വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിൽ പ്രളയശേഷം തായ് തടിയിൽ പോലും ഇക്കുറി ചക്ക ഇല്ലാത്ത അവസ്ഥയാണ്. കാലം തെറ്റി ആണെങ്കിലും മാവുകൾ എല്ലാം തന്നെ പൂത്തുലഞ്ഞുനിൽക്കുന്നു. എന്നാൽ കായ്ഫലത്തിന്റെ കാര്യത്തിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മുൻകാലങ്ങളിൽ നവംബർ അവസാനമോ ഡിസംബർ ആദ്യ വാരത്തിലോ പ്ലാവുകൾ കായ്ക്കേണ്ടതാണ്.

എന്നാൽ ഇക്കുറി ചക്ക ഒരു പ്ലാവിലും കാര്യമായി ചക്ക ഉണ്ടായിട്ടില്ല. ചൂടു കൂടുന്ന അവസരത്തിൽ ആണ് ഫലവൃക്ഷങ്ങൾ കായ്ക്കുന്നത്. പ്രളയജലം കെട്ടിക്കിടന്ന് ഭൂമിക്കടിയിൽ ഉണ്ടായ തണുപ്പു മൂലം സമയത്ത് കായ്ച്ചില്ല. ഇപ്പോൾ ചൂട് വർധിച്ചതോടെ ചെടികൾ പുഷ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. കാലാവസ്ഥയിൽ ഉണ്ടായ മാറ്റം എല്ലാത്തരത്തിലും ബാധിച്ചതായി കുമരകം കാർഷിക ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് ഡോ. അനു ജി.കൃഷ്ണൻ പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ വളക്കൂറുള്ള മേൽമണ്ണ് ഒലിച്ചു പോയതും അമ്ലാംശം കൂടിയതും കായ് ഫലങ്ങൾക്ക് ഗുണകുറവ് അനുഭവപ്പെടും എന്നാണ് അനുവിന്റെ അഭിപ്രായം.  മാവുകൾ രണ്ടു മാസം മുൻപ് പൂക്കേണ്ടതാണ്. ചൂടു കുറവായതിനാൽ പൂക്കാതെ ഇരിക്കുകയായിരുന്നു. ചൂടു കൂടിയതോടെ ഇലയില്ലാതെ പൂത്തു എന്നാൽ ഉരുകി പോകാനുള്ള സാധ്യത ഏറെയാണ്.ചെടികൾക്ക് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ 3 വർഷം എങ്കിലും തുടരും. ക്രമേണ പൂർവ സ്ഥിതിയിലാകും എന്നാണ് കാർഷിക വിജ്ഞാന കേന്ദ്രം അധികൃതർ പറയുന്നത്.