടെ അളവ് കൂടുകയും ചെയ്യുന്നു. ശരാശരി 20 ഡിഗ്രി ചെരിഞ്ഞ കേരളത്തിന്റെ ഭൂപ്രദേശത്ത് ഈ മാറ്റം ബാധിക്കാതിരിക്കില്ലല്ലേ‍ാ? ഇതെ‍ാന്നും പെട്ടെന്നു സംഭവിച്ചതല്ല. കടലിന്റെയും കരയുടെയും താപനിലയിലും കാര്യമായ മാറ്റം വരുന്നുണ്ട്. 50 വർഷമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് വർധിച്ചുകെ‍ാണ്ടിരിക്കുന്നു. അതേസമയം, മൺസൂൺകാറ്റിന്റെ ശക്തികുറയുന്ന സ്ഥിതിയുമുണ്ട്.

വരൾച്ചയും വെള്ളപ്പൊക്കവും വർധിക്കാനുളള സാധ്യത എത്രത്തേ‍ാളമാണ്?

പശ്ചിമഘട്ടത്തിലും മറ്റുചില സംസ്ഥാനങ്ങളിലും അതിതീവ്രമഴ മൂന്നിരട്ടിയായിട്ടുണ്ട്. അതിന്റെ അർഥം വരൾച്ചയും വെള്ളപ്പൊക്കവും കൂടിവരാനുള്ള സാധ്യത വർധിച്ചുവരുന്നു എന്നുതന്നെയാണ്. പരമ്പരാഗത കണക്കനുസരിച്ച് ജൂൺ മുതൽ സെപ്റ്റംബർവരെയാണ് നമുക്ക് പ്രധാനമായും മഴകിട്ടുന്നത്. ഈ കാലയളവിൽ കിട്ടേണ്ട മഴ ചുരുങ്ങിയ ദിവസത്തിൽ പെയ്യുന്ന പ്രതിഭാസം ശക്തമായി. 1950 മുതൽ 2015 വരെയുള്ള കണക്കനുസരിച്ച് മഴയിൽ 20% വരെ കുറവുണ്ടായി. പ്രദേശങ്ങളനുസരിച്ച് ഇതിൽ ചെറിയ മാറ്റമുണ്ടാകാം.

കടലിന്റെ അകവും പുറവും മാറുമ്പേ‍ാൾ കരയുടെ സ്ഥിതി?

നമ്മുടെ തീരപ്രദേശത്തിൽ മുക്കാൽഭാഗത്തും ചുഴലിയുടെയും സുനാമിയുടെയും പ്രത്യാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു പറയുമ്പേ‍ാൾ തീരത്തല്ലേ എന്നു ലാഘവത്തേ‍ാടെ കാണാൻ പറ്റില്ല. കാരണം രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലെ‍ാന്നും ജീവിക്കുന്നത് ഈ പ്രദേശങ്ങളിലാണ്. കേരളമാണെങ്കിൽ അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ വീതികുറഞ്ഞു ചെരിഞ്ഞുകിടക്കുന്ന ഭൂപ്രദേശമായതിനാൽ അപകടസാധ്യത കൂടുതലാണ്. തീരത്തു ജനസാന്ദ്രതയും കൂടുതലുണ്ട്. 

കടലാക്രമണം തടയാൻ ഇപ്പേ‍ാൾ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമല്ല. കൽഭിത്തികെ‍ാണ്ട് അതിശക്തമായ തിരമാലകളെ തടയാൻ  കഴിയില്ല. പരിസ്ഥിതി സൗഹൃദമായ സംവിധാനങ്ങളിലും അടിയന്തരമായി പരിഗണിക്കണം. എല്ലായിടത്തെയും വിഷയം ഒരുപേ‍ാലെയല്ല കാണേണ്ടത്. ഓരോ പ്രദേശത്തും ഒരേ‍ാ പ്രശ്നങ്ങളുണ്ട്. തീരത്തെ മണലിനു പേ‍ാലുമുണ്ട് വൈവിധ്യം. ഒരേ‍ാ മണൽതിട്ടയ്ക്കും കൃത്യമായ ധർമമുണ്ടെങ്കിലും നമുക്ക് എല്ലാം കടൽമണൽ മാത്രമാണ്. തിരയുടെ ശക്തി കുറയ്ക്കാൻ ഈ തിട്ടകൾക്കു കഴിയുമെന്ന അടിസ്ഥാന അറിവു നമുക്കു വേണം. തീരത്തെ പ്രശ്നങ്ങൾ ഗൗരവമായി കണ്ട്, ദീർഘകാല നടപടികൾക്കാണു ശ്രമിക്കേണ്ടത്.

പ്രളയങ്ങളും ഉരുൾപ്പെ‍ാട്ടലുകളും നേരിട്ട കേരളം ദുരന്തനിവാരണത്തിൽ ശ്രദ്ധിക്കേണ്ടത്?

ഇത്തരം ദുരന്തങ്ങൾ മിക്കതും മുൻകൂട്ടി തടയാനാകും. എന്നാൽ അവയുടെ സാധ്യത വർധിപ്പിക്കുന്ന രീതിയിലുളള ഇടപെടലുകളാണ് നമ്മൾ ആദ്യം ഇല്ലാതാക്കേണ്ടത്. അതല്ലാതെയുള്ള ഏതു നീക്കവും ഫലപ്രദമാകില്ല. പലതും ദുരന്തത്തിന് മുൻപ് ചെയ്യേണ്ടതാണ്. അതാണു ദുരന്തനിവാരണ മാനേജ്മെന്റ് രീതി. അങ്ങനെ നഷ്ടങ്ങൾ കുറയ്ക്കാൻ കഴിയും. പലതും കണക്കുകൂട്ടി തയാറായിരിക്കണം. അതിന് അടിസ്ഥാനമായി ഡേറ്റകളാണ് ആവശ്യം. പ്രദേശികതലത്തിലുള്ള ഡേറ്റകളാണ് കലാവസ്ഥ വ്യതിയാനത്തിന്റെ ഈ സമയത്ത് കൂടുതൽ വേണ്ടത്. കാലാവസ്ഥ മാറ്റം ഒരേ‍ാ ദേശത്തെയും വ്യത്യസ്തമായാണു ബാധിക്കുകയെന്ന് ആദ്യം മനസിലാക്കണം. കാറ്റും മഴയും കടലാക്രമണവും ഉരുൾപെ‍ാട്ടലുംകെ‍‍ാണ്ട് ആൾനാശമടക്കം വൻദുരന്തങ്ങൾ ഉണ്ടാകുമ്പേ‍ാൾ, കാലാവസ്ഥ വ്യതിയാനത്തെ പഴിച്ച് രക്ഷപ്പെടാനാണ് പലപ്പേ‍ാഴുമുള്ള പ്രവണത.

English Summary: How Climate Change Affects Arabian Sea and Indian/Kerala Weather?