ഇന്ന് ഭൂമിയിലുള്ള എല്ലാ തടാകങ്ങളിലെയും ജലത്തിന്‍റെ അളവ് കണക്കാക്കിയാലും അവയുടെ ആകെ തുകയുടെ പത്തിരട്ടി ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു തടാകം, അതായാരുന്നു പരാറ്റെതിസ്. ആ സാഹചര്യത്തില്‍ പര്‍തറൈറ്റിസ് തടാകത്തിന്‍റെ വലിപ്പം എന്തായിരിക്കുമെന്ന് ചിന്തിക്കുക പോലും അല്‍പം പ്രയാസമായിരിക്കും. ഇന്നത്തെ മെഡിറ്ററേനിയന്‍ സമുദ്രത്തേക്കാള്‍ വിസ്തൃതിയുണ്ടായിരുന്നു അന്ന് പരാറ്റെതിസ് തടാകത്തിന്. ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തടാകവും പരാറ്റെതിസ് തന്നെയാണ്. ഇന്നത്തെ മാപ്പിനെ അടിസ്ഥാനമാക്കി പറഞ്ഞാല്‍ വടക്ക് പടിഞ്ഞാറ് ഇറ്റലിയെ അല്‍പ്സ് മുതല്‍ തെക്ക് കിഴക്ക് കസക്കിസ്ഥാന്‍ വരെ പരന്നു കിടക്കുന്നതായിരുന്നു ഈ തടാകം.

ഇതുവരെ ഇത്തരം ഒരു തടാകം നിലനിന്നിരുന്നു എന്ന ഒരു ധാരണ മാത്രമായിരുന്നു ഗവേഷകര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ പഠനത്തിലൂടെ ഈ തടാകത്തിന് എന്ത് സംഭവിച്ചുവെന്നും, എങ്ങനെ തടാകം വറ്റിപ്പോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. നാല് ഘട്ടങ്ങളിലായി സംഭവിച്ച കാലാവസ്ഥാ മാറ്റങ്ങളാണ് ഈ തടാകത്തിലെ ജലസ്രോതസ്സ് വറ്റിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. കാറ്റാക്ലിസ്മക് എന്നു വിളിക്കുന്ന നാല് അതിരൂക്ഷമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ തടാകത്തിലെ വെള്ളം പൂര്‍ണമായി വറ്റിപ്പോകുന്നതിനു കാരണമാകുകയായിരുന്നു. സ്വാഭാവികമായും ഈ തടാകം വറ്റിപ്പോയതിനോടൊപ്പം ആ തടാകത്തില്‍ ജീവിച്ചിരുന്ന ഒട്ടനവധി ജീവിവംശങ്ങളും ഭൂമിയില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായി. 

തിമിംഗലങ്ങള്‍ നീന്തിത്തുടിച്ചിരുന്ന തടാകം

പരാറ്റെതിസ് തടാകത്തിലെ ജൈവവൈവിധ്യം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. സൂക്ഷ്മജീവികളും, ചെറുമത്സ്യങ്ങളും മുതല്‍ ഡോള്‍ഫിനുകളും ചെറു തിമിംഗലങ്ങളും വരെ ഈ തടാകത്തില്‍ ജീവിച്ചിരുന്നു. എന്നാല്‍ തടാകത്തിന്‍റെ വലിയൊരു ഭാഗം വറ്റിപ്പോവുകയും, മറ്റിടങ്ങളില്‍ ശുദ്ധജലത്തെ വകഞ്ഞുമാറ്റി ഉപ്പ് വെള്ളം കയറുകയും ചെയ്തതോട ഈ ജൈവവൈവിധ്യം ഭീഷണിയിലായി. ഒടുവില്‍ വളരെ കുറച്ച് ജീവികളൊഴിച്ച് മറ്റെല്ലാത്തിനും വംശനാശം സംഭവിക്കുകയും ചെയ്തു. 

മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്തിരുന്നു ഈ താടകം വറ്റിയതോടെ അക്കാലത്ത് അത് ലോകാവസാനത്തിന് തുല്യമായ അവസ്ഥയാകും സൃഷ്ടിച്ചിട്ടുണ്ടാകുകയെന്ന് ഗവേഷകര്‍ പറയുന്നു. ജലം വറ്റി ചത്തടിഞ്ഞ ജല ജീവികളുടെ അസ്ഥികൂടങ്ങളാല്‍ നിറഞ്ഞ വരണ്ട പ്രദേശമായി മാത്രമേ ഈ താടകത്തിന്‍റെ അവസാനത്തോടെ അതിനെ സങ്കല്‍പ്പിക്കാന്‍ സാധിക്കൂ. മാഡ് മാക്സ് ചിത്രങ്ങളിലെ വരണ്ട ഭൂമികയോടാണ് ഗവേഷകര്‍ ഈ തടാകത്തിന്‍റെ അവസാന നാളുകളെ താരതമ്യപ്പെടുത്തുന്നത്.

ബള്‍ഗേറിയയിലെ ബ്ലാക്ക് സീ മേഖലയാണ് പരാറ്റെതിസ് തടാകത്തിന്‍റെ മധ്യമേഖലയായി ഗവേഷകര്‍ കണക്കാക്കുന്നത്. ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണും ജീവികളുടെ ശേഷിപ്പുകളും വച്ചാണ് ഗവേഷകര്‍ ഈ പുരാതന തടാകത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നത്. ഈ പഠനങ്ങളില്‍ നിന്നാണ് ഈ തടാകത്തിന്‍റെ കാലഘട്ടത്തില്‍ ആ മേഖലയിലുണ്ടായ അതിരൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് ഗവേഷകര്‍ തിരിച്ചറിഞ്ഞതും. നാല് ഘട്ടമായാണ് ഈ മേഖലയില്‍ ക്രമേണ തടാകം വറ്റി വരണ്ടതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഏതാണ്ട് 8 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ തടാകത്തിന്‍റെ അവസാന ഘട്ട നാശം സംഭവിച്ചത്. ദി ഗ്രേറ്റ് കെര്‍സോനിയന്‍ ഡ്രൈയിങ്ങ് അഥവാ കെര്‍സോനിയന്‍ വരള്‍ച്ച എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിക്കുന്നത്. ഈ കാലഘട്ടത്തില്‍ പരാറ്റെതിസ് തടാകത്തിലെ ജലനിരപ്പ് 250 മീറ്ററോളം താഴ്ന്നു എന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

സമുദ്രത്തേക്കാള്‍ വലിയ തടാകം

ഇതോടെ പരാറ്റെതിസ് അതുവരെയുണ്ടായിരുന്ന വിസ്തൃതിയുടെ 70 ശതമാനത്തോളം നഷ്ടപ്പെട്ട് ജലത്തിന്‍റെ അളവ് മൂന്നിലൊന്നായി ചുരുങ്ങി പരിക്ഷീണമായി തീര്‍ന്നുവെന്നും ഗവേഷകര്‍ വിവരിക്കുന്നു. ഈ താടകം അതിന്‍റെ പാരമ്യത്തില്‍ നില്‍ക്കുന്ന കാലഘട്ടത്തില്‍ അതിന്‍റെ വിസ്തൃതി ഏതാണ്ട് 28 ലക്ഷം ലക്ഷം ചതുരശ്രകിലോമീറ്റര്‍ ആയിരുന്നു. തുടക്കത്തില്‍ പറഞ്ഞതുപോലെ ഇന്ന് ഭൂമിയിലുള്ള എല്ലാ തടാകങ്ങളുടെയും ജലത്തിന്‍റെ പത്തിരട്ടി ഉള്‍ക്കൊണ്ടിരുന്ന മെഡിറ്ററേനിയനേക്കാള്‍ വലുപ്പമുള്ള തടാകമായിരുന്നു പരാറ്റെതിസ്.

ഭൗമപാളികളുടെ ചലനവും, മധ്യയൂറോപ്പിലെ പര്‍വതങ്ങളുടെ ഉദ്ഭവവും സൃഷ്ടിച്ച മാറ്റങ്ങളിലൂടെയാണ് ഈ തടാകം ഉടലെടുത്തത്. ഏതാണ്ട് 50 ലക്ഷം വര്‍ഷത്തോളം ഈ താടകം സജീവമായി നിലനിന്നിരുന്നു എന്നാണ് ഗവേഷകര്‍ കരുതുന്നത്. അവാസനകാലഘട്ടത്തിലേക്കെത്തുമ്പോഴും ഭൂമിയുടെ ഘടനയിലുണ്ടായ മാറ്റങ്ങളാണ് ഈ താടകത്തിന്‍റെ നാശത്തിന് കാരണമായതും. തടാകത്തിലെ വലിയൊരു അളവ് ജലം മെഡിറ്ററേനിയനിലേക്ക് ഒഴുകി പോവുകയും ശേഷിച്ചവ വറ്റിപ്പോവുകയുമാണ് ചെയ്തതെന്നും ഗവേഷകര്‍ വിശദീരിക്കുന്നു. 

English Summary: Ancient 'Megalake': The Largest Lake Ever Held 10 Times The Water of All Lakes Today